ജനാധിപത്യം തുറക്കുന്ന വാതിലുകള്‍

സാമൂഹികമായ അസമത്വവും അനീതിയും ഭരണഘടനാ ശില്പികൾ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഉൾപ്പെടെയുള്ള പ്രാതിനിധ്യ പരിഹാരങ്ങൾ ഭരണഘടന വിഭാവനം ചെയ്തത്.

ജനാധിപത്യം തുറക്കുന്ന വാതിലുകള്‍

ആധുനിക ജനാധിപത്യത്തിന്റെ വലിയ ഉത്സവങ്ങളിലൊന്നാണ് ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ്. പതിനേഴാമത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയതോടെ രാജ്യം ഉത്സവാന്തരീക്ഷത്തിലാണ്. ലോകമെമ്പാടുമുള്ള ജനാധിപത്യവാദികൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന കാലമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയിൽ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമാണുള്ളത്. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടു പിന്നിടുമ്പോഴും ഒരു പോറലുമേൽക്കാതെ ജനായത്ത സംവിധാനങ്ങൾ പരിപാലിക്കപ്പെടുന്നു എന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം ഇല്ലാതാവുകയോ പേരിനു മാത്രമാവുകയോ ചെയ്തു. വൈവിദ്ധ്യങ്ങളും വൈജാത്യങ്ങളും ഏറെയുള്ള ഇന്ത്യ ഇപ്പോഴും ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയർത്തിപ്പിടിച്ച് മുന്നോട്ടു തന്നെയാണ്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അഭിമാനകരമായ നിലനില്പിന്റെ ആധാരശില ഭരണഘടനയാണ്. ഒരു ബഹുവംശീയ സമൂഹം ഏതെല്ലാം രീതിയിലാണ് നിലനിൽക്കുകയും അതിജീവിക്കുകയും വികസിക്കുകയും ചെയ്യേണ്ടതെന്ന് ഭരണഘടന വിഭാവനം ചെയ്യുന്നു. ഭരണഘടനയുടെ പ്രഖ്യാപിത നയങ്ങളായ ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഓരോ വോട്ടർക്കും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. 1949 നവംബർ 25ന് ഭരണഘടനാ നിർമാണ അസംബ്ലിയിൽ ചെയ്ത പ്രസംഗത്തിൽ ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കർ പറഞ്ഞു: "1950 ജനുവരി 26ന് ഈ ഭരണഘടന നിലവിൽ വരുമ്പോൾ നാം വൈരുദ്ധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് കാലുകുത്താൻ പോവുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. എന്നാൽ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ അസമത്വം തുടരും. എത്രകാലം ഈ വൈരുദ്ധ്യങ്ങളുടെ ജീവിതം നമുക്ക് തുടരാൻ കഴിയും? ദീർഘകാലം ഈ നിഷേധം തുടരുകയാണെങ്കിൽ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം അപകടത്തിലാകും".

സാമൂഹികമായ അസമത്വവും അനീതിയും ഭരണഘടനാ ശില്പികൾ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഉൾപ്പെടെയുള്ള പ്രാതിനിധ്യ പരിഹാരങ്ങൾ ഭരണഘടന വിഭാവനം ചെയ്തത്. സംവരണ തത്ത്വങ്ങളെ ബലികഴിച്ച് സാമ്പത്തിക സംവരണമെന്ന ആശയത്തിന് പ്രാധാന്യം കൈവന്ന കാലത്താണ് ഈ തെരഞ്ഞെടുപ്പ്. ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുന്ന ഘടകങ്ങളിൽ പ്രധാനമായ സാമൂഹിക അസമത്വത്തെ അഭിസംബോധന ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്ക് എപ്രകാരം സാധിക്കുമെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. അസമത്വം ദീർഘകാലം തുടർന്നാൽ രാഷ്ട്രീയ ജനാധിപത്യം അപകടത്തിലാകുമെന്ന അംബേദ്കറുടെ വീക്ഷണം ചെറിയ കാര്യമല്ല. വിഘടന, തീവ്രവാദ പ്രവണതകൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതിന്റെ കാരണം നീതി വിതരണം ചെയ്യുന്നതിലെ അപാകതയാണ്. സ്വതന്ത്ര ഭാരതം തുടക്കത്തിലേ സ്വീകരിച്ച സോഷ്യലിസ്റ്റ് ആശയങ്ങളെ കൈവിടാതെ അനീതികൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ആർക്ക് കഴിയും എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഈ പൊതുതെരഞ്ഞെടുപ്പ്.

