ചുവന്ന മണ്ണ് ആര്‍ക്ക്

സി.പി.എം സംഘടിപ്പിച്ച വനിതാമതിലിനും ബി.ജെ.പി സംഘടിപ്പിച്ച അയ്യപ്പജ്യോതിയ്ക്കും വന്‍ സ്ത്രീപങ്കാളിത്തം ഉണ്ടായെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നു. ഇതെല്ലാം വോട്ടാകുമെന്നാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രതീക്ഷ. എന്നാല്‍, ഇതില്‍ തങ്ങളുടെ നിലപാടിനാവും സ്വീകാര്യത കിട്ടുക എന്നാണ് യു.ഡി.എഫ് കരുതുന്നത്.

ചുവന്ന മണ്ണ് ആര്‍ക്ക്

ചരിത്രത്തില്‍ ഏറെ പ്രസിദ്ധിയുണ്ട് കണ്ണൂരിന്. വര്‍ത്തമാന കാലത്ത് അക്രമരാഷ്ട്രീയത്തിന്റെ 'കുപ്രസിദ്ധി'യും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ വിശിഷ്യ സി.പി.എമ്മിന്റെ അതിപ്രഗത്ഭരായ നിരവധി നേതാക്കളുടെ തട്ടകമാണിവിടം. തെരഞ്ഞെടുപ്പുകളില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലം. ഒരര്‍ത്ഥത്തില്‍ കേരളത്തിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ തലസ്ഥാനമാണ് കണ്ണൂര്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയനായ നേതാവ് എ.കെ.ജിയെ ആദ്യ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് തുടങ്ങിയ മണ്ഡലത്തില്‍ പക്ഷേ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചത് സി.പി.എം വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥികളാണ് എന്നതാണ് കൗതുകം.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഏറെക്കാലം മുല്ലപ്പള്ളി രാമചന്ദ്രന്റെ ആധിപത്യമായിരുന്നു. മുല്ലപ്പള്ളി അഞ്ചു തവണ ജയിച്ചു കയറി- 1984, 89, 91, 96, 98 വര്‍ഷങ്ങളിലായിരുന്നു മുല്ലപ്പള്ളിയുടെ ജയം. 1984ല്‍ പാട്യം രാജനായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 89ല്‍ പി. ശശിയും 91ല്‍ ഇ. ഇബ്രാഹിംകുട്ടിയും 96 ല്‍ കടന്നപ്പള്ളി രാമചന്ദ്രനും 98ല്‍ എ.സി ഷണ്മുഖദാസുമായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥികള്‍. 2004 ല്‍ അന്ന് സി.പി.എമ്മിന്റെ യുവ നേതാവായിരുന്ന എ.പിഅബ്ദുള്ളക്കുട്ടിയാണ് മുല്ലപ്പള്ളിയുടെ ജൈത്രയാത്രയെ പിടിച്ചുകെട്ടിയത്.

തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, മട്ടന്നൂര്‍, അഴീക്കോട്, ധര്‍മ്മടം, പേരാവൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ ലോക് സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, തളിപ്പറമ്പും കണ്ണൂരും മട്ടന്നൂരും ധര്‍മ്മടവും എല്‍.ഡി.എഫിനൊപ്പവും ഇരിക്കൂറും അഴീക്കോടും പേരാവൂരും യു.ഡി.എഫിനൊപ്പവുമാണ്. എല്‍.ഡി.എഫിന്റെ നാലു മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തെ പ്രതിനിധീകരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ (ധര്‍മ്മടം), വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ (മട്ടന്നൂര്‍), തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (കണ്ണൂര്‍) എന്നിവരാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,566 വോട്ടുകള്‍ക്കാണ് സി.പി.എം സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ പരാജയപ്പെടുത്തിയത്.

മുന്നണികള്‍ പണി തുടങ്ങി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ആരംഭിച്ചു കഴിഞ്ഞു. സി.പി.എം ഇത്തവണ ഏറെ ശ്രദ്ധിക്കുന്നത് ഇടത്തരക്കാരെയാണ്. ഫ്ളാറ്റുകളിലും മറ്റും ജീവിക്കുന്ന, പൊതുവില്‍ പാര്‍ട്ടി ബന്ധങ്ങള്‍ ഇല്ലാത്തവരെ പാര്‍ട്ടിയുമായി അടുപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കുടുംബയോഗങ്ങള്‍ നടന്നു വരുന്നു. കണ്ണൂര്‍ വിമാനത്താവളവും അഴീക്കോട് എം.എല്‍.എ, കെ.എം ഷാജിക്കെതിരെയുള്ള കോടതി വിധിയും സി.പി.എമ്മിന്റെ പ്രചാരണത്തില്‍ വരും. വനിതാമതിലിന് ഉണ്ടായ വന്‍ സ്ത്രീപങ്കാളിത്തം സി.പി.എമ്മിന് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍, ശബരിമലയിലെ യുവതീപ്രവേശത്തില്‍ പാര്‍ട്ടി കോട്ടയായ കണ്ണൂരില്‍ ബി.ജെ.പി നേട്ടമുണ്ടാകുമോ എന്ന് സി.പി.എമ്മിന് ആശങ്കയുണ്ട്.

