ഭരണകൂടം ശിശുസൗഹൃദമാവണം

കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും നിലനിർത്തുകയെങ്കിലും വേണം. കുട്ടികളെ വിശിഷ്ട ഗുണമുള്ളവരാക്കാൻ ചെയ്യേണ്ടത് അവരെ സന്തോഷവാന്മാരാക്കുകയാണെന്ന ഐറിഷ് കവിയും നാടകരചയിതാവുമായ ഓസ്‌കർ വൈൽഡിന്റെ വാക്കുകൾ പ്രശസ്തമാണ്

ഭരണകൂടം ശിശുസൗഹൃദമാവണം

ആശങ്കാജനകമായ ഒരു വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്-കേരളത്തിൽ ശിശുമരണ നിരക്ക് കൂടുകയാണ്. ഇത് ഭരണകൂടത്തിന്റെ സത്വരശ്രദ്ധ പതിയേണ്ട വിഷയമത്രെ. ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ജെൻഡർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരമുള്ളത്. കഴിഞ്ഞ മൂന്നു വർഷം ശിശുമരണനിരക്ക് വർദ്ധിക്കുന്നതായാണ് റിപ്പോർട്ട് പറയുന്നത്. 2015 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറഞ്ഞിരുന്നു. എന്നാൽ, പിന്നീടുള്ള മൂന്നു വർഷം ശിശുമരണ നിരക്ക് വർദ്ധിക്കുകയായിരുന്നു. 2015-16, 2016-17 വർഷത്തേക്കാൾ കൂടുതലാണ് 2017-18 ലെ ശിശുമരണ നിരക്ക്. 2015-16 ൽ റിപ്പോർട്ട് ചെയ്തത് 3050 ശിശുമരണങ്ങളാണ്. 2016-17 ൽ അത് 2774 ആയിരുന്നു. എന്നാൽ 2017-18 ൽ 3176 ശിശുക്കളാണ് പ്രസവസമയത്ത് മരണമടഞ്ഞത്. ശിശുമരണത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിലെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. കോഴിക്കോട്ട് 2017-18 ൽ 772 ശിശുമരണം നടന്നു. 2016-17 ലും 2015-16 ലും യഥാക്രമം 754 ഉം 834 ഉം ശിശുമരണങ്ങൾ നടന്നതായാണ് ജെൻഡർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിലുള്ളത്. കോഴിക്കോടിന്റെ തൊട്ടുപിന്നിലുള്ളത് തലസ്ഥാന നഗരിയാണ്. തിരുവനന്തപുരത്ത് 2017-18 ൽ 553, 2016-17 ൽ 452, 2015-16 ൽ 550 ശിശുമരണങ്ങൾ നടന്നതായി റിപ്പോർട്ടിലുണ്ട്. പെൺകുഞ്ഞുങ്ങളേക്കാൾ ആൺകുഞ്ഞുങ്ങളാണ് ജനനസമയത്തു മൃതിയടയുന്നത്.

