സ്ഥാനാര്‍ത്ഥിത്വത്തിലെ പുരുഷമതില്‍

വോട്ടർമാരിൽ കൂടുതൽ സ്ത്രീകളാണെങ്കിലും അധികാരത്തിലെ സ്ത്രീ പങ്കാളിത്തത്തിൽ 148ാം സ്ഥാനത്താണ് രാജ്യം. വിജയസാദ്ധ്യത പരിഗണിച്ചാണ് സ്ത്രീകളെ മാറ്റിനിർത്തുന്നതെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ന്യായം. ജാതിയും മതവും ലിംഗ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് എഴുതാനും പ്രസംഗിക്കാനും കൊള്ളാം

സ്ഥാനാര്‍ത്ഥിത്വത്തിലെ പുരുഷമതില്‍

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും സംസാരിക്കാത്ത പാർട്ടികളും നേതാക്കളുമില്ല. ആ പാർട്ടികൾക്കെല്ലാം മഹിളാ സംഘടനകളുമുണ്ട്. അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ഇവർക്കു നല്ല ബോദ്ധ്യവുമുണ്ട്. പക്ഷേ, പാർട്ടിയുടെ സുപ്രധാന സ്ഥാനങ്ങളിൽ, ഭരണഘടനാ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം അത്ര പന്തിയല്ലെന്നു മാത്രം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പതിറ്റാാണ്ടുകളായി ഈ വിവേചന ആചാരം തുടങ്ങിയിട്ട്.

ഇത്തവണ വനിതാ മതിലും നവോത്ഥാനവുമെല്ലാം പറഞ്ഞ് നാട് കുലുക്കിയതിന്റെ കിലുക്കം വിട്ടുമാറും മുമ്പേ എത്തിയ ലോക് സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തില്‍ കണ്ണിൽ പൊടിയിടാനെങ്കിലും സ്ത്രീ പ്രാതിനിധ്യം മെച്ചപ്പെടുമെന്ന് കരുതി. പക്ഷേ, സി.പി.എമ്മിനും സി.പി.ഐക്കും പോലും അണ്ടിയോടടുക്കുമ്പോള്‍ പുളിക്കും എന്നു മനസ്സിലായി. എൽ.ഡി.എഫിന്റെ 20 സീറ്റും പങ്കിട്ടെടുത്ത ഇരു പാർട്ടികൾക്കും വനിതാ മതിൽ പണിയാൻ കാണിച്ച താല്പര്യത്തിന്റെ നാലിൽ ഒരംശം പോലും വനിതാ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ ഉണ്ടായില്ല. സി.പി.എം ഒരു സിറ്റിങ് എം.പിയെയും ഒരു സിറ്റിങ് എം.എൽ.എയെയും രംഗത്തിറക്കിയപ്പോൾ സാദ്ധ്യതകൾ ഇല്ലാത്ത സീറ്റിൽ തൊട്ടുകൂട്ടാൻ പോലും സ്ത്രീകളെ പരീക്ഷിക്കാൻ സി.പി.ഐക്കു മനസ്സു വന്നില്ല. ഇതിന്റെ പേരിൽ നേരിയ ഒരു അലോസരം ഈ വിപ്ലവ പാർട്ടികളിലെ സ്ത്രീരത്നങ്ങളോ മഹിളാ സംഘടനകളോ കാണിച്ചതായും വിവരമില്ല. അത്രമാത്രം വിനീതവിധേയരാണ് ഈ വനിതാ സിങ്കങ്ങളെല്ലാം. എങ്കിലും ലിംഗസമത്വത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും വനിതാ നവോത്ഥാനത്തെക്കുറിച്ചും വീറോടെ വാദിക്കാൻ ഇവർ ഇനിയും വരാതിരിക്കില്ല. ഈ പാർട്ടികൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ലിസ്റ്റിൽ മാത്രമല്ല, പാനലിൽ പോലും വേണ്ടത്ര വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. 2014ലും തങ്ങൾക്കു വനിതാ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ലെന്ന പറഞ്ഞു ന്യായീകരിക്കാനും സി.പി.ഐക്കു വകുപ്പുണ്ട്.

ശബരിമലയെച്ചൊല്ലി ഒരു പറ്റം അവിവേകികൾ നാടൊട്ടുക്കും കോലാഹലം ഉണ്ടാക്കിയപ്പോൾ ഭരണഘടനാ മൂല്യങ്ങളും ജുഡീഷ്യറിയുടെ മാനവും കാക്കാനാണല്ലോ സർക്കാർ അതിനെ പ്രതിരോധിച്ചത്. ആ ജാഗ്രതയെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുമ്പോഴും ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വം പ്രാവർത്തികമാക്കാൻ എത്ര ആത്മാർത്ഥത ഇവർ കാണിച്ചുവെന്നു് ചോദിച്ചാൽ നിരാശയാണ് ഫലം. ഇനി സ്ഥാനാർത്ഥി പ്രഖ്യാപനം കാത്തിരിക്കുന്ന കോൺഗ്രസിലും ബി.ജെ.പിയിലും ഇടത് നിഴലിനോട് ചേർന്നു നിൽക്കാൻ പേരിനെങ്കിലും മങ്കമാരുണ്ടായാൽ അത്ഭുതമെന്നേ പറയാനൊക്കൂ. സ്ത്രീ പ്രാതിനിധ്യം ബ­ലി കൊടുക്കുന്നതിലുളള മത്സരത്തിൽ ഇവരും പിന്നിലാവില്ലെന്നു ചുരുക്കം.

