സുന്ദരിയുടെ എഴുത്തും എഴുത്തിന്റെ സൗന്ദര്യവും

ആണായാലും പെണ്ണായാലും എഴുത്തിലെ സൗന്ദര്യം തന്നെയാണ് നല്ലൊരു വായനക്കാരന്റെ പരിഗണന

സുന്ദരിയുടെ എഴുത്തും എഴുത്തിന്റെ സൗന്ദര്യവും

പുതിയ കാലത്ത് എഴുത്തുകാരി സുന്ദരിയായാൽ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്ന സാഹിത്യകാരൻ എം. മുകുന്ദന്റെ പ്രസ്താവന സാംസ്‌ക്കാരിക ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. എഴുത്തുകാരായ സ്ത്രീകളും പുരുഷന്മാരും പ്രസ്താവനക്കെതിരെ രംഗത്തുണ്ട്.

സാഹിത്യേതര കാരണങ്ങൾ കൊണ്ടാണ് പുസ്തകങ്ങളിൽ പലതും ശ്രദ്ധ നേടുന്നതെന്നും നല്ല കൃതികൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പറഞ്ഞതിൽ ചില ശരികളുണ്ട്. പ്രസാധകർ തങ്ങളുടെ കൃതികൾ വിറ്റഴിക്കാനുള്ള കാരണങ്ങൾ തേടുന്നവരാണ്. ഒന്നുകിൽ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാവണം. അല്ലെങ്കിൽ അറിയപ്പെടാൻ സാദ്ധ്യതയുള്ള അംശങ്ങൾ കൃതിയിലുണ്ടാകണം. സാഹിത്യഭംഗി എന്നതിനേക്കാൾ പ്രമേയം, രൂപകല്പന, അവതരണം എന്നിങ്ങനെ പല കാരണങ്ങൾ പുസ്തകത്തെ ശ്രദ്ധേയമാക്കിയേക്കാം. വലിയ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ പുസ്തകത്തിന്റെ പേരിനേക്കാൾ വലുപ്പത്തിൽ എഴുത്തുകാരന്റെ പേരു വെച്ചേക്കാം. അതുമല്ലെങ്കിൽ എഴുത്തുകാരന്റെ മുഖചിത്രത്തോടെയായിരിക്കും പുസ്തകം ഇറങ്ങുന്നത്. എഴുത്തുകാരി സുന്ദരിയാണെങ്കിൽ അവരുടെ മുഖചിത്രം അച്ചടിച്ചും പുസ്തകങ്ങൾ ഇറങ്ങുന്നുണ്ട്. ഒരു ഉല്പന്നം കമ്പോളത്തിലെത്തിക്കുന്ന കച്ചവടക്കാരന്റെ ഉന്നം അത് വിറ്റഴിക്കലാണ്. അതുകൊണ്ടുതന്നെ ഇത്തരം മാർക്കറ്റിങ് തന്ത്രങ്ങളെ ആ അർത്ഥത്തിൽ സ്വീകരിച്ചാൽ മതിയാകും.

എം. മുകുന്ദന്റെ പ്രസ്താവന മറ്റൊരു അർത്ഥത്തിൽക്കൂടി വായിക്കപ്പെടുന്നുണ്ട്. വാസ്തവത്തിൽ അത് ആണുങ്ങളെ അപമാനിക്കുന്നതാണ് എന്ന് ശാരദക്കുട്ടിയെപ്പോലുള്ളവർ പറയുന്നു. വശീകരണക്കാരായ സ്ത്രീകളുടെ വലയിൽ വീണുപോകുന്ന പ്രസാധകരും വായനക്കാരുമായ എല്ലാ പുരുഷന്മാരെയുമാണ് മുകുന്ദൻ അപമാനിച്ചതെന്നാണ് മറുവായന. സൗന്ദര്യമുള്ള പല സ്ത്രീകളുടെയും മോശം സാഹിത്യത്തെ എം. മുകുന്ദൻ തന്നെ ലോകോത്തരമെന്ന് വാഴ്ത്തി വായനക്കാർക്ക് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറയുന്നു. സുന്ദരികൾ എഴുതുമ്പോഴേക്കും അത് കാശുകൊടുത്തു വാങ്ങാൻ പുരുഷന്മാർ തയ്യാറായി നിൽക്കുകയാണെന്ന ധ്വനി ഏതായാലും ശരിയാണെന്നു തോന്നുന്നില്ല. കച്ചവടക്കാരൻ എന്തൊക്കെ തന്ത്രങ്ങൾ സ്വീകരിച്ചാലും എഴുത്തിൽ സൗന്ദര്യമില്ലെങ്കിൽ ഏതു സാഹിത്യവും ക്ഷണികമാണ്.

മലയാളത്തിൽ എഴുത്തുകാരികൾ കുറവാണ്. ഏതു മേഖലയിലുമെന്ന പോലെ പുരുഷാധിപത്യ പ്രവണതകൾ മലയാള സാഹിത്യത്തിലുമുണ്ട്. സ്ത്രീകളെ സാഹിത്യത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്ന പത്രാധിപന്മാരും പ്രസാധകരുമുണ്ട്. സ്വന്തം ഭർത്താവിനെയോ കുടുംബത്തെയോ പേടിച്ച് ഒരു വരി എഴുതാൻ കഴിയാത്തവരുണ്ട്. അവർ എഴുതുന്ന പ്രണയവും രതിയുമെല്ലാം ഭാവനയല്ലെന്ന് പരിഹസിക്കുന്നവരുണ്ട്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് മലയാളത്തിൽ ഓരോ എഴുത്തുകാരിയും അവരുടെ ഇടം ഉറപ്പിക്കാൻ പാടുപെടുന്നത്.

