ഐ.എസ് ഭീകരത അവസാനിക്കുമോ?

2014 മുതലാണ് ഇറാഖിന്റെയും സിറിയയുടെയും അതിർത്തികൾ മായ്ച്ചു കളഞ്ഞ് ഐ.എസ് 'ഭരണകേന്ദ്രം' സ്ഥാപിച്ചത്. യു.എസ് പിന്തുണയോടെ എസ്.ഡി.എഫ് (സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ്) സിറിയയുടെ കിഴക്കും വടക്കും ഭാഗങ്ങളിൽ നിന്ന് ഭീകരരെ തുരത്തി. 2017 ആയപ്പോഴേക്കും ഐ.എസ് ശക്തികേന്ദ്രങ്ങളായ ഇറാഖിലെ മൊസൂളും സിറിയയിലെ റാഖയും തിരിച്ചുപിടിച്ചു. ഐ.എസ് ഈ രണ്ടു കേന്ദ്രങ്ങളാണ് പ്രധാനമായും ഭരിക്കാനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ സെപ്തംബർ 10 മുതൽ എസ്.ഡി.എഫ് ആരംഭിച്ച പോരാട്ടത്തിൽ ഇതുവരെ 1279 ഐ.എസ് ഭീകരർ കൊല്ലപ്പെട്ടു. 678 എസ്.ഡി.എഫ് പോരാളികളും മരിച്ചു. 401 സാധാരണക്കാരും കുട്ടികൾ ഉൾപ്പെടെ 144 പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഐ.എസ് ഭീകരത അവസാനിക്കുമോ?

യൂഫ്രട്ടീസ് നദിയുടെ കിഴക്കൻ തീരത്ത് ബാഗൂസിലെ നാലു ചതുരശ്ര കിലോമീറ്റർ പരിധിയിൽ മാത്രമാണ് ഇപ്പോൾ ഐ.എസ് ഭീകരവാദികളുടെ സാന്നിദ്ധ്യമുള്ളത്. കഴിഞ്ഞ സെപ്തംബറിൽ സിറിയയുടെ കിഴക്കൻ പ്രവിശ്യയിൽനിന്ന് തുരത്തപ്പെട്ട ഭീകരർ രണ്ടു ഗ്രാമങ്ങളിലേക്ക് ചുരുങ്ങി. ഡിസംബറിൽ പോരാട്ടം കനത്ത സമയത്ത് ഐ.എസ് തീവ്രവാദികളുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടെ 37,000 പേർ പലായനം ചെയ്തിരുന്നു. യു.എസ് പിന്തുണയുള്ള കുർദ് സേന ഐ.എസ്സിനെ തുരത്താനുള്ള അന്തിമയുദ്ധത്തിലാണിപ്പോൾ. ഞായറാഴ്ചയാണ് ആക്രമണം ആരംഭിച്ചത്. സിറിയയിലേയും ഇറാഖിലേയും ഐ.എസ്സിന്റെ സ്വാധീനം അടുത്ത ആഴ്ചയോടെ പൂർണ്ണമായും ഇല്ലാതാക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും കാലങ്ങളായി ഇരു രാജ്യങ്ങളിലുമുള്ള സൈനികരെ അവരുടെ വീട്ടിലെത്തിക്കാൻ സമയമായെന്നും സഖ്യകക്ഷികളുമായി നടത്തിയ യോഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

സിറിയയിൽനിന്ന് പൂർണ്ണമായും യു.എസ് സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. ഐ.എസ്സിനെതിരായ യുദ്ധം അവസാനിക്കാതെ സൈനികരെ പിൻവലിക്കുന്നത് വിഡ്ഢിത്തമാണെന്ന് ഒരു വിഭാഗം വാദിച്ചു. സൈന്യത്തെ പിൻവലിക്കുക എന്നാൽ യുദ്ധതന്ത്രത്തിലെ മാറ്റം മാത്രമാണെന്നായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പെൻസിന്റെ വിശദീകരണം. ഐ.എസ്സിന്റെ ശക്തി ദുർബലപ്പെടുത്താൻ യു.എസ് സഖ്യത്തിന് സാധിച്ചിട്ടുണ്ടെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റ്‌സ് എന്ന പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരവാദികളുടെ ഖലീഫ അബൂബക്കർ അൽബാഗ്ദാദി തന്നെയാണ്. ബാഗ്ദാദിയെ വധിച്ചുവെന്ന് പലതവണ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഐ.എസ് അംഗീകരിച്ചിട്ടില്ല. ബാഗ്ദാദി ജീവിച്ചിരിപ്പുണ്ട് എന്നാണ് യു.എസ്സും കരുതുന്നത്.