ഗോത്രവർഗ്ഗക്കാർ ഏറെയുള്ള അട്ടപ്പാടിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 54 ശിശുമരണങ്ങൾ നടന്നുവെന്ന വിവരവും ഇതോട് ചേർത്ത് വായിക്കണം. കേരള മഹിള സമഖ്യ സൊസൈറ്റി (കെ.എം.എസ്.എസ്) അട്ടപ്പാടി ബ്ലോക്കിൽപെട്ട പുതൂർ, ഷോളയാർ, അഗളി പഞ്ചായത്തുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2013 മാർച്ച് മുതൽ 2018 ഓഗസ്റ്റുവരെയുള്ള കാലയളവിലാണ് ഇത്രയും കുഞ്ഞുങ്ങൾ മൃതിയടഞ്ഞത്. 48 ആദിവാസി അമ്മമാരിൽ നിന്ന് കെ.എം.എസ്.എസ് വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. പോഷകാഹാരക്കുറവ്, ചികിത്സാ ലഭ്യതക്കുറവ് യഥാസമയം ആരോഗ്യ പരിചരണമില്ലായ്മ എന്നിവയെല്ലാം അട്ടപ്പാടി ശിശുമരണത്തിന് കാരണമത്രെ. മരിച്ച ശിശുക്കളിൽ മിക്കതും കുടുംബത്തിലെ ആദ്യകുട്ടിയുമാണ്. ഗോത്രകുടുംബങ്ങളിലെ പുരുഷന്മാരിൽ പലർക്കും സ്ഥിരം തൊഴിലില്ല. വല്ലപ്പോഴും ലഭിക്കുന്ന തൊഴിലിന് ലഭിക്കുന്നതാകട്ടെ തുച്ഛമായ കൂലിയും. ആ ചെറിയ വരുമാനം കൊണ്ട് അവർക്ക് കുടുംബം പുലർത്തണം. അതിന് അവർ പ്രയാസപ്പെടുകയുമാണ്. സന്തുലിതമായ ഭക്ഷണക്രമമൊരുക്കാൻ അവർക്ക് ഒരിക്കലും കഴിയാറില്ല. റേഷൻഷാപ്പിൽ നിന്ന് ലഭിക്കുന്ന അരിമാത്രമാണ് ഗോത്രകുടുംബത്തിന് ആശ്രയം. അത് ഗർഭിണിക്ക് ഒരിക്കലും പര്യാപ്തവുമല്ല. ഇക്കാര്യത്തിലൊക്കെ അധികൃതരുടെ ശ്രദ്ധതിരിഞ്ഞാൽ ആദിവാസി കുടുംബങ്ങൾക്കിടയിലെ ശിശുമരണനിരക്ക് കുറച്ചു കൊണ്ടുവരാൻ കഴിയും. ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയും അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കൂടാൻ ഇടയാക്കുന്നുണ്ട്. ശിശുക്കളോടുള്ള അവഗണനയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന മറ്റൊരു സംഭവം അടുത്ത കാലത്തുണ്ടായി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഫണ്ട് അനുവദിക്കാത്തതിനാൽ സംസ്ഥാനത്തെ 561 ശിശു സംരക്ഷണ കേന്ദ്രങ്ങൾ അടച്ചു പൂട്ടലിന്റെ വക്കിലത്രെ. ഇതിൽ 220 എണ്ണം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയാണ് നടത്തുന്നത്. ഇവയിലാകെ 14000 ശിശുക്കൾ എത്തിച്ചേരുന്നുണ്ട്. 1100 ഓളം ജീവനക്കാരുമുണ്ട്. ഇതിൽ 220 എണ്ണം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയാണ് നടത്തുന്നത്. അടുത്ത മാസം മുതൽ ശിശു സംരക്ഷണ കേന്ദ്രങ്ങൾക്കുള്ള ഫണ്ട് ലഭ്യമാകുകയില്ല എന്ന് സംസ്ഥാന സർക്കാർ ശിശുക്ഷേമസമിതിയെ അറിയിച്ചിരിക്കുകയാണ്. 561 ക്രെഷുകൾ നടത്തിക്കൊണ്ടുപോകാൻ പ്രതിമാസം 68.52 ലക്ഷം രൂപ വേണം. ഇതിൽ 60 ശതമാനം കേന്ദ്രസർക്കാറും 30 ശതമാനം സംസ്ഥാനസർക്കാറുമാണ് വഹിക്കേണ്ടത്. ഇപ്പോൾ 20.05 കോടി രൂപ സർക്കാരിൽ നിന്ന് കുടിശ്ശികയുണ്ട്. ഓരോ കുട്ടിക്കും സർക്കാറിന്റെ പ്രതിദിന വിഹിതം 15 രൂപ മാത്രമാണ്. ഓരോന്നിലും ഒരു അദ്ധ്യാപികയും ആയയുമുണ്ടാവും. അവർക്ക് പ്രതിമാസം ലഭിക്കുന്നത് വളരെ ചെറിയ വേതനം-യഥാക്രമം 3000 രൂപയും 1500 രൂപയും. അതുതന്നെ സർക്കാർ ഫണ്ട് ലഭിക്കാത്തത് മൂലം മുടങ്ങുകയാണെങ്കിലോ!

ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ് ശിശു കേന്ദ്രങ്ങളിൽ എത്തുന്ന കുട്ടികളിൽ മിക്കവരും. അവരാണെങ്കിൽ പോഷകാഹാരക്കുറവ് നേരിടുന്നവരുമാണ്. പോഷകാഹാരക്കമ്മി നികത്തുന്നത് ഇവിടെ നിന്നുള്ള സമീകൃത ഭക്ഷണത്തിൽ നിന്നത്രെ. ശിശുകേന്ദ്രങ്ങൾ നിർത്തുന്നതിലൂടെ കൊച്ചുകുട്ടികൾക്ക് നഷ്ടപ്പെടുന്നത് സമീകൃത ഭക്ഷണമാണ്. കുട്ടികൾ ശിശുകേന്ദ്രങ്ങളിലും പ്രീ സ്‌കുളുകളിലും കളിച്ചുല്ലസിക്കണം; അത് പ്രാവിണ്യം വളരാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും മാതാപിതാക്കളുമായി ആരോഗ്യകരമായതും ദൃഢമായതുമായ ബന്ധം രൂപപ്പെടാനും സഹായിക്കുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഈയിടെ പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഭരണകൂടം ശിശു സൗഹൃദമാവണം. കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും നിലനിർത്തുകയെങ്കിലും വേണം. കുട്ടികളെ വിശിഷ്ട ഗുണമുള്ളവരാക്കാൻ ചെയ്യേണ്ടത് അവരെ സന്തോഷവാന്മാരാക്കുകയാണെന്ന ഐറിഷ് കവിയും നാടകരചയിതാവുമായ ഓസ്‌കർ വൈൽഡിന്റെ വാക്കുകൾ പ്രശസ്തമാണ്.

Read More >>