നേതാക്കൾ തെരുവിൽ ഇറങ്ങുമോ ?

പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥ, തകർന്നടിഞ്ഞ കാർഷിക മേഖല, കർഷക ആത്മഹത്യയാൽ ശവപ്പറമ്പായ ഗ്രാമീണ ഇന്ത്യ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിനിൽക്കുന്ന തൊഴിലില്ലായ്‌മ, പശുവിറച്ചിയുടെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, മുസ്‌ലിംകൾക്കും ദലിതർക്കും നേരെ നടന്ന കൊടിയ നൃശംസതകൾ, അതിർത്തി സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വിവേചനം, വിമർശനങ്ങളോടും വിരുദ്ധാഭിപ്രായങ്ങളോടും ഉള്ള അസഹിഷ്ണുത, അക്കാദമിക് സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്ന നടപടികൾ, അക്കാദമിക്ക് മേഖലയിലെ സ്വതന്ത്രമായ ബൗദ്ധികാന്വേഷണങ്ങളോടുള്ള എതിർപ്പ് തുടങ്ങി ഇന്ത്യൻ ജനതയെ മുച്ചൂടും മൂടിയ നിരവധി പ്രശ്നങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്.

നേതാക്കൾ തെരുവിൽ ഇറങ്ങുമോ ?

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികൾ ഉടനെയൊന്നും നിലയ്ക്കില്ല. അതേച്ചൊല്ലിയുള്ള തർക്കങ്ങളും വാഗ്വാദങ്ങളും വിലയിരുത്തലുകളും ദിവസങ്ങളോളം തുടരും. പരാജയപ്പെട്ട പാർട്ടികളുടെ നേതാക്കന്മാർ അതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തുനിയുക തുടങ്ങിയ പതിവ് നാടകങ്ങൾക്കും, ഇതിനിടെ നാം സാക്ഷ്യംഹിക്കും.ആ ദിശയിലുള്ള ഒരു നീക്കം കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കഴിഞ്ഞു. ആശയസംവാദത്തിലും വിനിമയത്തിലും സാമൂഹ്യമാദ്ധ്യമങ്ങളുടെ മേൽകോയ്മ നിലനിൽക്കുന്ന വർത്തമാനകാലത്ത് തോറ്റവരെ പരിഹസിക്കുന്ന ട്രോളുകൾ തലങ്ങും വിലങ്ങും പായുക സ്വാഭാവികം. ഇതിനെല്ലാം ഉപരിയായി ഗൗരവപൂർണ്ണമായ ചില ചോദ്യങ്ങൾ ഈ തെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്നുണ്ട്. അവയ്ക്കുള്ള ശരിയായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ ഭരണഘടന വിഭാവനം ചെയ്യുന്ന ഉദാര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പ് സാദ്ധ്യമാവൂ.

പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥ, തകർന്നടിഞ്ഞ കാർഷിക മേഖല, കർഷക ആത്മഹത്യയാൽ ശവപ്പറമ്പായ ഗ്രാമീണ ഇന്ത്യ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിനിൽക്കുന്ന തൊഴിലില്ലായ്‌മ, പശുവിറച്ചിയുടെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, മുസ്‌ലിംകൾക്കും ദലിതർക്കും നേരെ നടന്ന കൊടിയ നൃശംസതകൾ, അതിർത്തി സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വിവേചനം, വിമർശനങ്ങളോടും വിരുദ്ധാഭിപ്രായങ്ങളോടും ഉള്ള അസഹിഷ്ണുത, അക്കാദമിക് സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്ന നടപടികൾ, അക്കാദമിക്ക് മേഖലയിലെ സ്വതന്ത്രമായ ബൗദ്ധികാന്വേഷണങ്ങളോടുള്ള എതിർപ്പ് തുടങ്ങി ഇന്ത്യൻ ജനതയെ മുച്ചൂടും മൂടിയ നിരവധി പ്രശ്നങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ ജനങ്ങളിൽ ഒരു വിഭാഗത്തിനും ഇവയുടെ മാരകമായ പ്രത്യാഘാതങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആവുമായിരുന്നില്ല. 2014 ലെ പോലെ വികസനം, അഴിമതി വിരുദ്ധത തുടങ്ങിയ ഒരൊറ്റ മുദ്രാവാക്യം ഉയർത്താനും ബി.ജെ.പിക്ക് കഴിഞ്ഞില്ല. എന്നിട്ടും രാജ്യത്തെ താറുമാറാക്കിയ മോദി സർക്കാർ എങ്ങനെ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി എന്ന ഉള്ളുലയ്ക്കുന്ന ചോദ്യത്തിന് സ്വയംവിമർശനപരമായി മറുപടി നൽകാൻ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾക്ക് ബാദ്ധ്യതയുണ്ട്. അതിൽ നിന്നും ഒഴിഞ്ഞു നിന്ന് രാജി സന്നദ്ധത അറിയിക്കുന്നതും മറ്റും ഭീരുത്വത്തിന്റെ ലക്ഷണമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിനു മുമ്പിൽ പകച്ച് മൗനികളാവുകയല്ല വേണ്ടത്. അങ്ങനെ വന്നാൽ, പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ ഈ സാഹചര്യത്തെ ഭരണപക്ഷം ഉപയോഗിക്കുമെന്നതിൽ സംശയം വേണ്ട. നസ്രേത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കരുത്.

