സ്വാര്‍ത്ഥരാഷ്ട്രീയം കേരളത്തെ യുദ്ധക്കളമാക്കി മാറ്റുന്നു

പലരും ഹാര്‍ദ്ദമായി കോടതി വിധിയെ സ്വാഗതം ചെയ്യുക പോലുമുണ്ടായി. ക്രമേണയാണ് കേരളത്തില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പറ്റിയ നല്ലൊരു വിഷയമാണ് ഇതെന്നും ആളിക്കത്തിച്ചാല്‍ പലതും ചാമ്പലാക്കാമെന്നും ഉള്ള ബോദ്ധ്യം സംഘപരിവാര്‍ നേതൃത്വത്തിലെ കുടിലബുദ്ധികള്‍ക്ക് മനസ്സിലായത്.

സ്വാര്‍ത്ഥരാഷ്ട്രീയം കേരളത്തെ യുദ്ധക്കളമാക്കി മാറ്റുന്നു

രണ്ടു യുവതികളെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ശബരിമലയിലെത്തിച്ചതിന്റെ കലാപം അവസാനിച്ചിട്ടില്ല. കേരളം അരനൂറ്റാണ്ടിനിടയില്‍ കണ്ട ഏറ്റവും അക്രമാസക്തമായ ബന്ദാചരണമായിരുന്നു വ്യാഴാഴ്ചത്തേത്. ഇത് സ്വാഭാവികമായ പ്രതികരണമാണെന്നു വ്യാഖ്യാനിക്കാന്‍ സംഘപരിവാര്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന്റെ പിന്നില്‍ സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ കൃത്യമായ ആസൂത്രണവും തയ്യാറെടുപ്പും ഉണ്ടെന്ന് സകലര്‍ക്കും അറിയാം. വല്ല വിധേനയും കേരളരാഷ്ട്രീയത്തില്‍ മുഖ്യകക്ഷിയാവുക എന്നതിനപ്പുറം മതാചാര സംബന്ധിയായ സദുദ്ദേശ്യങ്ങള്‍ തെരുവിലിറങ്ങിയവര്‍ക്കില്ല.

പൂര്‍ണ്ണമായ ഒരു ഭരണഘടനാ-ആചാര തര്‍ക്കം എങ്ങനെ ഒരു പൂര്‍ണ്ണ രാഷ്ട്രീയപ്പോരായി മാറി എന്നതിന്റെ പൂര്‍ണ്ണ ചിത്രം ഇവിടെ കാണാം. സുപ്രിം കോടതി വിധി വന്നപ്പോള്‍ ഉണ്ടായ പ്രതികരണവും ഒടുവില്‍ രണ്ടു സ്ത്രീകള്‍ സര്‍ക്കാര്‍ സംരക്ഷണത്തോടെ മലകയറിയതിനെത്തുടര്‍ന്ന് ഉണ്ടായ പ്രതികരണവും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കൂ. സുപ്രിം കോടതി ശബരിമലയില്‍ പ്രായഭേദമെന്യേ വനിതകള്‍ക്കു പ്രവേശിക്കാം എന്ന് വിധിച്ചപ്പോള്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കോ ഹിന്ദു ആചാര്യന്മാര്‍ക്കോ സംഘപരിവാര്‍ അനുകൂല മാദ്ധ്യമങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഒരു പരിഭ്രാന്തിയും വേവലാതിയും ഉണ്ടായിരുന്നില്ല. ആരുടെയും മതവികാരം അന്നു പൊട്ടിയൊലിച്ചില്ല. പക്വമായും സുപ്രിം കോടതിവിധിയോട് ആദരവോടെയും മാത്രമേ ഇവരെല്ലാം പ്രതികരിച്ചുള്ളൂ. പലരും ഹാര്‍ദ്ദമായി അതു സ്വാഗതം ചെയ്യുക പോലുമുണ്ടായി. ക്രമേണയാണ് കേരളത്തില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പറ്റിയ നല്ലൊരു വിഷയമാണ് ഇതെന്നും ആളിക്കത്തിച്ചാല്‍ പലതും ചാമ്പലാക്കാമെന്നും ഉള്ള ബോദ്ധ്യം സംഘപരിവാര്‍ നേതൃത്വത്തിലെ കുടിലബുദ്ധികള്‍ക്ക് ഉണ്ടായി. അതിന്റെ ഭായാനകമായ രൂപമാണ് ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ചയുമായി കേരളത്തില്‍ കണ്ടത്.

