അറിഞ്ഞുവോ...അണ്ണാ ഹസാരെ ഉപവസിക്കുകയാണ്

ഡൽഹിയിൽ എന്തു സംഭവിച്ചാലും ഇന്ത്യ ശ്രദ്ധിക്കും. ഇന്ന് അദ്ദേഹം ഉപവസിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമമായ, മഹാരാഷ്ട്രയിലെ റലെഗാൻ സിദ്ധിയിലാണ്. ഡൽഹിയിൽ നിന്ന് ആയിരത്തഞ്ഞൂറോളം കിലോ മീറ്റർ അകലെയുള്ള ഒരു ഗ്രാമം. അടുത്തൊന്നും വിമാനത്താവളമില്ല. വി.ഐ.പി കൾ അവിടെ എത്തുകയില്ല. മാദ്ധ്യമങ്ങളുടെ വലിയ പട വരികയേയില്ല.

അറിഞ്ഞുവോ...അണ്ണാ ഹസാരെ ഉപവസിക്കുകയാണ്

ആരാണ് അണ്ണാ ഹസാരെ എന്നു ചോദിക്കരുത്. ഇന്ത്യ ആ പേര് മറക്കാറായിട്ടില്ല. അഞ്ചുവർഷം മുമ്പ് രാജ്യം ഇത്രയേറെ ശ്രദ്ധിച്ച മറ്റൊരു പേരുണ്ടായിരുന്നില്ല. അന്ന് ഇന്ത്യ ഒന്നടങ്കം ഡൽഹി രാംലീലാ മൈതാനത്ത് ഉപവസിച്ച ഗാന്ധിയൻ അണ്ണാ ഹസാരെക്ക് പിന്തുണയുമായി ആവേശപൂർവം അണിനിരന്നിട്ടുണ്ട്. അഴിമതി അന്വേഷണത്തിനുള്ള ഫലപ്രദമായ സംവിധാനം എന്നു കരുതപ്പെടുന്ന ലോക്പാൽ നിയമനം വൈകുന്നതിനെതിരെ ആയിരുന്നു ആ സമരം. ഇതാ, അഞ്ചു വർഷത്തിനു ശേഷം അണ്ണാ ഹസാരെ അതേ ആവശ്യമുന്നയിച്ച് ഉപവസിക്കുകയാണ്. അധികമാരും അത് അറിഞ്ഞ മട്ടില്ല. അറിഞ്ഞവർ അതു കാര്യമായി എടുക്കുന്നുമില്ല.

അന്നു സമരം ചെയ്തത് രാജ്യ തലസ്ഥാനമായ ന്യു ഡൽഹിയിലാണ്. ഡൽഹിയിൽ എന്തു സംഭവിച്ചാലും ഇന്ത്യ ശ്രദ്ധിക്കും. ഇന്ന് അദ്ദേഹം ഉപവസിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമമായ, മഹാരാഷ്ട്രയിലെ റലെഗാൻ സിദ്ധിയിലാണ്. ഡൽഹിയിൽ നിന്ന് ആയിരത്തഞ്ഞൂറോളം കിലോ മീറ്റർ അകലെയുള്ള ഒരു ഗ്രാമം. അടുത്തൊന്നും വിമാനത്താവളമില്ല. വി.ഐ.പി കൾ അവിടെ എത്തുകയില്ല. മാദ്ധ്യമങ്ങളുടെ വലിയ പട വരികയേയില്ല. രണ്ട് രാഷ്ട്രീയകാലാവസ്ഥകൾ തമ്മിലുള്ള വ്യത്യാസം അതിലേറെയുണ്ട്. അന്നു ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യു.പി.എ ആണ്. ആ ഭരണത്തിലെ അഴിമതി രാജ്യത്ത് വലിയ ചർച്ചാവിഷയമായിരുന്നു. ഒന്നിലേറെ അഴിമതിവിവാദങ്ങൾ മാദ്ധ്യമങ്ങളിലൂടെ രാജ്യത്ത് കത്തിപ്പടരുന്നുണ്ടായിരുന്നു. അഴിമതിക്കെതിരായ വലിയ വികാരം ഉയർന്ന ചരിത്രഘട്ടമായിരുന്നു അത്.

ഇന്ന് അതു പോലൊരു വികാരം രാജ്യത്തില്ല. അഴിമതി അവസാനിപ്പിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നുണ്ട്. അത് അവസാനിപ്പിക്കാൻ നരേന്ദ്ര മോദിക്കെന്നല്ല, അണ്ണാ ഹസാരെ പ്രധാനമന്ത്രി സ്ഥാനത്തിരുന്നാൽപോലും കഴിയില്ല. അത്രയേറെ രൂഡമൂലമാണ് ആ മനുഷ്യവാസന. അഴിമതിക്കാരെ തൂക്കിലേറ്റുന്ന രാജ്യമാണ് ചൈന. അവിടെയും വൻ അഴിമതികൾ തുടരെത്തുടരെ ചർച്ചാവിഷയമാകുന്നു. ദേശീയരാഷ്ട്രീയത്തിൽ അഴിമതി ഇന്നും ചർച്ചാവിഷയമാണ്. റഫാൽ ഇടപാട് ആരും മറന്നിട്ടില്ല. പക്ഷേ, അതിപ്പോഴും ആളിപ്പടർന്നിട്ടില്ല. അതുകൊണ്ടെല്ലാമാണ് അണ്ണാ ഹസാരെയും അദ്ദേഹത്തിന്റെ ഉപവാസവും രാജ്യശ്രദ്ധ പിടിച്ചു പറ്റാത്തത്.

