എ.കെ.ജി സെന്ററില്‍ വേണ്ട, നിയമസഭയില്‍ ഇരുന്നോളൂ

ഒരു സ്ത്രീരത്‌നത്തിന്റെ മാനത്തിനു നേരെ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി നടത്തിയ ഈ കൈയേറ്റം/സ്ത്രീ നിന്ദ കുറ്റമല്ലെന്നാണോ പാർട്ടി മതം? അങ്ങനെയല്ലെങ്കിൽ എന്തുകൊണ്ടാണ് ഈ പരാതി പൊലീസിനു കൈമാറാൻ പാർട്ടി ഭയക്കുന്നത്?

എ.കെ.ജി സെന്ററില്‍ വേണ്ട, നിയമസഭയില്‍ ഇരുന്നോളൂ

ലൈംഗിക പീഡന പരാതിയിൽ ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിക്കെതിരെയുള്ള സി.പി.എം നടപടി സ്വാഗതം ചെയ്യാത്തവർ വിരളമായിരിക്കും. മറ്റേതെങ്കിലും പാർട്ടിയായിരുന്നെങ്കിൽ ഇവ്വിധം ഒരു നടപടി ഉണ്ടാകുമായിരുന്നോ എന്നതു സംശയമാണ്. പക്ഷേ, എല്ലാം ശുദ്ധമല്ല ഈ കാര്യത്തിലും പാര്‍ട്ടി മനസ്. പല ചോദ്യങ്ങളും അവശേഷിക്കുന്നു. അച്ചടക്ക നടപടി ഉയർത്തുന്ന ധാർമികവും നിയമപരവുമായ ശരിതെറ്റുകൾ കൂടുതൽ പരിശോധനയർഹിക്കുന്നു.

സ്ത്രീത്വത്തെ അപമാനിച്ച എം.എൽ.എയെ ആറു മാസം പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത്, എം.എൽ.എ സ്ഥാനം അഭംഗുരം തുടരാൻ അനുവദിച്ചതിൽ വൈരുദ്ധ്യമില്ലേ? പാർട്ടിയിലെ ഒരു യുവ വനിതാ സഖാവ് നൽകിയ പരാതിയാണ് നടപടിക്കു ഹേതുവെങ്കിലും ആ പരാതിയിലും വെളളം ചേർത്ത് മുഖം രക്ഷിക്കാൻ സി.പി.എം ശ്രമിച്ചുവോ? പാർട്ടി കോടതി ശിക്ഷ വിധിച്ച് നിയമസാമാജികനെ സംരക്ഷിക്കുന്ന നിലപാട് ഏതെങ്കിലുമൊരു പാർട്ടിക്കു ന്യായീകരിക്കാൻ സാധിക്കുമോ? ഈ സംരക്ഷണം രാജ്യത്തെ നിയമസംവിധാനങ്ങളെ പരിഹസിക്കലല്ലേ? നാളെ മറ്റു പാർട്ടികളും ഇപ്രകാരം പാർട്ടി കോടതികളിൽ പോയി നീതി നടപ്പാക്കിയാൽ സി.പി.എം അംഗീകരിക്കുമോ? അങ്ങനെ ചോദ്യങ്ങൾ പലതുണ്ട്.

പി.കെ ശശി പാർട്ടിക്കാരൻ മാത്രമല്ല, ജനങ്ങളുടെ നികുതിയിൽനിന്ന് ശമ്പളവും മറ്റു അലവൻസുകളും വാങ്ങുന്ന വ്യക്തിയുമാണെന്നിരിക്കെ ഈ ചോദ്യങ്ങൾക്കു മാനങ്ങൾ പലതാണ്. ഇതോട് ക്രിയാത്മകമായി പ്രതികരിക്കാനും അച്ചടക്കനടപടിയിലെ പിശകുകൾ പുനപ്പരിശോധിക്കാനും സി.പിഎം നേതൃത്വം തയ്യാറാകുമോ എന്നത് കാത്തിരുന്നു കണേണ്ടതാണ്.

പാർട്ടി സഖാവിൽ നിന്ന് ആദ്യം പരാതി ലഭിച്ചപ്പോൾ മറച്ചുവെക്കാനും പിന്നീട് നടപടി നീട്ടാനും ശേഷം വിഭാഗീയതയെന്നാരോപിച്ച് പിടിച്ചുതൂങ്ങാനും അങ്ങനെ പരാതിയുടെ മുനയൊടിക്കാൻ ശ്രമങ്ങൾ പലതുണ്ടായി. അതിനിടെ ഫ്രാങ്കോ പീഡനക്കേസ്, പ്രളയം, ശബരിമല ഉൾപ്പെടെയുള്ള വിവാദങ്ങൾ കത്തിനിന്നതും പാർട്ടിക്കും ഒരു പരിധിവരെ ശശിക്കും ആയുസ്സ് നീട്ടി നൽകി. പാർട്ടി ജനമുന്നേറ്റ യാത്രയുടെ നായകനാക്കി ജനങ്ങളെയും പരാതിക്കാരിയെയും നോക്കി പല്ലിളിക്കാനും നേതൃത്വം അശേഷം മടിച്ചില്ല. എന്തിനേറെ മുഖ്യമന്ത്രിയുമായും അന്വേഷണ കമ്മിഷനിലെ മന്ത്രിയുമായും വരെ വേദി പങ്കിട്ട് പാർട്ടിക്കൂറും ശക്തിയും തെളിയിച്ചു. അദ്ദേഹത്തെ നിയമസഭയിലേക്കയച്ച ജനങ്ങളെ 'ശശി'യാക്കാനും പഠിച്ചതെല്ലാം പയറ്റി നോക്കി. എന്നാൽ പരാതിക്കാരി നിലപാടിൽ ഉറച്ചുനിന്നതോടെ സി.പി എം വീണ്ടും സമ്മർദ്ദത്തിലായി. അവസാനം കേന്ദ്ര നേതൃത്വത്തിന്റേതടക്കമുള്ള ഇടപെടലിന്റെ തുടർച്ചയെന്നോണം വിഭാഗീതയല്ല, പാർട്ടിക്കു ലഭിച്ച പരാതിയാണ് പ്രധാനമെന്നു തിരിച്ചറിയാൻ സി.പി.എം വൈകിയെങ്കിലും തയ്യാറായത് കൂടുതൽ പ്രതിക്ഷകൾക്കു നിറം പകരുന്നതാണ്. എന്നാൽ, ഈ നടപടിയിൽ ഒതുങ്ങരുത് കാര്യങ്ങൾ. അത് ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും നീതിബോധത്തിന്റെയും പ്രശ്നമാണ്.

