വടക്കേ മലബാറിലെ മഴക്കാല ട്രെയിൻയാത്ര

റെയിൽവേക്ക് മികച്ച വരുമാനം നൽകുന്നവയാണ് വടക്കേ മലബാറിലെ ഓരോ സ്‌റ്റേഷനും. വൻ വരുമാന വർദ്ധന ഓരോ വർഷവും നൽകുന്ന ഈ പ്രദേശത്തുകാരുടെ റെയിൽ യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാവരുടെയും അടിയന്തര ശ്രദ്ധ ഉണ്ടായേ മതിയാവൂ

വടക്കേ മലബാറിലെ മഴക്കാല ട്രെയിൻയാത്ര

മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴി പോകുന്ന ദീർഘദൂര ട്രെയിനുകളുടെ സമയക്രമത്തിൽ വർഷാവർഷം നടപ്പാക്കാറുള്ള മാറ്റം ഇന്നലെ മുതൽ നിലവിൽ വന്നു. ഇത് ഒക്റ്റോബർ 31 വരെ നിലനിൽക്കും. ഇക്കാലയളവിൽ മലബാറിലെ ട്രെയിൻ യാത്രികർ അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ അടിയന്തരപ്രാധാന്യത്തോടെ പരിഹരിക്കാൻ റെയിൽവേ അധികൃതരും ജനപ്രതിനിധികളും നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ട്രെയിൻ സമയത്തിൽ മഴക്കാലത്ത് ഉണ്ടാക്കുന്ന മാറ്റംകൊണ്ട് മാത്രം ഉണ്ടാവുന്നതല്ല ഈ പ്രശ്നങ്ങൾ. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഈ സമയമാറ്റത്തിലൂടെ ഒന്നുകൂടെ രൂക്ഷമാവുന്നു എന്നേയുള്ളൂ. അതുകൊണ്ട് താൽക്കാലിക പരിഹാരമല്ല, പ്രശ്നങ്ങളുടെ ദീർഘകാല പരിഹാരമാണ് വേണ്ടത്.

മറ്റൊരു സവിശേഷ സാഹചര്യം കൂടി മനസ്സിൽവച്ചു കൊണ്ടാണ് ഇക്കാര്യം ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. മലബാറിൽ നിന്ന് തലശ്ശേരിക്കാരനായ ഒരു മന്ത്രി കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നുവെന്നതാണ് ഈ സവിശേഷ സാഹചര്യം. തലശ്ശേരിക്കാരൻ ആണെങ്കിലും കേന്ദ്ര വിദേശ സഹ മന്ത്രിയായ വി മുരളീധരൻ ദീർഘകാലമായി കോഴിക്കോട്ടാണ് താമസിക്കുന്നത്. മുരളീധരന് പുറമെ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും മലബാറിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ്. ഇവർക്കൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലബാറിൽ നിന്നുള്ള ലോക്‌സഭാ അംഗങ്ങളും ഇപ്രദേശത്തു നിന്നുള്ള രാജ്യസഭാ അംഗങ്ങളും ചേർന്ന് ഒത്തുപിടിച്ചാൽ മലബാറിലെ റെയിൽവേ യാത്രികർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരം ഉണ്ടാക്കാൻ കഴിയും. ഇതിന് സമാനമായ പ്രശ്നങ്ങൾ കേരളത്തിലെ ഓരോ പ്രദേശത്തെയും ട്രെയിൻ യാത്രികർക്ക് പറയാനുണ്ടെന്നത് തീർച്ച. അവയും മഴക്കാല പ്രശ്നങ്ങൾ മാത്രമല്ല, ദീർഘകാല പ്രശ്നങ്ങൾ തന്നെയാണ്. മേൽ സൂചിപ്പിച്ചതുപോലെ അവയും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാൻ ജനപ്രതിനിധികളും ഭരണകർത്താക്കളും മുൻകൈയെടുക്കേണ്ടതുണ്ട്.

