ജലസാക്ഷരതയുടെ അനിവാര്യത

എല്ലാവർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിച്ചുവരുന്നുണ്ട്. ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണമാണ് ജലദിനാചരണത്തിന്റെ മുഖ്യ ഉദ്ദേശ്യം. ജലദിനാചരണം കൊണ്ട് മാത്രമായില്ല. ജലസംരക്ഷണത്തിനുള്ള പദ്ധതികൾ കർശനമായി നടപ്പാക്കുകയും വേണം

ജലസാക്ഷരതയുടെ അനിവാര്യത

'മുംബൈ: വീടിന്റെ ടെറസ്സിൽ സൂക്ഷിച്ചുവെച്ച കുടിവെള്ളം മോഷണം പോയതായി പരാതി. മഹാരാഷ്ട്രയിൽ വരൾച്ചയുടെ പിടിയിലായ നാസിക് ജില്ലയിൽ പെട്ട മൻമാദ് നഗരത്തിലെ ശ്രാവസ്തി നഗറിൽ താമസിക്കുന്ന വിലാസ് അഹിരെയാണ് പരാതിക്കാരൻ. ജലക്ഷാമം മുൻകൂട്ടികണ്ട് 500 ലിറ്റർ ശുദ്ധജലം ഒരു ടാങ്കിൽ വീടിന്റെ ടെറസ്സിൽ സൂക്ഷിച്ചുവെച്ചതായിരുന്നു. കഴിഞ്ഞ ദിവസം നോക്കിയപ്പോൾ ശുദ്ധജലത്തിൽ കുറവുള്ളതായി മനസ്സിലായി. 250 ലിറ്ററോളം ആരോ മോഷ്ടിച്ചിരിക്കുന്നു. അസാധാരണമായ പരാതി ലഭിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. ഏത് വകുപ്പനുസരിച്ച് കേസ്സ് ചാർജ് ചെയ്യുമെന്നതായിരുന്നു പൊലീസിനെ കുഴക്കിയത്. ഏതായാലും വിലാസ് അഹിരെയുടെ പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജലമോഷണം ദൗർഭാഗ്യകരമായ സംഭവമാണെന്നും ഇക്കാര്യത്തിൽ അനുയോജ്യ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ ഗുസർ പറഞ്ഞു.'

പി.ടി.ഐ വാർത്ത ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതാണ് ഈ സംഭവം. കുടിനീർ പോലും മോഷ്ടിക്കപ്പെടുന്ന അവസ്ഥയിൽ കാലമെത്തിയിരിക്കുന്നു! പലഗ്രാമങ്ങളിലും ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. ജലസാക്ഷരതയുടെ അനിവാര്യതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് എടുത്തുപറയുന്നതാണ് വർത്തമാനകാല സാഹചര്യങ്ങൾ.

ലോകത്ത് ജലയുദ്ധം ഉണ്ടാവാനുള്ള സാദ്ധ്യത ആശങ്കയുയർത്തുന്നതാണെന്ന് യൂറോപ്യൻ കമ്മിഷൻ സംയുക്ത ഗവേഷണ കേന്ദ്രം (ജെ.ആർ.സി) പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നുണ്ട്. നൈൽ, ഗംഗ-ബ്രഹ്മപുത്ര, സിന്ധു, യുഫ്രട്ടീസ്, ടൈഗ്രീസ്, കൊളോറാഡോ എന്നീ നദികളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് ജലയുദ്ധത്തിന് അത്യധികം സാദ്ധ്യത. കാലാവസ്ഥാ വ്യതിയാനവും ജനപെരുപ്പവുമാണ് ജലസംഘർഷത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ. കാലാവസ്ഥ വ്യതിയാനം ജലകമ്മിക്കിടയാക്കുന്നു. അടുത്ത 50-100 വർഷത്തിനിടെ ജലയുദ്ധത്തിന് 95 ശതമാനം സാദ്ധ്യതയാണ് ജലശാസ്ത്രജ്ഞന്മാർ കല്പിക്കുന്നത്.

ഇന്ത്യ രൂക്ഷമായ ജലക്ഷാമം നേരിടുകയാണെന്ന് നിതി ആയോഗിന്റെ ജലവിഭവ വിനിയോഗ റിപ്പോർട്ട് (വാട്ടർ റിസോഴ്‌സസ് മാനേജ്‌മെന്റ് റിപ്പോർട്ട്-ഡബ്ലിയു.ആർ.എം.ആർ) മുന്നറിയിപ്പ് നല്കുന്നു. ഏകദേശം 60 കോടി ജനങ്ങൾക്ക് ജലം ആവശ്യാനുസരണം ലഭ്യമല്ല. ജലാശയങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ജലക്കമ്മിമൂലം സംഘർഷമടക്കമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഭൂഗർഭ ജലം ചൂഷണം ചെയ്യുന്നതിന് ഇവിടെ കാര്യമായ നിയന്ത്രണമില്ല. കേരളത്തിലെ പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിയുടെ ഭൂഗർഭ ജലകൊള്ള യാതൊരു പ്രതിബന്ധവുമില്ലാതെ തുടർന്നത് കേരളീയരുടെ മുമ്പിലുണ്ട്. പ്ലാച്ചിമടയിൽ കുടിവെള്ളക്ഷാമത്തിനിടയാക്കിയ ജലമൂറ്റൽ ഫാക്ടറി, ആദിവാസികളടക്കമുള്ള ജനങ്ങളുടെ നിരന്തര സമരത്തെ തുടർന്നാണ് കൊക്കകോള വേണ്ടെന്നു വെച്ചത്.