സി.പി.എം ഇപ്പോൾ നടപ്പാക്കിയിട്ടുള്ളത് ഒരു സമാന്തര നിയമവ്യവസ്ഥയാണ്. കുറ്റകൃത്യങ്ങൾ പാർട്ടി തന്നെ അന്വേഷിച്ച് ശിക്ഷ വിധിക്കുക. എന്നിട്ട് പരാതിക്കാരിക്കു പാർട്ടി ഫോറത്തിലല്ലാതെ പൊലീസിലും പരാതിപ്പെടാം, അതുണ്ടായില്ലല്ലോ എന്നു പറയുക.

ലൈംഗിക പീഡനം പോലുള്ള ക്രിമിനൽ കുറ്റങ്ങളിൽ ഇരയ്ക്കു പരാതിയില്ലെങ്കിൽ അത്തരം കേസുകൾ മുന്നോട്ടു നീക്കുന്നതിൽ പഴുതുകൾ ഏറെയാണ്. നടപടിയിൽ സംതൃപ്തയാണെന്നു പരാതിക്കാരി പ്രതികരിച്ച സ്ഥിതിക്കു ഇനി നാട്ടുകാരുടെ ക്ഷോഭത്തിന് വല്ല ഫലവും ഉണ്ടാകുമോ എന്നുമറിയില്ല. പക്ഷേ, രാജ്യത്ത് സ്ത്രീത്വത്തിനു നേരെ ഉയരുന്ന വെല്ലുവിളികളിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്നും കൊട്ടിഘോഷിച്ച് അധികാരത്തിലേറിയ ഒരു മുഖ്യമന്ത്രിക്കും അദ്ദേഹത്തെ നയിക്കുന്ന പാർട്ടിക്കും ഭൂഷണമല്ല ഇപ്പോഴുണ്ടായ ഈ മുഖം മിനുക്കൽ നാടകം!.

ഒരു സ്ത്രീരത്നത്തിന്റെ മാനത്തിനു നേരെ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി നടത്തിയ ഈ കൈയേറ്റം/സ്ത്രീ നിന്ദ കുറ്റമല്ലെന്നാണോ പാർട്ടി മതം? അങ്ങനെയല്ലെങ്കിൽ എന്തുകൊണ്ടാണ് ഈ പരാതി പൊലീസിനു കൈമാറാൻ പാർട്ടി ഭയക്കുന്നത്? പാർട്ടിക്കാർ ചെയ്യുന്ന എല്ലാ കുറ്റങ്ങൾക്കും ഇങ്ങനെ അന്വേഷണവും ശിക്ഷ നടപ്പാക്കലും പാർട്ടി തന്നെ ചെയ്താൽ പിന്നെ നീതിന്യായവ്യവസ്ഥയ്ക്കു എന്താണർത്ഥം? പൊലീസിന് കേസെടുക്കാവുന്നതും കോടതിക്കു ജയിലിലടയ്ക്കാവുന്നതുമായ കുറ്റമാണ് പാർട്ടി അന്വേഷണത്തിൽ തെളിഞ്ഞത്. ഇത്തരമൊരു അവസ്ഥയിൽ ആറുമാസത്തെ സസ്പെൻഷൻ വിധിച്ച് എ കെ ജി സെന്ററിന്റെ വാതിൽ മാത്രം കൊട്ടിയടച്ചാൽ അത് നീതിയാകുന്നത് എങ്ങനെയാണ്?

ലൈംഗികാരോപണ വിധേയനായ ഒരാളുടെ നേതൃത്വത്തിൽ ജാഥ നടത്തിച്ചതിനേക്കാൾ വലിയ അശ്ലീലമാണ് എ.കെ.ജി സെന്ററിലേക്കു കടക്കേണ്ട, നിയമസഭയിൽ ഇരുന്നോളൂ എന്ന വിധി. ലൈംഗികാക്രമണം നേരിട്ട യുവതിയുടെ പ്രശ്നം ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യമല്ല. എം.എൽ.എയ്‌ക്കെതിരെ നിയമപരമായി നീങ്ങാൻ പരാതിക്കാരിയെ സഹായിക്കുകയാണ് പാർട്ടി ചെയ്യേണ്ടത്. അത് നിറവേറ്റാൻ വൈകുന്ന ഓരോ നിമിഷങ്ങളും നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.

Read More >>