യു.ഡി.എഫ് നേതൃയോഗം കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നു. പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളും ഷുഹൈബ് വധവും ശബരിമലയിലെ യുവതീപ്രവേശവും യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടും.

ശബരിമലയിലെ യുവതീപ്രവേശ വിഷയം പരമാവധി ഉയര്‍ത്തിക്കാട്ടിയാവും ബി.ജെ.പിയുടെ വോട്ടുപിടിത്തം. അരലക്ഷത്തില്‍ കുറച്ചധികം വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് മണ്ഡലത്തിലുള്ളത്.

സ്ഥാനാര്‍ത്ഥികള്‍: സാദ്ധ്യത

പി.കെ ശ്രീമതിക്ക് ഒരവസരം കൂടി നല്‍കുക, അല്ലെങ്കില്‍ പാര്‍ട്ടിയുടെ കരുത്തനായ ജില്ലാ സെക്രട്ടറി പി.ജയരാജന് അവസരം നല്‍കുക എന്നതാണ് സി.പി.എമ്മിന്റെ ആലോചന. യുവാക്കളെ പരിഗണിക്കുകയാണെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിനോ എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി. ശിവദാസനോ നറുക്ക് വീഴും. അതേ സമയം യു.ഡി.എഫില്‍ നിന്നും കെ. സുധാകരനും സതീശന്‍ പാച്ചേനിയുമാണ് ലിസ്റ്റില്‍.

ഷുഹൈബ് വധക്കേസിലെ സമരങ്ങളും ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ കരുത്തനായ സുധാകരന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷവോട്ടുകള്‍ പെട്ടിയിലാക്കാന്‍ എ.പി അബ്ദുള്ളക്കുട്ടിയെ പരിഗണിച്ചേക്കാം.

കണ്ണൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്തിനെയോ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശിനെയോ പരിഗണിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മത്സരിച്ച വി.കെ സജീവനും ആലോചനയിലുണ്ട്. ആര്‍.എസ്.എസ്സില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയാണെങ്കില്‍ സദാനന്ദന്‍ മാസ്റ്ററെയാകും പരിഗണിക്കുക.

നിരവധി വികസന പ്രവര്‍ത്തനങ്ങള്‍: എം.പി

പരിസ്ഥിതി സംരക്ഷണത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ജലസ്രോതസ്സുകള്‍ നിലനിര്‍ത്തുന്നതിനുമായി ഉപയോഗശൂന്യമായ കുളങ്ങള്‍ നവീകരിക്കാനും പുതിയ കുളങ്ങള്‍ നിര്‍മ്മിക്കാനും മുന്‍കൈയെടുത്തു. കണ്ണൂര്‍ നഗരത്തിലെ ആനക്കുളം, ചെട്ടിയാര്‍ കുളം, വലിയ കുളം തുടങ്ങിയവ നവീകരിച്ചു. കൂടാതെ മാലിന്യത്തോടുകളായിരുന്ന പടത്തോട്, ഉപ്പാലവളപ്പ് തോട് തുടങ്ങിയ തോടുകള്‍ നവീകരിച്ചു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റി. എസ്‌കലേറ്റര്‍, ലിഫ്റ്റ്, സബ് വേ, പാര്‍ക്കിംഗ്, പുതിയ എക്‌സിറ്റ്, പ്രധാന കെട്ടിടത്തിന്റെ പുനരുദ്ധാരണം, കിഴക്കേ കവാടം, നിര്‍ദ്ദിഷ്ട നാലാം പ്ലാറ്റ്‌ഫോം തുടങ്ങിയവ. കണ്ണൂര്‍ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ശമനം കാണുതിനായി കാള്‍ടെക്‌സ് സര്‍ക്കിള്‍ 75 ലക്ഷം രൂപ ചെലവിട്ട് വിപുലീകരിച്ചു.

എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 45 ലക്ഷം രൂപ ചെലവില്‍ 5 യൂണിറ്റ് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചു.

എം.പി ഫണ്ടില്‍ 694 പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചതില്‍ 579 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 115 പ്രവൃത്തികളുടെ നിര്‍വ്വഹണം നടക്കുകയാണ്.

പട്ടികജാതി - വര്‍ഗ്ഗ മേഖലകളില്‍ 4.80 കോടിയുടെ പ്രവൃത്തികള്‍ അനുവദിച്ചു. ഭിന്നശേഷിക്കാരായ 68 പേര്‍ക്ക് മുച്ചക്ര വാഹനവും വീല്‍ചെയറും നല്‍കാന്‍ 53 ലക്ഷം രൂപ അനുവദിച്ചു. അങ്കണവാടികളും വായനശാലകളും സ്‌കൂളുകളും ഉള്‍പ്പെടെ രണ്ട് കോടി 53 ലക്ഷം രൂപ ചെലവില്‍ 32 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപയുടെ 18 കെട്ടിട നിര്‍മ്മാണങ്ങള്‍ നടക്കുന്നു.

