ചോറ്റിന്നുമുമ്പിലും പടയ്ക്ക് പിന്നിലും

ചോറ്റിന്നുമുമ്പിലും പടയ്ക്ക് പിന്നിലും എന്നാണ് നായന്മാരെപ്പറ്റി പണ്ടേ പറഞ്ഞു വരാറുള്ളത്. പക്ഷേ സുകുമാരന്‍ നായര്‍ ഒരിക്കലും പിന്നില്‍ നിന്നു പൊരുതുന്ന ആളല്ല. അതികായന്മാരായി വിലസിയ പല സിംഹസമാന നായന്മാരേയും പൂച്ചക്കുട്ടികളെ മെരുക്കുന്നപോലെ മെരുക്കിയ രാഷ്ട്രീയ ചരിത്രമാണ് കേരളത്തിന്റേത്. അങ്ങനെ പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായിപ്പോയി, കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള സിങ്കപ്പൂര്‍ അംബാസഡറായി, ആര്‍ ബാലകൃഷ്ണപിള്ള ഇരുമുന്നണികളുടേയും അടുക്കളത്തിണ്ണകളില്‍ കാത്തുകെട്ടിക്കിടക്കേണ്ടിവന്നു.

ചോറ്റിന്നുമുമ്പിലും പടയ്ക്ക് പിന്നിലും

ശബരിമലയില്‍ യുവതികളെ കയറ്റാമോ ഇല്ലയോ എന്ന വിവാദം ഏറ്റവുമധികം ഗുണം ചെയ്തവരിലൊരാളാണ് നായര്‍സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകന്‍ മന്നത്തു പത്മനാഭന്‍. ഇതേവരെ മുന്നാക്കവര്‍ഗ ഹിന്ദുത്വ സാമുദായികതയുടെ വക്താവായാണ് ഇടതുപക്ഷ രാഷ്ട്രീയം മന്നത്തെ വിശേഷിപ്പിച്ചുപോന്നത്. വിമോചനസമരത്തിന്റെയും മറ്റും ഓര്‍മ്മകള്‍ കമ്മ്യൂണിസ്റ്റ്കാരെക്കൊണ്ട് അങ്ങനെയൊക്കെ ചിന്തിപ്പിച്ചതും സ്വാഭാവികം. പക്ഷേ എത്രപെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞതും മന്നത്തുപത്മനാഭപിള്ള നവോത്ഥാന നായകനായതും? പക്ഷേ മന്നം കേരളീയ നവോത്ഥാനത്തിന്റെ നായകരിലൊരാളായി പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെ സാംസ്‌ക്കാരിക പൊതുമണ്ഡലത്തില്‍ നിന്ന് മറ്റൊരു നായര്‍ പടിയിറക്കപ്പെട്ടു. എല്‍.ഡി.എഫിനും യു.ഡി.എഫിനുമിടയില്‍ സമദൂരം പുലര്‍ത്തിനിന്ന എന്‍.എസ്.എസ് ഇന്ന് ഇടതുപക്ഷത്തിന്ന് ചതുര്‍ത്ഥിയായതിനുകാരണം സംഘടനയുടെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ്. ഇടതു-കോണ്‍ഗ്രസ് മുന്നണികള്‍ക്കിടയില്‍ മാത്രമാണ് എന്‍.എസ്.എസ് സമദൂരം പുലര്‍ത്തിയിരുന്നതെന്നും ബി.ജെ.പിയുടെ പൂമുഖത്തിണ്ണയോട് തൊട്ടടുത്താണ് സംഘടനയുടെ ഇരിപ്പ് എന്നുമാണ് ഇപ്പോള്‍ സകലമാന മാര്‍ക്സിസ്റ്റുകാരും പറയുന്നത്. അതിന്റെ പേരില്‍, അവര്‍ സുകുമാരന്‍ നായരെ പറയാത്ത ശകാരവാക്കുകളുമില്ല. ഏതായാലും ഒരു കാര്യം തീര്‍ച്ച, ശബരിമല വിവാദാനന്തരകാലത്ത് പിണറായി വിജയനെന്ന കേരളമുഖ്യനെ നെഞ്ചുയര്‍ത്തിപ്പിടിച്ച് എതിര്‍ക്കുന്നത് രമേശ് ചെന്നിത്തലയോ പി.എസ് ശ്രീധരന്‍ പിള്ളയോ വി.എസ് അച്യുതാനന്ദന്‍ പോലുമോ അല്ല; ആഗോള നായര്‍ സമുദായ തലസ്ഥാനമായ പെരുന്നയിലിരുന്ന് കാര്യങ്ങള്‍ നീക്കുന്ന സുകുമാരന്‍ നായരാണ്. ഒരു നായരേയും തങ്ങള്‍ക്ക് പേടിയില്ലെന്നു വീമ്പുപറയുമെങ്കിലും തെരഞ്ഞെടുപ്പും മറ്റുമോര്‍ക്കുമ്പോള്‍ സുകുമാരന്‍ നായര്‍ പിണറായിയുടേയും കോടിയേരിയുടേയും ഉറക്കം ഞെട്ടിക്കുന്നുണ്ടെന്നതും സത്യം.

