കര്‍ഷകരോഷത്തെ ഭരണകൂടം ഭയപ്പെടേണ്ടിവരും

കർഷക ആത്മഹത്യയെക്കുറിച്ച് കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധപ്പെടുത്താൻ പോലും വിമുഖത പ്രകടിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. 2015നു ശേഷം കേന്ദ്രസർക്കാർ ഈ കണക്ക് പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

കര്‍ഷകരോഷത്തെ ഭരണകൂടം ഭയപ്പെടേണ്ടിവരും

ർഷം 15,000 കർഷകർ ആത്മഹത്യ ചെയ്യുന്നതു വലിയ വാർത്തയൊന്നുമാകാത്ത രാജ്യത്ത് ഒരു കർഷകൻ 750 കിലോഗ്രാം സവാള വിറ്റുകിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്കയച്ചു കൊടുത്തത് വലിയ വാർത്തയാകും. വാർത്താപ്രാധാന്യത്തിന്റെ വിചിത്രന്യായങ്ങൾ വാർത്ത കൈകാര്യം ചെയ്യുന്നവരെപ്പോലും പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. വർഷം 40,000 ആളുകൾ തെരുവിൽ വാഹനമിടിച്ചു ചാവുന്ന സംസ്ഥാനത്ത് കോപ്പിയടി പിടിക്കപ്പെട്ടതിനു ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുന്നത് വാർത്തയാകും. വാർത്ത മാത്രമല്ല, അതു വലിയ പ്രക്ഷോഭത്തിനും സംഘർത്തിനും കാരണമാവുകയും ചെയ്യും.

സവാളവില രാജ്യത്ത് ഭരണമാറ്റത്തിനു പോലും ഇടയാക്കാറുള്ള വലിയ വിഷയമാണ്. സവാളയുടെ വില കുറയുന്നതാണ് കർഷകന്റെ പ്രശ്നമെങ്കിൽ അതു കൂടുന്നതാണ് കർഷകേതര ജനങ്ങളുടെ പ്രശ്‌നം. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് സവാള. ഇതിന്റെ വില എപ്പോഴും കുറഞ്ഞിരിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. പത്തു രൂപയ്ക്ക് ഒരു കിലോ വലിയ ഉള്ളിയോ തക്കാളിയോ കിട്ടിയാൽ നമുക്കും ബഹുസന്തോഷമാണ്. പത്തു രൂപയ്ക്ക് ഒരു കിലോ തക്കാളി വിൽക്കുമ്പോൾ ഈ പത്തു രൂപയിൽ എത്ര രൂപ കർഷകനു കിട്ടിക്കാണും എന്ന് അധികം പേർ ആലോചിക്കാറില്ല. ഒരു രൂപ കിട്ടിക്കാണും. പട്ടണത്തിൽ വിൽക്കാൻ കൊണ്ടുവന്ന തക്കാളി വിൽക്കാനാവാതെ കർഷകന്റെ ഉള്ളം ആളുന്നുണ്ടാവും. ചാക്കുചാക്കായി തക്കാളി അവർ ഓടയിൽ തള്ളിയത് പലപ്പോഴും വാർത്തയും വർണ്ണമനോഹര വീഡിയോ ഫിലിമുമാകാറുണ്ട്. നൂലിനു വില കുറയണമെന്നും മുണ്ടിനു വിലയേറണമെന്നും നെയ്ത്തുകാരൻ ആഗ്രഹിക്കുന്നതിൽ തെറ്റു പറയാനാവില്ല. പക്ഷേ, ഭരണകൂടം, രാഷ്ട്രീയപാർട്ടികൾ, സാമ്പത്തിക വിദഗ്ദ്ധർ, നയനിർമ്മാതാക്കൾ, മാദ്ധ്യമങ്ങൾ....ഇവരെല്ലാം മൊത്തം സമൂഹത്തിന്റെ താല്പര്യം സമതുലനത്തോടെ സംരക്ഷിക്കേണ്ടവരാണ്. ഇന്ത്യയിൽ എത്രയോ നൂറ്റാണ്ടുകളായി കർഷകർ എല്ലാവരാലും നിരന്തരം ചൂഷണം ചെയ്യപ്പെടുകയാണ്.