ജനാധിപത്യം തുറക്കുന്ന വാതിലുകൾ നന്മയുടേതായിരിക്കണം. അതൊരിക്കലും ഭൂരിപക്ഷത്തിന്റെ ആധിപത്യമായി മാറരുത്. വർണാശ്രമ സിദ്ധാന്തങ്ങളെയും ബ്രിട്ടീഷ് രാജിന്റെ അടക്കിഭരിക്കൽ തന്ത്രങ്ങളെയും ഒരുപോലെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞാണ് ഇന്ത്യൻ രാഷ്ട്രശില്പികൾ രാജ്യത്തിന് ജനാധിപത്യത്തിന്റെ അടിത്തറയിട്ടത്. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് ജനായത്തം. എന്നാൽ പരമാധികാരം മോദിയിൽ നിക്ഷിപ്തമാകുന്ന രീതിയിലാണ് കഴിഞ്ഞ ഭരണകാലത്ത് കാര്യങ്ങൾ നീങ്ങിയത്. നല്ല ദിനങ്ങൾ വരുമെന്ന മോഹന വാഗ്ദാനവുമായാണ് മോദി സർക്കാർ അധികാരത്തിൽ വന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും സുസ്ഥിരതയും അപകടത്തിലാക്കിയാണ് മോദി സർക്കാർ കസേര ഒഴിയുന്നത്. കള്ളപ്പണം പിടിക്കാനെന്ന പേരിൽ നടത്തിയ നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളിൽനിന്ന് ഇപ്പോഴും രാജ്യം മുക്തമായിട്ടില്ല. രാജ്യത്തെ ചെറുകിട വ്യവസായ സംരംഭങ്ങളെല്ലാം തകർച്ചയിലാണ്. ഇന്ത്യൻ രൂപ ചരിത്രത്തിലില്ലാത്ത പതനത്തിലേക്ക് കൂപ്പുകുത്തി. നോട്ട് നിരോധനം കൊണ്ട് സാധാരണ ജനങ്ങൾ ഏറെക്കാലം നേരിട്ട പ്രശ്നങ്ങള്‍ തൊഴിൽ, വ്യാപാര മേഖലയിലടക്കം ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു. റഫാൽ അഴിമതിയാണ് മറ്റൊരു വിവാദ വിഷയം. ദേശീയ താല്പര്യങ്ങൾ ബലികഴിച്ചും പൊതുമേഖലാ കമ്പനിയെ ഒഴിവാക്കിയും അംബാനിക്കു വേണ്ടി കളിച്ച നാടകമായിരുന്നു റഫാൽ അഴിമതിയെന്ന ആരോപണത്തിന്റെ നിഴലിലാണ് മോദി സർക്കാർ. ആൾക്കൂട്ട കൊലപാതകങ്ങളും അസഹിഷ്ണുതയും രാജ്യത്തെ വേട്ടയാടുന്ന കാര്യവും മറക്കാവതല്ല. എഴുത്തുകാരെയും ചിന്തകരെയും ലക്ഷ്യമിട്ട് അക്രമങ്ങൾ അരങ്ങേറി. കൊലപാതകങ്ങൾ നടന്നു. ന്യൂനപക്ഷ, ദലിത് വേട്ടകൾ തുടരുകയാണ്. കാർഷികോല്പന്നങ്ങൾക്ക് ന്യായവില കിട്ടാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ വർഷത്തിൽ 6000 രൂപ കൊടുത്ത് അവരെ വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. പാകിസ്താനിൽനിന്നുള്ള തീവ്രവാദ ഭീഷണിയെ ചെറുക്കാനെന്ന പേരിൽ നടത്തുന്ന സൈനിക നീക്കങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള വില കുറഞ്ഞ ശ്രമങ്ങളുമുണ്ടായി. വർഗ്ഗീയതയും സാമൂഹിക അസമത്വവും സാമ്പത്തിക അസ്ഥിരതയും രാജ്യം നേരിടുന്ന പ്രതിസന്ധികളാണ്. അവയെ അതിജീവിക്കുന്ന ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നാണ് ജനാധിപത്യവാദികൾ ആഗ്രഹിക്കുന്നത്.