മേൽസൂചിപ്പിച്ച രാഷ്ട്രീയ കടമ നിർവ്വഹിക്കണമെങ്കിൽ ഒരു ദീർഘകാല പ്രവർത്തന പദ്ധതി ആവശ്യമാണ്. അത് ആത്മാർത്ഥവും ആശയസമ്പന്നവും ആയിരിക്കണം. തെരഞ്ഞെടുപ്പുകളുടെ തലേന്ന് തട്ടിക്കൂട്ടുന്ന മുന്നണികൾക്കോ കാര്യപരിപാടികൾക്കോ ഇന്ത്യയിലെ അങ്ങേയറ്റം വൈവിദ്ധ്യമാർന്ന നാനാവിഭാഗം ജനങ്ങളുടെ; വിശിഷ്യ യുവജനതയുടെ, ഭാവനയെയോ സ്വപ്നങ്ങളെയോ സ്വാധീനിക്കാൻ കഴിയില്ല. 'ന്റെ ഉപ്പാപ്പക്കൊരാനേണ്ടാർന്ന്'എന്ന മട്ടിലുള്ള നിരർത്ഥകമായ ഭൂതകാല മഹിമകളുടെ ചർവ്വിതചർവ്വണം ക്രിയാത്മകമായതൊന്നും സൃഷ്ടിക്കില്ല.

ദീർഘകാല അജൻഡയിൽ ഏറ്റവും പ്രധാനം നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളുടെ നീതിപൂർവ്വമായ പ്രവർത്തനം ഉറപ്പുവരുത്തുക എന്നതാണ്. ഇത്തരം എല്ലാ സ്ഥാപനങ്ങൾക്കും പരസ്പരപൂരകമായ ആപേക്ഷിക സ്വാതന്ത്ര്യവും സ്വയംഭരണവും ഭരണഘടന ഉറപ്പുനല്കുന്നുണ്ട്. അവയുടെ സംരക്ഷണം ഏറ്റെടുക്കാനും സുതാര്യമായ പ്രവർത്തനം ഉറപ്പുവരുറപ്പുവരുത്താനും പ്രതിപക്ഷപാർട്ടികൾക്ക് കഴിയണം. ഇല്ലെങ്കിൽ നീതിനിഷേധിക്കപ്പെടുന്ന ജനതയായി നാം മാറും. ഇതിൽ ഏറ്റവും പ്രധാനമാണ് കോടതിയും തെരഞ്ഞെടുപ്പ് കമ്മിഷനും. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് സംബന്ധിച്ച ന്യായമായ നിരവധി സംശയങ്ങളും വിമർശനങ്ങളും പരാതികളും കമ്മിഷന്റെയും സുപ്രിം കോടതിയുടെയും മുമ്പിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ നിരന്തരം ഉന്നയിച്ചു. അവയോട് നിഷേധാത്മക സമീപനമാണ് അധികാരികൾ കൈക്കൊണ്ടത്.

പരിഗണിക്കപ്പെടേണ്ട മറ്റൊരു വിഷയം മദ്ധ്യമങ്ങളുടെ സമീപനമാണ്. മാദ്ധ്യമങ്ങളെ പറ്റി ഭരണഘടനയിൽ പ്രത്യക്ഷ പരാമർശങ്ങളൊന്നുമില്ല. ഭരണഘടന ഉറപ്പുനല്കുന്ന പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെ തന്നെ അപകടപ്പെടുത്തുന്ന പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന ഭയാനകമായ ഒരു പതനത്തിലേക്ക് ഇന്ത്യൻ മാദ്ധ്യമങ്ങൾ എത്തിക്കഴിഞ്ഞു. ഇത് സാമൂഹികമായി വിലയിരുത്താനും തെറ്റുതിരുത്താനും ആവശ്യമായ ഒരു സംവിധാനം അനിവാര്യമാണ്.

രാജ്യത്തെ ഓരോ ജനവിഭാഗത്തിന്റെയും സവിശേഷ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന അജൻഡ രൂപപ്പെടുത്തണം. അതിന് വിവര സാങ്കേതികവിദ്യ സാദ്ധ്യമാക്കിയ ആശയവിനിമയത്തിലെ അതിസങ്കീർണ്ണതകളെയും മനോഭാവങ്ങളെയും സൃഷ്ടിപരമായ ഉപയോഗപ്പെടുത്താൻ പറ്റണം. അതിന് തൊഴിലാളികളുടെയും കർഷകരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രതിനിധ്യം അവകാശപ്പെടുന്ന പാർട്ടികൾ അവയുടെ യഥാർത്ഥമായ പ്രത്യയശാസ്ത്ര വേരുകൾ തിരിച്ചറിയണം. അത് തെരുവുകളിൽ നിരന്തരം ഉന്നയിക്കണം. അവിടെ ഗാന്ധിയും അംബേദ്ക്കറും നെഹ്‌റുവും മാർക്‌സും ലോഹ്യയും നിറസാന്നിദ്ധ്യമായിരിക്കണം. അങ്ങനെ വരുമ്പോൾ കോർപറേറ്റ് ദല്ലാൾപ്പണിയുടെ സമീപകാല മഹിതസ്മരണകളിൽ നിന്ന് പാർട്ടികൾ ഓരോന്നും മുക്തരാകണം. അതിനുള്ള സത്യസന്ധമായ ശ്രമങ്ങളെ ഇന്ത്യൻ ജനത അംഗീകരിക്കും.

Read More >>