ഇവിടെ ഉച്ചത്തിൽ ചോദിക്കേണ്ട ചോദ്യമുണ്ട്. 2013-ലെ അണ്ണാ ഹസാരെയുടെ സമരത്തിന് പിന്തുണയുമായി പാഞ്ഞെത്തുകയും ആ സമരത്തിന്റെ കൂടി ഫലമായി അധികാരത്തിലേറുകയും ചെയ്തവർ ആ സമരത്തിന്റെ മുഖ്യ ആവശ്യമായിരുന്ന ലോക്പാൽ നിയമനം എന്തു കൊണ്ട് അഞ്ചുവർഷവും അവഗണിച്ചു? നരേന്ദ്ര മോദി സർക്കാർ ലോക്പാൽ സംവിധാനം ഉണ്ടാക്കാൻ ഇപ്പോഴും തയ്യാറായിട്ടില്ല.

രാഷ്ട്രീയത്തിലെ സത്യാസത്യ ബോധത്തിന്റെയും തത്ത്വദീക്ഷയുടെയും അവസ്ഥ ഇത്രമേൽ പരിതാപകരമാണ് എന്ന് നാം ഒരിക്കൽക്കൂടി തിരിച്ചറിയുന്നു. അതിനെക്കുറിച്ച് നമുക്കാർക്കും വ്യാമോഹങ്ങളൊന്നുമില്ല. അധികാരം കിട്ടാൻ എന്തും പറയും, കിട്ടിക്കഴിഞ്ഞാൽ എന്തും മറക്കും എന്നതാണ് പൊതുവായ അവസ്ഥ. ഇക്കാര്യത്തിൽ വ്യത്യസ്തരാണ് എന്ന് ആരെങ്കിലും തെളിയിച്ചതായി നമുക്കറിയില്ല. പക്ഷേ, എത്രത്തോളം പോകാം എന്നു ഒരിക്കൽ കൂടി കാട്ടിത്തരുന്നതാണ് അണ്ണാ ഹസാരെ-ലോക്പാൽ അനുഭവം.

81 വയസ്സായ ഒരു പൂർണ്ണഗാന്ധിയൻ ആണ് അണ്ണാ ഹസാരെ. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് കുറ്റങ്ങളും ദോഷങ്ങളും പറയാമെങ്കിലും സ്വാർത്ഥതാല്പര്യം അദ്ദേഹത്തിന്റെ നടപടികളിൽ ഉണ്ട് എന്നാരും ആക്ഷേപിക്കുകയില്ല. ഒരു തത്ത്വത്തിനു വേണ്ടിയുള്ള സമരമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. അന്ന് അദ്ദേഹത്തോടൊപ്പം അണിനിരന്ന് ഉപവാസസമരം ആഘോഷിച്ച ആരും ആ ഗ്രാമത്തിലെത്തിയില്ല. ആ സമരത്തിന്റെ ഉല്പന്നം എന്നു പോലും വിളിക്കാവുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പോലും എത്തിയില്ല എന്ന് അണ്ണാ ഹസാരെക്കൊപ്പം ഊണിലും ഉപവാസത്തിലും നിലയുറപ്പിച്ച ഗ്രാമവാസികൾ സങ്കടത്തോടെ പറയുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വലിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ആൾ. അഴിമതി നടത്തരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്, ഞാൻ അതു പാലിക്കും എന്നു പറഞ്ഞതുകൊണ്ടായില്ല. പ്രധാനമന്ത്രിമാർ അഴിമതി നടത്തിക്കൊള്ളണമെന്നില്ല. ഡോ. മൻമോഹൻസിങ് അഴിമതി നടത്തും എന്നു അദ്ദേഹത്തിന്റെ ആജന്മശത്രുക്കൾ പോലും പറയില്ല. പക്ഷേ, ഏറ്റവും വലിയ അഴിമതിവിരുദ്ധ സമരം നടത്തേണ്ടി വന്നത് അദ്ദേഹത്തിന്റെ ഭരണത്തിന് എതിരെയാണ്. വ്യക്തികളല്ല, അഴിമതി തടയാനുള്ള ഭരണസംവിധാനങ്ങളാണ് പ്രധാനം. അതാണ് ലോക്പാൽ ആശയം. നരേന്ദ്ര മോദി ഭരണകാലത്ത് ഡോ.മൻമോഹൻ സിങ്ങിന്റെ ഭരണത്തിലുണ്ടായതിലേറെ എന്തെങ്കിലും പുരോഗതി ഈ സർക്കാർ ഉണ്ടാക്കിയോ എന്നതാണ് ചോദ്യം. ഇല്ല എന്ന് ഇന്ത്യ ഒന്നടങ്കം മറുപടി നൽകുമ്പോൾ ലജ്ജിച്ചു തല താഴ്‌ത്തേണ്ടത് നരേന്ദ്ര മോദി ഭരണകൂടമാണ്. തീർച്ചയായും, നമ്മളും ആ വൃദ്ധ ഗാന്ധിയന്റെ മുന്നിൽ ചെന്നു തല താഴ്ത്തി ലജ്ജിച്ചു നിൽക്കണം.

Read More >>