ആരോഗ്യരംഗത്ത് ആശങ്ക ഉയര്‍ത്തുന്ന സൂചനകള്‍

ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ കഴിഞ്ഞാൽത്തന്നെ വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ നിരവധി രോഗങ്ങൾ ഇല്ലായ്മ ചെയ്യാനാവും. പരിസരശുദ്ധി, ശുദ്ധവെള്ളം തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ കേരളീയർ വീണ്ടും പഠിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്

ആരോഗ്യരംഗത്ത് ആശങ്ക ഉയര്‍ത്തുന്ന സൂചനകള്‍

സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ പറ്റി ഏറെ ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ് അടുത്തകാലത്ത് ഉയര്‍ന്നു വന്ന നിരവധി സൂചനകള്‍. ഏതാനും മാസംമുമ്പ് കേരളത്തെ, വിശേഷിച്ച് ഉത്തരകേരളത്തെ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് വീണ്ടും വരുന്നു എന്ന സംശയമാണ് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കേണ്ട ഒരു കാര്യം; സംസ്ഥാനത്ത് 2015 ല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത കുഷ്ഠരോഗത്തിന്റെ സാന്നിദ്ധ്യം കാണപ്പെട്ടു എന്നത് മറ്റൊന്ന്. ഇവിടത്തെ അര്‍ബുദരോഗികളുടെ വര്‍ദ്ധനയും പേടിപ്പെടുത്തുന്നതാണ്.

ഡിസംബര്‍ ആയതോടെയാണ് നിപയുടെ രണ്ടാം വരവിനെക്കുറിച്ച് ആശങ്കയുയര്‍ന്നത്. നിപയുടെ ആദ്യവരവില്‍ 18 പേര്‍ മരിച്ചെന്നായിരുന്നു സ്ഥിരീകരിക്കപ്പെട്ടത്. എന്നാല്‍, അന്താരാഷ്ട്ര ജേര്‍ണലുകളില്‍ വന്ന റിപ്പോര്‍ട്ടുകളിലുള്ളത് നിപ മൂലം 23 പേര്‍ മരിച്ചെന്നാണ്. ഡിസംബര്‍ മുതലുള്ള ഏതാനും മാസങ്ങളാണ് വവ്വാലുകളുടെ പ്രജനനകാലം. പഴംതീനി വവ്വാലുകളില്‍ നിന്നാണ് നിപ രോഗബാധയുണ്ടാവുന്നത് എന്നത് സ്ഥിരീകരിക്കപ്പെട്ടതാണ്. പഴങ്ങളും പച്ചക്കറികളും പ്രജനനകാലത്ത് പ്രത്യേകിച്ചും വവ്വാലുകള്‍ കടിക്കാന്‍ സാദ്ധ്യത ഏറെയാണ്. വവ്വാല്‍ കടിച്ച പഴങ്ങളും പച്ചക്കറികളും തിന്നാനേ പാടില്ല. അല്ലാത്തവതന്നെ കഴുകിയതിന് ശേഷമേ കഴിക്കാന്‍ പാടുള്ളു. ഇക്കാര്യത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. നിപ ബാധയെക്കുറിച്ച് ജാഗരൂകരായിരിക്കാന്‍ മുന്നറിയിപ്പ് നല്കുകയും വൈറസ് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുകയും വേണം. പ്രളയദുരന്തം ജനങ്ങളുടെ ഒത്തൊരുമ വഴി അതിജീവിച്ചു വരുന്ന കേരളത്തില്‍ മറ്റൊരു നിപദുരന്തം ഉണ്ടായിക്കൂട.

സംസ്ഥാനത്ത് കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ കുട്ടികളും മറുനാടന്‍ തൊഴിലാളികളും ഉള്‍പ്പെടുന്നുണ്ട്. 2016-17 ല്‍ സംസ്ഥാനത്ത് പുതുതായി കണ്ടെത്തിയ 496 രോഗികളില്‍ 36 പേര്‍ കുട്ടികളത്രെ. 65 പേര്‍ അസുഖത്തെ തുടര്‍ന്ന് വൈകല്യം ബാധിച്ചവരുമാണ്. 2017-18 ല്‍ 49 കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം. 2018-19 ല്‍ ഇതുവരെ 21 കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പകര്‍ച്ച സാദ്ധ്യത കൂടുതലുള്ള തരം കുഷ്ഠരോഗമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നത് ഭീതിയുടെ തീവ്രതയേറ്റുന്നു. വായുവിലൂടെയാണ് രോഗം പകരുന്നത്. ഒരു വര്‍ഷം വരെയുള്ള ചികിത്സകൊണ്ട് രോഗംപൂര്‍ണ്ണമായി ഭേദപ്പെടുത്താനാവുമെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നത്. രോഗികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പാലക്കാട് ജില്ലയിലും.