69 കോടി രൂപ ചെലവില്‍ മണ്ഡലത്തിലെ 69 റോഡുകളുടെ ടാറിങ് പൂര്‍ത്തീകരിച്ചു. 1.06 കോടി ചിലവില്‍ 13 റോഡുകളുടെ പ്രവൃത്തി നടക്കുന്നു. 31 സ്ഥലങ്ങളില്‍ ഹൈമാസ്റ്റ്/സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും 12 സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവൃത്തി നടക്കുകയാണ്.

303 സ്‌കൂളുകള്‍ ഹൈടെക് ആക്കാന്‍ കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ക്ലാസ് റൂം ഉപകരണങ്ങളും ഉള്‍പ്പെടെ 3.30 കോടിയുടെ പ്രവൃത്തി നടന്നു. 58 സ്‌കൂളുകളുടെ 49.70 ലക്ഷം രൂപയുടെ പ്രവൃത്തി നടക്കുന്നു. മലബാര്‍ ക്രൂയിസ് പ്രൊജക്ടിന് 84 കോടി രൂപ കേന്ദ്ര ഫണ്ട് ലഭിച്ചു. പയ്യാമ്പലം ബീച്ച് നവീകരണത്തിനും നടപ്പാത നിര്‍മ്മിക്കാനും സാധിച്ചു.

കണ്ണൂര്‍ തിരിച്ചു പിടിക്കും: സതീശന്‍ പാച്ചേനി (ഡി.സി.സി പ്രസിഡന്റ്)

എടുത്തുപറയത്തക്ക വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കണ്ണൂരില്‍ ഉണ്ടായിട്ടില്ല. പി.കെ. ശ്രീമതി എം.പി ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന കാര്യം വിമാനത്താവളമാണ്. നാലു സര്‍ക്കാരുകളുടെ കാലത്ത് ഘട്ടംഘട്ടമായി നടന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്നതാണത് എം.പിയുടെ മിടുക്കുകൊണ്ടല്ല. എം.പി ഫണ്ട് മണ്ഡലത്തില്‍ വിനിയോഗിച്ചതിലപ്പുറം പ്രത്യേകമായ വികസന സംരംഭങ്ങളൊന്നും ഉണ്ടായിട്ടില്ല.

മണ്ഡലം തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്സും യു.ഡി.എഫും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് ജയിച്ചത്. അന്നുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചു.

സ്ത്രീ വോട്ടര്‍മാരുടെ മനസ്സറിയാന്‍

കണ്ണൂരിലേ വിധി നിര്‍ണ്ണയിക്കുന്നതില്‍ സ്ത്രീ വോട്ടര്‍മാരുടെ പങ്ക് വളരെ വലുതാണ്. ഇത്തവണ സ്ത്രീകളുടെ മനസ്സ് ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക അസാദ്ധ്യം. സി.പി.എം സംഘടിപ്പിച്ച വനിതാമതിലിനും ബി.ജെ.പി സംഘടിപ്പിച്ച അയ്യപ്പജ്യോതിയ്ക്കും വന്‍ സ്ത്രീപങ്കാളിത്തം ഉണ്ടായെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നു. ഇതെല്ലാം വോട്ടാകുമെന്നാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയുംപ്രതീക്ഷ. എന്നാല്‍, ഇതില്‍ തങ്ങളുടെ നിലപാടിനാവും സ്വീകാര്യത കിട്ടുക എന്നാണ് യു.ഡി.എഫ് കരുതുന്നത്.

വയല്‍ക്കിളികളെ പിടിക്കാന്‍ സി.പി.എം

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന പാര്‍ട്ടി അനുഭാവികളും മുന്‍ അംഗങ്ങളുമായ വയല്‍ക്കിളികളെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടെക്കൂട്ടാനുള്ള നുള്ള ശ്രമത്തിലാണ് സി.പി.എം. കീഴാറ്റൂര്‍ വയലിലൂടെ ബൈപ്പാസ് കടന്നുപോകുമെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം വന്നതോടെ വയല്‍ക്കിളികളെ പാര്‍ട്ടിയിലേക്ക് സി.പി.എം തിരിച്ചു വിളിച്ചിരുന്നു. എന്നാല്‍ വയല്‍ക്കിളികള്‍ ഇടഞ്ഞു തന്നെയാണ്. വയല്‍ക്കിളികളെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. സി.പി.എമ്മുമായി അടുക്കില്ലെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍.

കണ്ണൂരിലെ വോട്ടര്‍മാര്‍

കണ്ണൂരില്‍ 2019 ജനുവരി വരെയുള്ള കണക്കുപ്രകാരം 18,91,492 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 30031 പുതിയ വോട്ടര്‍മാരും 5926 പ്രവാസി വോട്ടര്‍മാരുമാണ്. 8,83,951 പുരുഷ വോട്ടര്‍മാരും 10,07541 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. നിലവിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 12196 മരിച്ചവരെയും 7948 സ്ഥലംമാറി പോയവരെയും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂരിലെ പ്രൊജക്ടഡ് ജനസംഖ്യ 2581049 ആണ്.