കേരളം ഭരിക്കുന്നത് ഇടതുപക്ഷ മന്ത്രിസഭയായതുകൊണ്ടും ലിംഗസമത്വം കാലഘട്ടത്തിലെ ഏറ്റവും പ്രധാന ആഗോള സാമൂഹികലക്ഷ്യമായതുകൊണ്ടും കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചുവെന്നതു സത്യമാണ്. അതു സംഘപരിവാറിനു നല്ല പിടിവള്ളിയായി. മതമൂല്യങ്ങളുടെയോ ഭക്തിയുടെയോ സാമാന്യമായ വ്യക്തിമര്യാദയുടെയോ ഒരംശം പോലുമില്ലാത്ത അത്യന്തം കഴുത്തറപ്പന്‍ രാഷ്ട്രീയയുദ്ധമായി ഇതു പരിണമിച്ചിരിക്കുന്നു. ഇതാണ് ഇപ്പോള്‍ നമ്മെയെല്ലാം ആശങ്കയിലാഴ്ത്തുന്നത്. രണ്ടു വനിതകളെ മല കയറ്റി പ്രാര്‍ത്ഥിപ്പിച്ചതിന്റെ നിയമപരമായ സാധുത ചോദ്യം ചെയ്യുക പ്രയാസമാണ്. സുപ്രിം കോടതി വിധിയോടെ നിയമമായിക്കഴിഞ്ഞ ഒരു കാര്യം സര്‍ക്കാര്‍ നടപ്പാക്കിയത് തെറ്റല്ല. പക്ഷേ, ബലം പ്രയോഗിച്ചും അടിച്ചമര്‍ത്തിയും ലാത്തിവീശിയും വെടിവയ്പ്പ് നടത്തിയും കോടതി ഉത്തരവ് നടപ്പാക്കുക സാദ്ധ്യമല്ല, പ്രത്യേകിച്ചും ഒരു ആരാധാനാകേന്ദ്രത്തില്‍. അതു കൊണ്ടുതന്നെ കുറെ ദിവസങ്ങളായി, മല കയറാന്‍ താല്പര്യം പ്രകടിപ്പിച്ചെത്തിയ വനിതകളെ പൊലീസ് ഉപദേശിച്ചും നിസ്സഹായത പ്രകടിപ്പിച്ചും തിരിച്ചയക്കുകയായിരുന്നു. ഇതിന്റെ നിയമവശം എന്തായിരുന്നാലും ഇതു ശബരിമലയിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സംഘര്‍ഷം കുറയ്ക്കുന്നതിനും ഏറെ സഹായകമായിരുന്നു.