ഇക്കാര്യം വ്യക്തമാക്കാൻ കണ്ണൂരിനും കോഴിക്കോടിനും ഇടയിലെ ട്രെയിൻ യാത്രികർ അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടട്ടെ. യാത്രാദുരിതം തീർക്കുന്ന പ്രശ്നങ്ങളിൽ പ്രധാനം ട്രെയിനുകൾക്കിടയിലെ സമയമാണ്. കാലത്ത് കണ്ണൂരിൽ നിന്നുള്ള കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ 5.40 ന് പുറപ്പെട്ടാൽ കോഴിക്കോട് ഭാഗത്തേക്കുള്ള അടുത്ത ട്രെയിൻ ഏതാണ്ട് രണ്ടു മണിക്കൂറോളം കഴിഞ്ഞു 7.25നുള്ള പരശുറാം എക്സ്പ്രസ്സ് ആണ്. തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുമായി ബന്ധപ്പെട്ട യാത്രക്കാർ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന സമയമാണിത്. പരശുറാം എക്സ്പ്രസ്സ് പിന്നെയും സമയം വൈകിയാൽ നിന്നുതിരിയാൻ ഇടമില്ലാതെയാവും ഇടക്കുള്ള തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ എത്തുക. വിദ്യാർത്ഥികളും ജീവനക്കാരും അദ്ധ്യാപകരും ഉൾപ്പെടെ വലിയ ജനസഞ്ചയമാണ് ഈ നേരത്ത് റെയിൽവേ സ്റ്റേഷനുകളിൽ എത്തുക. ട്രെയിനിൽ കയറാൻ കഴിയാതെ തൂങ്ങിപ്പിടിച്ച് സാഹസികമായി യാത്ര ചെയ്യുന്നവരും ട്രെയിൻ യാത്ര വേണ്ടന്നു വച്ചു ബസ് പിടിക്കാൻ ഓടുന്നവരും ഈ റൂട്ടിലെ സ്ഥിരം കാഴ്ചയാണ്. ബസ് യാത്ര ദുരിതപൂർണ്ണമാക്കുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട് ഈ മേഖലയിൽ. കോഴിക്കോടിനടുത്ത് കോരപ്പുഴ പാലം പുനർനിർമ്മിക്കാൻ പൊളിച്ചതിനാൽ പതിവ് വഴി മാറിയാണ് ബസ്സുകൾ ഓടുന്നത്. അതുവഴിയുണ്ടാകുന്ന ഗതാഗതക്കുരുക്ക് തീർക്കുന്ന സമയനഷ്ടം വേറെയും.

കോഴിക്കോടിനും കണ്ണൂരിനും ഇടയിലെ മറ്റൊരു പ്രശ്നം കൂടി ചൂണ്ടിക്കാട്ടട്ടെ. ഉച്ചയ്ക്ക് രണ്ടുമണിക്കുള്ള കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ കോഴിക്കോട് വിട്ടാൽ അടുത്ത ട്രെയിൻ രണ്ടുമണിക്കൂർ കഴിഞ്ഞുള്ള പരശുറാം എക്സ്പ്രസാണ്. അത് മിക്ക ദിവസങ്ങളിലും ചുരുങ്ങിയത് ഒരു മണിക്കൂറോളം വൈകി മാത്രമേ കോഴിക്കോട് എത്താറുള്ളൂ. അതിനിടയിലുള്ള അതിവേഗ ദീർഘദൂര വണ്ടി കൂടി വന്നാൽ പരശു പിന്നെയും വൈകും. അഞ്ചു മണിക്ക് പുറപ്പെടുന്ന എഗ്മൂർ- മംഗളൂരു എക്സ്പ്രസ് ആണ് പരശുവിനു ശേഷം കോഴിക്കോട് നിന്ന് വടക്കോട്ടേക്കുള്ള വണ്ടി. അതു പോയാൽ പിന്നെ 6.40 ന്റെ നേത്രാവതി എക്സ്പ്രസ്സ്. ഇടക്കുള്ള കോയമ്പത്തൂർ- കണ്ണൂർ പാസഞ്ചർ മിക്ക ദിവസവും ഒരു മണിക്കൂറിലേറെ വൈകിയേ കോഴിക്കോട് എത്താറുള്ളൂ. ഫലത്തിൽ നേത്രാവതിയിലെ ഓർഡിനറി, റിസർവ്വേഷൻ കമ്പാർട്ട്‌മെന്റുകൾ കാലുകുത്താൻ ഇടമില്ലാതെയാവും കോഴിക്കോട് നിന്നും പുറപ്പെടുക. രാത്രി നേരത്തെ ദീർഘദൂര യാത്രികരെ കഷ്ടത്തിലാക്കുന്ന ഈ തിരക്ക് തലശ്ശേരിയിൽ എത്തുമ്പോഴേ കുറയാറുള്ളൂ.

ഈ തിരക്കിനെ അസഹനീയമാക്കുന്ന മറ്റൊരു കാര്യം തീവണ്ടി ബോഗികൾ തോന്നുംപടി വെട്ടിക്കുറക്കുന്ന റെയിൽവേയുടെ നടപടിയാണ്. റെയിൽവേക്ക് മികച്ച വരുമാനം നൽകുന്നവയാണ് വടക്കേ മലബാറിലെ ഓരോ സ്റ്റേഷനും. വൻ വരുമാന വർദ്ധന ഓരോ വർഷവും നൽകുന്ന ഈ പ്രദേശത്തുകാരുടെ റെയിൽ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരുടെയും അടിയന്തര ശ്രദ്ധ ഉണ്ടായേ മതിയാവൂ.

Read More >>