അനീസാണ് താരം

'ജനിച്ച നിമിഷം തൊട്ടെന്‍ മകനിംഗ്ലീഷു പഠിക്കണം/അതിനാല്‍ ഭാര്യതന്‍ പേറങ്ങിഗ്ലണ്ടിലാക്കി ഞാന്‍' എന്ന് മലയാളികളുടെ ആംഗലഭാഷാ പ്രണയത്തെ കളിയാക്കി...

അനീസാണ് താരം

'ജനിച്ച നിമിഷം തൊട്ടെന്‍ മകനിംഗ്ലീഷു പഠിക്കണം/അതിനാല്‍ ഭാര്യതന്‍ പേറങ്ങിഗ്ലണ്ടിലാക്കി ഞാന്‍' എന്ന് മലയാളികളുടെ ആംഗലഭാഷാ പ്രണയത്തെ കളിയാക്കി കുഞ്ഞുണ്ണിമാഷ് എഴുതി എന്നതൊക്കെ ശരിതന്നെ. പക്ഷേ കേരളത്തിലെ സാഹിത്യാസ്വാദകര്‍ ഇംഗ്ലീഷിലെഴുതുന്ന മലയാളികളെ വല്ലാതെയൊന്നും അംഗീകരിച്ചിട്ടില്ല. അരുന്ധതിറോയ്, അനിതാനായര്‍, ജീത് തയ്യില്‍, മനുജോസഫ് തുടങ്ങി ഒന്നാന്തരം ഇംഗ്ലീഷ് എഴുത്തുകാര്‍ നമുക്കുണ്ട്. പക്ഷേ നമ്മുടെ സാഹിത്യബോധം സാമാന്യമായി ഇപ്പോഴും 'കുടനന്നാക്കുന്ന ചോയി'യിലും 'മീശ'യിലും മറ്റും തട്ടിത്തടഞ്ഞു നില്ക്കുകയാണ്. അതുകൊണ്ടാണ് അരുന്ധതിറോയിക്ക് ബുക്കര്‍ സമ്മാനം കിട്ടിയപ്പോള്‍ 'എന്തോന്ന് അയ്മനത്തുകാരി' എന്ന മട്ടില്‍ മലയാളത്തിലെ വ്യവസ്ഥാപിത സാംസ്‌ക്കാരിക മണ്ഡലം പുരികം ചുളിച്ചത്. അനീസ് സലീം എന്ന വര്‍ക്കലക്കാരന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിക്കുമ്പോഴും നമ്മുടെ പുരികം ഉയര്‍ന്നാല്‍, അതില്‍ ഒട്ടും അതിശയപ്പെടേണ്ടതില്ല.

നേരു പറഞ്ഞാല്‍ അനീസ് സലീം താരമായത് ഇപ്പോഴൊന്നുമല്ല. 2013 ലെ ഹിന്ദു ലിറ്ററി പ്രൈസ് ഈ ചെറുപ്പക്കാരന്റെ വാനിറ്റി ബാഗ് എന്ന നോവലിനാണെന്ന് 2014 ജനുവരിയില്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ്. ആരാണ് അനീസ് സലീം എന്ന് തിരഞ്ഞ് ആളുകള്‍ പരക്കം പാഞ്ഞു. കൊച്ചിയിലെ ഒരു പരസ്യക്കമ്പനിയില്‍ പണിയെടുക്കുന്ന, സാമൂഹ്യബന്ധങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യനാണ് പുള്ളി എന്നത് അവര്‍ക്ക് അത്ഭുതമായിരുന്നു; അതും 16ാം വയസ്സില്‍ പ്രീഡിഗ്രി പഠനം ഉഴപ്പി അങ്ങുമിങ്ങും അലഞ്ഞു നടന്ന ഒരു സ്‌കൂള്‍ ഡ്രോപ് ഔട്ട്. പിതാവ് സലീമിന്റെ ശേഖരത്തിലുള്ള പുസ്തകങ്ങള്‍ വായിച്ച് എഴുത്തിന്റെ ലോകത്തെത്തിയ ഒരാള്‍. അനീസ് സലീമിന് ഫെയ്സ് ബുക്കില്‍ ഒത്തിരി സുഹൃത്തുക്കളുണ്ട്; പക്ഷേ നേരിട്ടു ബന്ധപ്പെടുന്നവര്‍ വളരെ കുറവ്. സാഹിത്യസമ്മേളനങ്ങളുടെ കാര്യമിരിക്കട്ടെ, വിവാഹച്ചടങ്ങുകള്‍ക്കുപോലും കക്ഷി പോവാറില്ല. മരണവീടുകളില്‍ പോയി എന്നുവരും. അവിടെ തന്നെ ആരും ശ്രദ്ധിക്കുകയില്ല എന്ന് ഈ എഴുത്തുകാരന്‍ കരുതുന്നുപോലും. എഴുത്തുകാരനെ അയാള്‍ക്ക് ചുറ്റും പടുത്തുയര്‍ത്തുന്ന കെട്ടുകാഴ്ചകള്‍ വഴിയല്ല തിരിച്ചറിയേണ്ടതെന്നും മറിച്ച് എഴുത്തിലൂടെയാണെന്നും വിശ്വസിക്കുന്ന അനീസ് സലീം അവാര്‍ഡുകള്‍ വാങ്ങാനും പോകാറില്ല. ഹിന്ദു ലിറ്റററി പ്രൈസ് വാങ്ങാന്‍ അനീസ് പോയിട്ടില്ല. ദി ബ്ലൈന്‍ഡ് ലേഡീസ് ഡിസ്സന്‍ഡന്റ്സ് എന്ന കൃതിക്ക് 2015 ല്‍ ക്രോസ് വേര്‍ഡ് ബുക്ക് അവാര്‍ഡ് ലഭിച്ചപ്പോഴും 2017 ല്‍ ബംഗളൂരുവിലെ ആട്ടഗലാട്ടാ ബുക് ഫെസ്റ്റിവലില്‍ ഏറ്റവും പുതിയ കൃതിയായ ദി സ്മാള്‍ ടൌണ്‍സീയ്ക്ക് ഇംഗ്ലീഷിലെ മികച്ച കഥാസാഹിത്യത്തിന്നുള്ള പുരസ്‌ക്കാരം ലഭിച്ചപ്പോഴും അവാര്‍ഡ് സ്വീകരിക്കാന്‍ ഈ എഴുത്തുകാരന്‍ പോയില്ല. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം ഏറ്റുവാങ്ങാനും അനീസ് ഇല്ല. എന്ന് വെച്ച് അവയെ തള്ളിപ്പറഞ്ഞ് ആളാവാനും അദ്ദേഹമില്ല. എഴുത്തുകാരന് എഴുത്തുകാരന്റെ ധര്‍മ്മം, അവാര്‍ഡ്ദാതാക്കള്‍ക്ക് അവരുടെ ധര്‍മ്മം.