ജനസംഖ്യാനുപാതികമായി ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് അമ്പത് ശതമാനം പ്രാതിനിധ്യം വേണമെന്ന സ്ത്രീ സംഘടനകളുടെ വാദങ്ങളെ തൊട്ടു തലോടുന്ന വിപ്ലവ പാർട്ടികൾക്കു പോലും ഇത്തരമൊരു ഗതി ഉണ്ടാവുന്നത് എന്തുകൊണ്ടാണ്? നിലവിലുള്ള ലോക്‌സഭയിൽ 11.9 ശതമാനവും രാജ്യസഭയിൽ 11.4 ശതമാനവും മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. 11 ശതമാനം എന്ന ശരാശരിയിൽനിന്ന്‌ ഒരു ഘട്ടത്തിലും ലോക്‌സഭയിലെ സ്ത്രീ പ്രാതിനിധ്യം ഉയർന്നിട്ടില്ലെന്നതാണ് ചരിത്രം. പകുതിയിൽ കൂടുതൽ സ്ത്രീവോട്ടർമാരുള്ള കേരളത്തിൽപോലും പൊതുവിൽ പത്തുശതമാനത്തിൽ താഴെയാണ് നിയമസഭയിൽപോലും സ്ത്രീ പ്രാതിനിധ്യമുണ്ടാകാറുള്ളത്.

അതിനിടെയാണ്, വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കു നൽകുമെന്ന ഒഡിഷയിലെ ബിജു ജനതാദളിന്റെയും 40.5 ശതമാനം സ്ഥാനാർത്ഥിത്വം സ്ത്രീകൾക്ക് നൽകുമെന്ന ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുടെയും പ്രഖ്യാപനത്തിന്റെ പ്രസക്തി. ഇത് പാലിക്കപ്പെടുകയാണെങ്കിൽ സ്ത്രീകൾക്ക് പാർല്ലമെന്റ്‌ തെരഞ്ഞെടുപ്പിൽ സംവരണമെന്ന ആശയം യാഥാർത്ഥ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയപ്പാർട്ടികളായി ബിജു ജനതാദളും തൃണമൂൽ കോൺഗ്രസും മാറും. സീറ്റുകളുടെ സിംഹഭാഗവും പുരുഷകേസരികൾ പങ്കിട്ടെടുക്കുന്ന എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും കണ്ണുതുറപ്പിക്കേണ്ടതാണ് ഈ തീരുമാനം. രാഷ്ട്രീയ സാക്ഷരതയിലും സ്ത്രീ ശാക്തീകരണത്തിലുമെല്ലാം മുമ്പിൽ നിൽക്കുന്ന കേരളത്തിന് ഈ രണ്ടു സംസ്ഥാനങ്ങൾക്കും മുമ്പേ സഞ്ചരിക്കാനായില്ലെങ്കിലും ആ ചരിത്രപരമായ തിരു­ത്തലിന് ഇനി എത്ര കാലം കാത്തിരിക്കേണ്ടിവരും?

വോട്ടർമാരിൽ കൂടുതൽ സ്ത്രീകളാണെങ്കിലും അധികാരത്തിലെ സ്ത്രീ പങ്കാളിത്തത്തിൽ 148ാം സ്ഥാനത്താണ് രാജ്യം. വിജയസാദ്ധ്യത പരിഗണിച്ചാണ് സ്ത്രീകളെ മാറ്റിനിർത്തുന്നതെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ന്യായം. ജാതിയും മതവും ലിംഗ പ്രശ്നങ്ങളൊന്നുമില്ലെന്ന് എഴുതാനും പ്രസംഗിക്കാനും കൊള്ളാം. പക്ഷേ, പ്രായോഗിക തലത്തിൽ വളരെ വിദൂരത്താണ് അനുഭവം. തെരഞ്ഞെടുപ്പിൽ വെറും വ്യക്തികളല്ല, പാർട്ടികളും മുന്നണികളും കൂടിയാണ് മത്സരിക്കുന്നത്. വ്യക്തിപരമായ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും ഇത്രമാത്രം അവഗണിക്കപ്പെടേണ്ടവരല്ലെന്ന തിരിച്ചറിവ് സ്ത്രീ സമൂഹത്തിന് വിശേഷിച്ചും ഉണ്ടാകേണ്ട സന്ദര്‍ഭമാണിത്. സുശീല ഗോപാലൻ തലേക്കുന്നിൽ ബഷീറിനെയും സി.എസ് സുജാത രമേശ് ചെന്നിത്തലയെയും പി.കെ ശ്രീമതി കെ സുധാകരനേയുമെല്ലാം തോൽപ്പിച്ചതും കേരളത്തിലാണെന്ന പാഠം നമുക്കു മുമ്പിലുണ്ട്. അതിനാൽ സ്ത്രീകളുടെ അർഹമായ അവകാശം തടയുന്ന കക്ഷി വ്യത്യാസമില്ലാതെയുള്ള ഈ പുരുഷ മതിലിനെതിരേ അണിനിരക്കാൻ പൊതുസമൂഹം തയ്യാറാകേണ്ടതുണ്ട്.

Read More >>