2014 മുതലാണ് ഇറാഖിന്റെയും സിറിയയുടെയും അതിർത്തികൾ മായ്ച്ചു കളഞ്ഞ് ഐ.എസ് 'ഭരണകേന്ദ്രം' സ്ഥാപിച്ചത്. യു.എസ് പിന്തുണയോടെ എസ്.ഡി.എഫ് (സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ്) സിറിയയുടെ കിഴക്കും വടക്കും ഭാഗങ്ങളിൽ നിന്ന് ഭീകരരെ തുരത്തി. 2017 ആയപ്പോഴേക്കും ഐ.എസ് ശക്തികേന്ദ്രങ്ങളായ ഇറാഖിലെ മൊസൂളും സിറിയയിലെ റാഖയും തിരിച്ചുപിടിച്ചു. ഐ.എസ് ഈ രണ്ടു കേന്ദ്രങ്ങളാണ് പ്രധാനമായും ഭരിക്കാനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ സെപ്തംബർ 10 മുതൽ എസ്.ഡി.എഫ് ആരംഭിച്ച പോരാട്ടത്തിൽ ഇതുവരെ 1279 ഐ.എസ് ഭീകരർ കൊല്ലപ്പെട്ടു. 678 എസ്.ഡി.എഫ് പോരാളികളും മരിച്ചു. 401 സാധാരണക്കാരും കുട്ടികൾ ഉൾപ്പെടെ 144 പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കിഴക്കൻ ഭാഗത്തു നിന്നു ഭീകരരെ തുരത്തിയാലും ഐ.എസ് ഭീഷണി അവസാനിക്കില്ലെന്ന് എസ്.ഡി.എഫ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പോരാട്ടം. 600-1000 ഭീകരർ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നാണ് സഖ്യസേന കരുതുന്നത്. 20,000 തദ്ദേശീയരെ ഒഴിപ്പിച്ചു കഴിഞ്ഞു. അവസാനത്തെ അഭയവും നഷ്ടപ്പെടുമ്പോൾ ഐ.എസ് ഭീകരരുടെ പ്രതികരണം രൂക്ഷമായിരിക്കും എന്നതിനാൽ കരുതലോടെയാണ് ആക്രമണം. മൈനുകൾ കുഴിച്ചിട്ട പാതയിലൂടെയാണ് യാത്ര.

ലോകത്ത് ഇനി ഐ.എസ് ഇല്ല എന്ന സന്തോഷ വാർത്ത അധികം വൈകാതെ കേൾക്കുമെന്നാണ് യു.എസ് പറയുന്നത്. ഐ.എസ് എന്നത് കേവലമൊരു സൈനിക ശക്തിയാണെന്ന ധാരണയിലാണ് ഈ പ്രസ്താവന. ഏതൊരു ശുദ്ധിവാദ പ്രസ്ഥാനത്തിനും ചരിത്രത്തിൽ സംഭവിച്ച പതനം തന്നെയാണ് ഐ.എസും നേരിടുന്നത്. ഫാസിസമായിരുന്നു ആധുനിക ലോകം കണ്ട ഏറ്റവും വലിയ ശുദ്ധിവാദ ഭീകരത. ആര്യരക്തം അല്ലാത്തതെല്ലാം അശുദ്ധമെന്ന ആ കാഴ്ചപ്പാട് വരുത്തിവെച്ച വിന ചെറുതായിരുന്നില്ല. ഇന്ത്യയിൽ ഉന്മാദ ദേശഭക്തിയുടെയും ഹിന്ദുത്വ രക്തസിദ്ധാന്തത്തിന്റെയും പേരിൽ നടക്കുന്ന ചിന്താധാരയും മറിച്ചൊരു പ്രത്യയശാസ്ത്രമല്ല മുന്നോട്ടു വെക്കുന്നത്. ചരിത്രത്തെയും പൈതൃകങ്ങളെയും തച്ചുടക്കുക എന്നത് ഫാസിസത്തിന്റെ രീതിശാസ്ത്രമാണ്. അതേരീതി പിന്തുടരുന്നതു കൊണ്ടാണ് പിടിച്ചെടുത്ത പ്രദേശങ്ങളിലെ ചരിത്ര സ്മാരകങ്ങൾ യാതൊരു ബോധവുമില്ലാതെ ഐ.എസ് തകർത്തു കളഞ്ഞത്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച പ്രദേശങ്ങൾ പോലും തകർക്കപ്പെട്ടു.

എല്ലാ മുസ്‌ലിം ഭരണകൂടങ്ങളും ഐ.എസിന്റെ ഭാഷയിൽ അനിസ്‌ലാമികമാണ്. സൗദി അറേബ്യ ഉൾപ്പെടെയുള്ള എല്ലാ മുസ്‌ലിം രാജ്യങ്ങളെയും ഐ.എസ് ഈ മനോഭാവത്തോടെയാണ് കാണുന്നത്. ഐ.എസിനെ സൈനികമായി തകർക്കാൻ കഴിഞ്ഞാലും അവർ ഉയർത്തിവിട്ട ഭീകരതയുടെ കൊടുങ്കാറ്റ് സ്ഥലകാല സാഹചര്യങ്ങൾക്കനുസരിച്ച് ഇനിയും വീശിയടിച്ചേക്കാം. സൈനികമായി തകർന്നു എന്നതുകൊണ്ട് ആശ്വസിക്കാനാവില്ലെന്ന് ചുരുക്കം. ഭീകരതയിലേക്ക് നയിക്കുന്ന കാരണങ്ങളെ ഇല്ലാതാക്കുകയാണ് പ്രധാനം. മാരകായുധങ്ങളുണ്ടെന്നു നുണ പറഞ്ഞ് ഇറാഖിനെ ആക്രമിച്ചു നശിപ്പിച്ച യു.എസ്സാണ് ഐ.എസ്സിന്റെ സൃഷ്ടിയുടെ പ്രധാന കാരണക്കാർ. അധികാരം നഷ്ടപ്പെട്ട സദ്ദാമിന്റെ സേനയിലെ മുപ്പതിനായിരത്തോളം പേരാണ് പിന്നീട് ഐ.എസ്സിൽ ചേർന്നത്. രാജ്യം നശിച്ചതിൽ മനംനൊന്ത അസംതൃപ്തരായ ചെറുപ്പക്കാരെയും ഇവർക്കു കിട്ടി. ഭീകരത പലപ്പോഴും സംഭവിക്കുന്നത് പ്രതിപ്രവർത്തനം എന്ന നിലയിലാണ്. ഒരു ജനതയെ ഭീകരതയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള പരിഷ്‌കൃതരെന്നു നടിക്കുന്ന രാജ്യങ്ങൾക്ക് ബാദ്ധ്യതയുണ്ട്.

Read More >>