ഇംഗ്ലീഷിലെഴുതിയ മലയാളം നോവലാണ് അരുന്ധതിയുടെ ഗോഡ് ഓഫ് സ്മാള്‍ തിംഗ്സ് എന്നുപറയാറുണ്ട്. അനീസിന്റെ നോവലുകള്‍ ഒരു പക്ഷേ അതിലുമപ്പുറത്താണ് നിലക്കൊള്ളുന്നത്. സ്വന്തം ദേശത്തിന്റേയും സാമൂഹ്യപരിസരത്തിന്റേയും തുടിപ്പുകള്‍ നര്‍മ്മമധുരമായി അനീസ് ആഖ്യാനം ചെയ്യുമ്പോള്‍ അതോര്‍മ്മിപ്പിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിനെയായിരിക്കും. ബഷീര്‍ ആദ്യകാലത്ത് എഴുതിയിരുന്നത് ഇംഗ്ലീഷിലായിരുന്നുവത്രേ. അദ്ദേഹം ആ വഴിയേ സഞ്ചരിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവോ അതാണ് അനീസ് സലീം. ആത്മഹാസത്തിന്ന് ഇത്രയും കരുതുന്നുണ്ടോ എന്ന് അനീസിന്റെ നോവലുകള്‍ വായിക്കുന്നവരെല്ലാം അമ്പരന്നുപോവും. എഴുതിയ നോവലുകളിലെല്ലാം പല അളവുകളില്‍ അനീസുണ്ട്, അനീസിന്റെ കുടുംബവും ദേശവുമുണ്ട്, അനീസിന്റെ സമുദായമുണ്ട്. മുസ്ലിം സമൂഹം അനുഭവിക്കുന്ന സാംസ്‌ക്കാരിക സമ്മര്‍ദ്ദങ്ങളുണ്ട്; പക്ഷേ എല്ലാറ്റിനേയും ഈ നോവലിസ്റ്റ് അവതരിപ്പിക്കുന്നത് നര്‍മ്മത്തിന്റെ മധുരം പുരട്ടിയാണ്. ദി വിക്സ് മാംഗോട്രിയും ടെയില്‍സ് ഫ്രം എ വൈന്‍ഡിങ് മെഷീനും ദി സ്മാള്‍ ടൗണ്‍ സീയുമെല്ലാം തുറന്നിടുന്നത്, വല്ലാത്തൊരു അനുഭവലോകമാണ്. ആ ലോകത്തു ജീവിക്കുന്ന കഥാപാത്രങ്ങളോടെല്ലാം നമുക്ക് കൊച്ചുവര്‍ത്തമാനം പറയാം, അവരോടൊപ്പം സുഖദുഃഖങ്ങള്‍ പങ്കിടാം. ഒരു സംശയവും വേണ്ട, മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന അസാമാന്യനായ എഴുത്തുകാരനാണ് അനീസ് സലീം. അദ്ദേഹത്തിന്റെ അതിമനോഹരമായ ഇംഗ്ലീഷിനും അത്യാകര്‍ഷകമായ ആഖ്യാനശൈലിയ്ക്കും മുന്നില്‍ നില്ക്കുമ്പോള്‍ ഏതു വായനക്കാരനും ഇങ്ങനെ പറഞ്ഞുപോവും-എന്തൊരു സുപ്പര്‍ബ് പെര്‍ഫോമന്‍സ്!