യുവതീപ്രവേശം ഉയര്‍ത്തിപ്പിടിച്ച് വന്‍ പ്രക്ഷോഭമഴിച്ചുവിടാനുള്ള സംഘപരിവാര്‍ പദ്ധതി എല്ലാ ആവേശവും നഷ്ടപ്പെട്ട് നിര്‍ജ്ജീവമായി മാറുന്ന ഘട്ടത്തിലാണ് അവര്‍ക്ക് ഭ്രാന്ത് പിടിപ്പിക്കാന്‍ പര്യാപ്തമായ ഒരു സംഭവം സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചത്. രഹസ്യമായി മലയിലെത്തിയ യുവതികളുടെ ഉദ്ദേശ്യത്തെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യുന്നില്ല. സുപ്രിം കോടതി വിധിയെ എതിര്‍ക്കുന്നവര്‍ ഭക്തിയുടെ പവിത്രരൂപമായ നാമജപത്തെ വെറും രാഷ്ട്രീയ മുദ്രാവാക്യം വിളിയായി അധഃപതിപ്പിച്ചു. ഇതിനോട് ഒരു എതിര്‍പ്പും ഇല്ലാത്തവരാണ് ഇപ്പോള്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന യുവതികളുടെ മനസ് സ്‌കാന്‍ ചെയ്ത് രാഷ്ട്രീയോദ്ദേശ്യം കണ്ടെത്തുന്നത്. എന്തായാലും, സുപ്രിം കോടതി വിധി ഞങ്ങള്‍ നടപ്പാക്കി എന്ന് തെളിയിച്ച് നെഞ്ചുവിരിച്ച് നില്‍ക്കാനും സംഘപരിവാര്‍ സംഘടനകളെ തോല്പിച്ചതിന്റെ ഉള്‍ച്ചിരി ചിരിക്കാനും ചെയ്ത സാഹസം കേരളത്തിനോ ഇടതുപക്ഷത്തിനു പോലുമോ ഒട്ടും പ്രയോജനം ചെയ്തില്ല എന്നു പറയാതെ വയ്യ. മൂന്നു ദിവസമായി സംഘപരിവാര്‍ സംഘടനകള്‍ കേരളത്തില്‍ തെരുവുകലാപമാണ് അഴിച്ചുവിട്ടത്. എന്തെല്ലാമോ ദുര്‍വികാരങ്ങളും ദുരുദ്ദേശ്യങ്ങളും ഇന്ധനമാക്കി കേരളം കത്തിക്കാനിറങ്ങിയവരെ നിയമത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് നേരിടുകയേ നിവൃത്തിയുള്ളൂ. നിലവില്‍ പൂര്‍ണ്ണമായി ഹിന്ദു ആരാധനാക്രമവുമായല്ലാതെ മറ്റൊന്നുമായും ശബരിമലയ്ക്കു ബന്ധമില്ല. എന്നിട്ടും, തര്‍ക്കത്തിന്റെ ആദ്യഘട്ടം മുതല്‍ ഇതര മതങ്ങളെയും മതവിശ്വാസികളെയും ഇതില്‍ എതിര്‍കക്ഷികളാക്കാനുള്ള ഗൂഢതന്ത്രം പ്രകടമായിരുന്നു. സംഘപരിവാര്‍ നയിച്ച കലാപങ്ങളെ ഹിന്ദുരോഷമെന്നു ന്യായീകരിക്കുന്നതിന്റെ ഉദ്ദേശ്യം പകല്‍പോലെ വ്യക്തമാണ്. ഹിന്ദുക്കള്‍ മാത്രമേ രണ്ടു പക്ഷത്തുമുള്ളൂ. പിന്നെ എങ്ങനെയാണ് ഒരു പക്ഷം മാത്രം ഹിന്ദുപക്ഷമാവുക?

കേരളത്തിന്റെ ചരിത്രവും സംസ്‌ക്കാരവും ആവശ്യപ്പെടുന്ന ചിന്തയും മനുഷ്യത്വവുമെങ്കിലും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ തെരുവിലിറങ്ങുന്ന ആളുകള്‍ക്കും അവരെ അങ്ങോട്ട് തള്ളിവിടുന്ന നേതാക്കന്മാര്‍ക്കും ഉണ്ടായേ തീരൂ. സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ വെടിഞ്ഞാല്‍ തന്നെ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനാവും. ദൈവത്തിന്റെ സ്വന്തം രാജ്യം തെരുവില്‍ അട്ടഹസിച്ച് നടക്കുന്ന ചെകുത്താന്മാരുടെ നാടായി മാറരുത്.


Read More >>