ഡിസംബര്‍ 5 മുതല്‍ 18 വരെ 'അശ്വമേധം' എന്ന പേരില്‍ എട്ടു ജില്ലകളില്‍ രോഗനിര്‍ണ്ണയ പരിപാടി ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ചത് കുഷ്ഠരോഗ ഭീഷണി അധികൃതര്‍ ഗൗരവപൂര്‍വം എടുത്തിട്ടുണ്ട് എന്നതിന്റെ സൂചനയാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ വീടുകളിലെത്തി രണ്ടു വയസ്സിന് മുകളിലുള്ളവരെ പരിശോധനക്ക് വിധേയമാക്കും. ആരോഗ്യവകുപ്പ് അധികൃതര്‍ പദ്ധതി ആവിഷ്‌ക്കരിച്ചതുകൊണ്ട് മാത്രമായില്ല. അതുമായി ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുകയും വേണം. എങ്കില്‍ മാത്രമേ പ്രതീക്ഷിച്ച ഫലം ആ സംരംഭത്തിനുണ്ടാവൂ.

പേടിപെടുത്തുന്ന മറ്റൊരു വിവരം കൂടി- സംസ്ഥാനത്ത് അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍ എന്നിവ ബാധിച്ചവരില്‍ കേരളമാണ് മുന്നിലെന്നാണ് തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററിന്റെ റിപ്പോര്‍ട്ട് നല്കുന്ന സൂചന.

ഇവയ്ക്കു പുറമെ നിരവധി പതിവു പകര്‍ച്ചവ്യാധികള്‍ കേരളത്തിനു പതിവില്ലാത്ത തോതില്‍ ഭീഷണിയുയര്‍ത്തുന്നു. അധികൃതര്‍തന്നെ മുന്നറിയിപ്പായി മാദ്ധ്യമങ്ങളിലൂടെയും മറ്റും ഇക്കാര്യം ജനശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. വിജയകരമായ മറികടന്നു എന്നു നാം അഭിമാനിക്കുന്ന വെള്ളപ്പൊക്കത്തിന്റെ സംഭാവനകളാണ് ഇപ്പോള്‍ നമുക്കുനേരെ ഭീഷണി ഉയര്‍ത്തുന്ന പകര്‍ച്ചവ്യാധികള്‍. ഡെങ്കുവും ചിക്കുന്‍ഗുനിയയും ഇപ്പോള്‍തന്നെ നമ്മെ അലട്ടുന്നുണ്ട്. ഇവയ്ക്കു പുറമെയാണ് മറ്റു നിരവധി രോഗങ്ങള്‍.

തികഞ്ഞ ആസൂത്രണത്തോടെ മുന്നേറിയെങ്കില്‍ മാത്രമേ ഇത്തരം ഭീഷണികള്‍ അതിജീവിക്കാനാവൂ. താല്‍ക്കാലിക പരിഹാരങ്ങളെക്കുറിച്ചേ നാം പലപ്പോഴും ചിന്തിക്കാറൂള്ളൂ. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ നിരവധി രോഗങ്ങള്‍ ഇല്ലായ്മ ചെയ്യാനാവും. പരിസരശുദ്ധി, ശുദ്ധവെള്ളം തുടങ്ങിയ പ്രാഥമിക കാര്യങ്ങള്‍ കേരളീയര്‍ വീണ്ടും പഠിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. കൊതുകുനിവാരണം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയ പല പ്രാഥമിക നടപടികളെപ്പോലും എതിര്‍ക്കാന്‍ ജനങ്ങളില്‍ നല്ലൊരു വിഭാഗം മുന്നോട്ടുവരുന്നു എന്നത് ആരോഗ്യസംരക്ഷണ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നുണ്ട്.

വലിയ തോതിലുള്ള ബോധവല്‍ക്കരണമില്ലാതെ രോഗപ്രതിരോധം സാദ്ധ്യമല്ല. ജനങ്ങളുടെ കൂട്ടായ്മയും സഹകരണവും ബോധവല്‍ക്കരണത്തിലൂടെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ഈ തലങ്ങളിലെല്ലാം കഠിനശ്രമങ്ങള്‍ നടന്നില്ലെങ്കില്‍ മാറാവ്യാധികളുടെ സ്വന്തം നാടായി കേരളം മാറും.

Read More >>