സാഹിത്യം കൊണ്ട് മാത്രമല്ല മലയാളത്തിൽ പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്. പുസ്തകാസ്വാദനം ഏറെക്കുറെ വൈയക്തികമായതിനാൽ ഓരോരുത്തരും അവർക്ക് ആവശ്യമായത് തേടിപ്പിടിക്കുകയാണ്. നോവൽ വായിക്കാൻ ഇഷ്ടപ്പെടുന്നയാൾ ഒരുപക്ഷേ കവിതാ പുസ്തകം വാങ്ങണമെന്നില്ല. അതൊരു സുന്ദരി എഴുതിയതാണെങ്കിലും. സാഹിത്യലോകം ആഘോഷിച്ച പുസ്തകങ്ങളേക്കാൾ വിറ്റുപോയ സാഹിത്യകൃതികൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. സാഹിത്യമേന്മയേക്കാൾ അത് മറ്റുപല കാരണങ്ങളാൽ വായനക്കാരെ ആകർഷിച്ചിട്ടുണ്ടാകാം. ലളിതാംബിക അന്തർജ്ജനം, മാധവിക്കുട്ടി, സാറാ ജോസഫ്, പി. വത്സല, കെ.ആർ മീര തുടങ്ങിയ എഴുത്തുകാരികളെയെല്ലാം വായനക്കാർ സ്വീകരിച്ചത് അവരുടെ എഴുത്തിന്റെ സൗന്ദര്യത്തിലൂടെയാണ്. ആണായാലും പെണ്ണായാലും എഴുത്തിലെ സൗന്ദര്യം തന്നെയാണ് നല്ലൊരു വായനക്കാരന്റെ പരിഗണന. മുഖചിത്രം കണ്ട് പുസ്തകം വാങ്ങുന്നവർ ഉണ്ടെങ്കിൽ ആ പുസ്തകങ്ങൾ വായിക്കപ്പെടാനുള്ളത് ആകണമെന്നില്ല. ആരും വായിക്കാതെ, ഒട്ടിപ്പിടിച്ച പേജുകൾ പോലും വേറിടാതെ അവരുടെ അലമാരകളിൽ ആ പുസ്തകങ്ങളുണ്ടാകും.

മുണ്ടൂർ കൃഷ്ണൻകുട്ടി സ്മൃതി ഉൽഘാടനം ചെയ്ത ശേഷം 'എഴുത്തിന്റെ ഭാവി' എന്ന വിഷയത്തിൽ നടന്ന പ്രഭാഷണമാണ് എം. മുകുന്ദന്റെ പ്രസ്താവനയുടെ പശ്ചാത്തലം. എന്തു വായിക്കണമെന്ന് മറ്റുള്ളവർ തീരുമാനിക്കുന്ന കോർപറേറ്റ് സ്വഭാവത്തിലുള്ള പ്രസാധക ഭീമന്മാരെയാണ് ആ പ്രഭാഷണത്തിൽ അദ്ദേഹം പ്രധാനമായും ലക്ഷ്യം വെച്ചത്. കോർപറേറ്റ് വൽക്കരണം വന്നതോടെയാണ് പാശ്ചാത്യനാടുകളിൽ എഴുത്തുകാരന് സ്വാതന്ത്ര്യം ഇല്ലാതായതെന്നും എന്നാൽ കേരളത്തിൽ എഴുത്തുകാർ സ്വതന്ത്രരാണെന്നും മുകുന്ദൻ പറയുകയുണ്ടായി. ഫാസിസത്തിനെതിരെ ഏറ്റവും മികച്ച എഴുത്തുകൾ സംഭവിക്കുന്നത് മലയാളത്തിലാണ്. എന്നാൽ കോർപറേറ്റുകൾ പറയുന്ന രീതിയിൽ എഴുതേണ്ടി വരുന്ന കാലത്ത് എഴുത്ത് നിർത്തുകയാണ് ഉചിതമെന്ന് മുകുന്ദൻ പറയുന്നുണ്ട്. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ്. ആ പ്രഭാഷണത്തിലെ ശ്രദ്ധിക്കപ്പെടേണ്ട ഭാഗം ഇതായിരുന്നു.

മനുഷ്യർ പൊതുവെ സൗന്ദര്യരാരാധകരാണ്. ഒരു സുന്ദരി നല്ല കവിത എഴുതി എന്നതുകൊണ്ട് അവരുടെ കവിത മോശമാകുന്നില്ല. മോശം കവിത എഴുതിയാൽ അത് നന്നാകുന്നുമില്ല. സുന്ദരി ആയതുകൊണ്ട് ഒരുപക്ഷേ അവരെ പ്രോത്സാഹിപ്പിക്കാനും പരിഗണിക്കാനും ആളുണ്ടായേക്കാം. സൗന്ദര്യം കെട്ടുപോകുന്ന അന്ന് അവരുടെ കവിതയും കെട്ടുപോകും. എന്നാൽ എഴുത്തിൽ സൗന്ദര്യമുള്ളവർ ബാഹ്യരൂപം കൊണ്ട് അങ്ങനെയല്ലെങ്കിലും വായനക്കാരന് അവർ സുന്ദരിയായിരിക്കും. ഇത് എഴുത്തിന്റെ കാര്യത്തിൽ മാത്രമുള്ള മനഃശാസ്ത്രമല്ല. ഓരോ മനുഷ്യന്റെയും അകത്താണ് സൗന്ദര്യമുണ്ടാകേണ്ടത്. ഹൃദയത്തിൽ സൗന്ദര്യമുള്ള മനുഷ്യൻ എത്ര വിരൂപനായാലും സുന്ദരനായി അനുഭവപ്പെടും. അതില്ലാത്തവർ എത്ര സുന്ദരനായാലും വെറുക്കപ്പെടും.

Read More >>