1914 ല്‍ മന്നത്തുപത്മനാഭന്‍ നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിക്കുന്നത് 'ഹിന്ദുക്കളുടെ നാടാ'യ തിരുവിതാംകൂറില്‍ മേല്‍ക്കൈയുണ്ടായിരുന്ന നായര്‍ സമുദായാംഗങ്ങള്‍ അനുഭവിക്കുന്ന പരാധീനതകള്‍ കണ്ട് സങ്കടപ്പെട്ടിട്ടാണ്. നായന്മാര്‍ക്കിടയിലെ അനാചാരങ്ങളും അത്യാചാരങ്ങളും റോമന്‍കത്തോലിക്കരുടെ പിന്നിലേക്ക് അവരെ തള്ളിനീക്കി. നായര്‍ നവോത്ഥാനമാണോ സാമൂഹിക നവോത്ഥാനമോ ഏതായിരുന്നു മന്നത്തിന്റെ അജണ്ട എന്നതൊക്കെയിരിക്കട്ടെ, എന്‍.എസ്.എസ് തിരുവിതാംകൂറിലുണ്ടാക്കിയ പരിവര്‍ത്തനങ്ങള്‍ കുറച്ചൊന്നുമല്ല. കെ കേളപ്പനടക്കം പ്രമുഖരായ നിരവധിപേര്‍ സംഘടനയുടെ ഭാരവാഹികളായിട്ടുണ്ട്. പക്ഷേ അവരെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തിലാണ് സുകുമാരന്‍നായര്‍ കേരളത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുള്ളത്. പറഞ്ഞു വന്നാല്‍ ആള്‍ വെറുമൊരു സാധാരണനായര്‍. വിദ്യാഭ്യാസത്തിന്റേയോ സാമ്പത്തികശേഷിയുടേയോ രാഷ്ട്രീയപാരമ്പര്യത്തിന്റേയോ അലങ്കാരങ്ങളൊന്നും തലയ്ക്കു മുകളിലില്ല. അസാമാന്യമായ വാക് വൈഭവമില്ല, ആളുകളെ ആകര്‍ഷിക്കുന്ന ഗിമ്മിക്കുകളില്ല. പക്ഷേ തനിക്ക് ശരിയെന്ന് തോന്നിയ വഴിയിലൂടെ അദ്ദേഹം നടക്കും, ധീരമായി തന്നെ അതിന്റെ അനന്തരങ്ങളൊന്നും അദ്ദേഹം നോക്കാറില്ല, കേള്‍ക്കാറില്ല.

വളരെ ലളിതമായിരുന്നു സുകുമാരന്‍ നായരുടെ തുടക്കം. എന്‍.എസ്.എസ് ആപ്പീസില്‍ ചെറിയൊരു ഉദ്യോഗം, സംഘടനയുടെ താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്നാണ് അതിന്റെ ജീവാത്മാവും പരമാത്മാവുമായത്. ഈ ലാളിത്യം അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളിലുമുണ്ട്, സാമുദായിക സംഘടനകളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും നേതാക്കന്മാര്‍ കൊട്ടും ഘോഷവുമായി ആഡംബര വിവാഹങ്ങള്‍ നടത്തുമ്പോള്‍, വളരെ ചുരുക്കം പേരെ മാത്രം ക്ഷണിച്ച് അതിലളിതമായി മകന്റെ കല്യാണം നടത്തിയ ആളാണ് സുകുമാരന്‍ നായര്‍.

ചോറ്റിന്നുമുമ്പിലും പടയ്ക്ക് പിന്നിലും എന്നാണ് നായന്മാരെപ്പറ്റി പണ്ടേ പറഞ്ഞു വരാറുള്ളത്. പക്ഷേ സുകുമാരന്‍ നായര്‍ ഒരിക്കലും പിന്നില്‍ നിന്നു പൊരുതുന്ന ആളല്ല. അതികായന്മാരായി വിലസിയ പല സിംഹസമാന നായന്മാരേയും പൂച്ചക്കുട്ടികളെ മെരുക്കുന്നപോലെ മെരുക്കിയ രാഷ്ട്രീയ ചരിത്രമാണ് കേരളത്തിന്റേത്. അങ്ങനെ പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായിപ്പോയി, കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള സിങ്കപ്പൂര്‍ അംബാസഡറായി, ആര്‍ ബാലകൃഷ്ണപിള്ള ഇരുമുന്നണികളുടേയും അടുക്കളത്തിണ്ണകളില്‍ കാത്തുകെട്ടിക്കിടക്കേണ്ടിവന്നു. ഇങ്ങനെയൊരു പതനമായിരിക്കും ജി. സുകുമാരന്‍ നായര്‍ക്കുണ്ടാവുകയെന്ന് കരുതുന്നവര്‍ നിരവധി. ആരു സമ്മതിച്ചാലും അദ്ദേഹമത് സമ്മതിച്ചുതരികയില്ല; അതാണ് അദ്ദേഹത്തിന്റെ ആത്മബലം. എത്രകണ്ടു ഈ ബലം നിലനില്ക്കുമോ ആവോ!

Read More >>