2030 ആകുമ്പോഴേക്കും ഇന്ത്യയിലെ 40 ശതമാനം ജനങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായിരിക്കുമെന്നു ഡബ്ലിയു. ആർ.എം.ആർ മുന്നറിയിപ്പ് നല്കുന്നു. 2020 ഓടെ ന്യൂഡൽഹി, ബംഗളൂരു, ചെന്നൈ അടക്കം 20 ഓളം നഗരങ്ങളിൽ ഭൂഗർഭ ജലം കുറയുമെന്നു റിപ്പോർട്ട് പറയുന്നു. 10 കോടി ജനങ്ങളെ ഇത് ബാധിക്കും. 44 നദികൾ, 20 ശുദ്ധജല തടാകങ്ങൾ ലക്ഷക്കണക്കിനു കിണറുകൾ, തോടുകൾ എന്നിങ്ങനെ ജലസംഭരണികളുടെ നാടാണ് കേരളം. എന്നാൽ ഇവയിൽ പലതും ദുരുപയോഗം ചെയ്യപ്പെടുകയാണ്, അല്ലെങ്കിൽ മലിനമാക്കപ്പെടുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ സവിശേഷതയായ ഈ ജലസ്രോതസ്സുകൾക്കൊണ്ടുള്ള ഗുണം ജനങ്ങൾക്ക് ലഭിക്കുന്നില്ല. മഴയിൽ നിന്ന് ലഭിക്കുന്ന ജലത്തിൽ 60 ശതമാനവും കടലിലേക്ക് ഒഴുകിപ്പോവുകയാണ്. ഇത് തടയാൻ പ്രകൃതിദത്ത തടയണകൾ സ്ഥാപിക്കണം. പുഴ മലിനീകരണത്തിനെതിരെ കർശനനടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. പരിധിവിട്ട മണൽ വാരൽ തടയണം. പുഴയിലെ നീരൊഴുക്കും തടസ്സമില്ലാതെയായിരിക്കണം.

മുൻകാലങ്ങളിൽ കേരളീയർ ജലസംരക്ഷണത്തിന് നീർക്കുഴി നിർമ്മാണം, തട്ട് തിരിക്കൽ, മണ്ണുകൊണ്ടുള്ള ബണ്ട് നിർമ്മാണം, ചകിരിവിരിക്കൽ തുടങ്ങിയ പരമ്പരാഗത മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു. ഇത്തരം പ്രവൃത്തികളൊന്നും ഇപ്പോൾ കാണാനേയില്ല. ഇവ പുനരാരംഭിക്കാവുന്നതേയുള്ളു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ 65 ശതമാനം മേഖലകളും ജലക്ഷാമത്തിന്റെ പിടിയിലത്രെ. കുന്നുകളും മലകളും ഇടിച്ചുനിരത്തി തണ്ണീർ തടങ്ങളും ജലാശയങ്ങളും മണ്ണിട്ട് നികത്തുന്നത് ഇതിനൊരു കാരണമാണ്. നെൽവയലുകൾ അനിയന്ത്രിതമായി നികത്തി അവിടെ കൂറ്റൻ കെട്ടിടങ്ങൾ ഉയരുകയാണ്. 1970 ൽ 8.75 ലക്ഷം ഹെക്ടർ നെല്പാടങ്ങളുണ്ടായിരുന്നതിൽ മുക്കാൽ ഭാഗവും നികത്തിക്കഴിഞ്ഞു. റിസോർട്ടുകളും ചെമ്മിൻ കെട്ടുകളും വ്യവസായമായി വളർന്നത് ജലമലിനീകരണത്തിന് ഇടനല്കുന്നുണ്ട്. വനം കൈയേറ്റം വർദ്ധിച്ചതോടെ വനമേഖല കുറഞ്ഞു. ഇത് മണ്ണൊലിപ്പ് വർദ്ധിക്കാൻ ഇടയാക്കി. കുടിവെള്ള ക്ഷാമഭീഷണി നേരിടുന്നതിന്റെ ഭാഗമായി മഴവെള്ള സംരക്ഷണത്തിന് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കണം. എല്ലാവർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിച്ചുവരുന്നുണ്ട്. ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണമാണ് ജലദിനാചരണത്തിന്റെ മുഖ്യ ഉദ്ദേശ്യം. ജലദിനാചരണം കൊണ്ട് മാത്രമായില്ല. ജലസംരക്ഷണത്തിനുള്ള പദ്ധതികൾ കർശനമായി നടപ്പാക്കുകയും വേണം.

Read More >>