തിരിച്ചടക്കാതെ പോകുന്ന കാർഷികവായ്പകൾ എന്തു വില കൊടുത്തും തിരിച്ചു പിടിക്കുക എന്നതാണു ഭരണകർത്താക്കളുടെ നയം. പക്ഷേ, സർക്കാറിനെത്തന്നെയല്ല രാഷ്ട്രത്തെത്തന്നെ തകർത്തുകൊണ്ടിരിക്കുകയാണ് ബാങ്കുകളിലെ കിട്ടാക്കടമായ ആറേ മുക്കാൽ ലക്ഷം കോടി രൂപ. ഇതേപ്പറ്റി ഭരണകർത്താക്കൾക്കോ പാർട്ടികൾക്കോ മാദ്ധ്യമങ്ങൾക്കോ വലിയ വേവലാതിയൊന്നും കാണാനില്ല. ഈ വലിയ കിട്ടാക്കടത്തിൽ എഴുപതു ശതമാനം വൻകിട കോർപ്പറേറ്റുകളുടേതാണ്. കർഷകന്റെ കടം ഒരു ശതമാനം പോലും വരില്ല. ഗുജറാത്ത് സർക്കാർ ടാറ്റയ്ക്ക് നാനോ കാർ നിർമ്മിക്കാൻ 558 കോടി രൂപ വായ്പ കൊടുത്തത് 0.1 ശതമാനം പലിശയ്ക്കാണ്. ഇരുപതു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇനി അടച്ചില്ലെങ്കിലും വിരോധമില്ല! ആടിനെ വാങ്ങാൻ കർഷകനു കൊടുക്കുന്ന 5000 രൂപ വായ്പക്ക് പല സംസ്ഥാനങ്ങളിലെയും മൈക്രോ ഫൈനാൻസ് സ്ഥാപനങ്ങൾ 24 ശതമാനംവരെ പലിശ ഈടാക്കുന്നതിനെക്കുറിച്ച് കാർഷിക വിദഗ്ദ്ധനായ ദേവീന്ദർ ശർമ്മ എഴുതിയിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളുടെ വ്യഥയെക്കുറിച്ച് നിരന്തരം നമ്മെ ഓർമ്മിപ്പിക്കുന്നത് ദേവീന്ദർ ശർമ്മയെയും പി. സായ്‌നാഥിനെയും പോലെ അപൂർവ്വം ചില ആളുകൾ മാത്രം. 1998നു ശേഷമുള്ള 20 വർഷത്തിനിടയിൽ മൂന്നു ലക്ഷം കർഷകർ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് സായ്‌നാഥ് എഴുതിയിട്ടുണ്ട്.

കർഷക ആത്മഹത്യയെക്കുറിച്ച് കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധപ്പെടുത്താൻ പോലും വിമുഖത പ്രകടിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. 2015നു ശേഷം കേന്ദ്രസർക്കാർ ഈ കണക്ക് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കാർഷികമേഖലയോടുള്ള അവഗണനയ്ക്ക് ഏതെങ്കിലും ഒരു പാർട്ടിയേയോ സർക്കാറിനെയോ മാത്രമായി പ്രതിക്കൂട്ടിലേറ്റാൻ കഴിയുകയില്ല. 1990നു ശേഷം ഈ മേഖല അതിവേഗം തകർന്നു കൊണ്ടിരിക്കുകയാണ് എന്നു കണക്കുകൾ വ്യക്തമാക്കുന്നു. 90കൾ ഇന്ത്യയിൽ ആഗോളവൽക്കരണ നയങ്ങൾക്ക് അനുകൂലമായി രാഷ്ട്രീയാഭിപ്രായ സമന്വയം രൂപപ്പെട്ടു കഴിഞ്ഞ കാലമാണ് എന്നു കൂടി ഓർക്കണം.

കൃഷിയുടെയും ഗ്രാമീണ സമ്പദ് ഘടനയുടെയും തകർച്ചയുടെ ഫലമായി ഗ്രാമങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ എണ്ണംതന്നെ കുറയുകയാണെന്നു പി.സായ്‌നാഥ് ചൂണ്ടിക്കാട്ടിയിണ്ട്. 2011-ലെ സെൻസസ് അനുസരിച്ച് ഗ്രാമജനസംഖ്യയേക്കാൾ വേഗതയിൽ വർദ്ധിച്ചത് പട്ടണങ്ങളിലെ ജനസംഖ്യയാണ്. ഗ്രാമങ്ങളിൽനിന്നുള്ള പലായനം ആണ് ഇതിന്റെ അടിസ്ഥാനകാരണം. ഉപജീവനത്തിനു ഒരു ഗതിയുമില്ലാത്തവർ കുടുംബസമേതം ഒന്നടങ്കം നഗരങ്ങളിലേക്ക് നീങ്ങുന്നു. ഒരാഴ്ചയിൽ ഒരു ദിവസത്തെ പണിയെങ്കിലും കിട്ടുമെങ്കിൽ തെരുവോരത്ത് കഴിഞ്ഞു കൂടുന്നതാണ് ഗ്രാമജീവിതത്തേക്കാൾ ഭേദമെന്നു കരുതുന്ന അവസ്ഥ രാജ്യത്ത് നിലനിൽക്കുമ്പോൾ നാം ജി.ഡി.പി വർദ്ധനയിലും സാമ്പത്തിക വളർച്ചാനിരക്കിലും ആഹ്ലാദിക്കുകയാണ്.

ഈ മേഖലയിൽനിന്നുള്ള വാർത്തകളിൽ ഒന്നു മാത്രം പ്രതീക്ഷ ഉണർത്തുന്നു. പലായനം ചെയ്യുന്നതിനു പകരം കൊടികളേന്തി, രോഷം തിളയ്ക്കുന്ന മുദ്രാവാക്യങ്ങൾ അലറി, പൊള്ളുന്ന ടാർ റോഡിലൂടെ കിലോ മീറ്ററുകൾ താണ്ടി തലസ്ഥാനങ്ങളിലേക്ക് പ്രവഹിക്കുന്നു ആയിരക്കണക്കിനു ദരിദ്രകർഷകർ. കർഷകന്റെ രോഷം ഭരണകൂടനയങ്ങളെ ചുട്ടുകരിക്കട്ടെ.

Read More >>