കര്‍ഷകന്റെ കണ്ണീരു കാണണം

സ്വകാര്യസർക്കാർ ബാങ്കുകളിൽ നിന്നു കടമെടുത്താണ് മഹാഭൂരിപക്ഷം കർഷകരും കൃഷിയിറക്കുന്നത്. മൊറൊട്ടോറിയം കൊണ്ടുള്ള ആശ്വാസം പോലും അവർക്കു താൽക്കാലികവും ഭാഗികവുമാണ്. കർഷകനെ കൃഷിഭൂമിയിൽ പിടിച്ചുനിർത്തണമെങ്കിൽ അവരെകൂടി വിശ്വാസത്തിലെടുത്തുള്ള പാക്കേജിന് രൂപം നൽകുകയാണ് ഈ സാഹചര്യത്തിൽ അഭികാമ്യം

കര്‍ഷകന്റെ കണ്ണീരു കാണണം

നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തിനു ശേഷമുള്ള കൊടിയ വരൾച്ചയും പിന്നാലെയെത്തിയ വേനൽമഴയും കാർഷികമേഖലയിൽ അസാധാരണമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മാറിമറിയുന്ന പ്രകൃതി പ്രതിഭാസങ്ങളിൽ ഈ മേഖലയുടെ വളർച്ച മുരടിക്കുന്നു എന്നുമാത്രമല്ല, അന്നംതരുന്ന കർഷകൻ തീരാക്കടത്തിലേക്കു കൂപ്പുകുത്തുകയുമാണ്. പ്രളയം സർവ്വതും തകർത്തെറിഞ്ഞതിന്റെ മുറിവുകൾ ഇനിയും ഉണങ്ങാത്ത കാർഷിക മേഖലയ്ക്കു താങ്ങാവുന്ന പ്രഹരമല്ല വരൾച്ചയും വേനൽമഴയും സമ്മാനിച്ചത്. പ്രളയത്തിൽ ആയിരം കോടിയിലേറെ നഷ്ടമാണ് ഈ മേഖലയ്ക്കുണ്ടായത്.

വരൾച്ചയും വേനൽ മഴയും കാരണം സംസ്ഥാനത്തു 110 കോടിയുടെ കൃഷിനാശമുണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. 13,000ൽ ഏറെ കർഷകർക്ക് വിളനാശം സംഭവിച്ചു. മാർച്ച്, ഏപ്രിൽ മാസത്തെ കടുത്ത വരൾച്ച നെല്ല്, വാഴ, ഏലം, പച്ചക്കറി കൃഷികൾക്ക് തീർത്തും ദോഷകരമായി. ഈ കാലയളവിലെ കൊടും വരൾച്ച കാരണം 1,770 ഹെക്ടറിലെ നെൽകൃഷി നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുമൂലം 35.56 കോടിയുടെ നഷ്ടമുണ്ടായി. രണ്ടാം വിളവിറക്കിയ ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കാസർകോട്, കൊല്ലം ജില്ലകളിലെ നെൽ കർഷകരെയാണ് വരൾച്ച പ്രധാനമായും ബാധിച്ചത്. ഓണം മുന്നിൽ കണ്ട് കൃഷിയിറക്കിയ പച്ചക്കറി കർഷകരെയും വരൾച്ചയും വേനൽമഴയും ചതിച്ചു. ഏപ്രിൽ 15 ന് ശേഷം ശക്തിപ്പെട്ട വേനൽമഴയും കാറ്റും ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ കനത്ത നാശമാണ് വിതച്ചത്. 300 ഏക്കറോളം പാടശേഖരം നശിച്ചു. 5.67 കോടിയുടെ നഷ്ടമുണ്ടായി. 130 ഹെക്ടറിലെ പച്ചക്കറി കൃഷി വേനൽമഴ മൂലം പാടെ നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണ്ടെത്തൽ. യഥാർത്ഥ നഷ്ടം ഇതിലുമേറെയായിരിക്കും. വരൾച്ചയിൽ 80 ഹെക്ടറിലായി 1.82 ലക്ഷം വാഴകൾ നശിച്ചു. വേനൽമഴയിലാവട്ടെ, 443 ഹെക്ടറിലെ 11.12 ലക്ഷം വാഴകൾ നിലംപൊത്തി. ശക്തിമായ കാറ്റു വീശിയതു കാരണം കുലക്കാറായ വാഴകളാണ് ഒടിഞ്ഞു തൂങ്ങിയത്. ഏകദേശം 50 കോടിയുടെ നഷ്ടമെങ്കിലും വാഴക്കർഷകർക്കുണ്ടായി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലെ വാഴ കർഷകരെയാണ് വേനൽമഴ ദുരിതത്തിലാക്കിയത്. റെക്കോഡ് വിലയിലെത്തി നിൽക്കുന്ന ഏലം കർഷകരെയും വേനൽമഴ ബാധിച്ചു. ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിലെ 125 ഹെക്ടറിലേറെയുള്ള ഏലം കൃഷി നശിച്ചു. 13 കോടിയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്.

പ്രളയത്തിൽ പുറമേ കാണുന്ന നഷ്ടം മാത്രമല്ല കർഷകർക്കുണ്ടായത്. കൃഷി ഭൂമി ഇല്ലാതായതും, ഭൂമിയുടെ രൂപവും ഗുണവും മാറിയതും, ജലലഭ്യതയിലുണ്ടായ വ്യതിയാനവും കർഷർകർക്കു അപരിഹാര്യമായ പ്രതിസന്ധികളാണ് സമ്മാനിച്ചത്. പൊതു മാനദണ്ഡപ്രകാരമുള്ള താൽക്കാലിക ആശ്വാസമോ നാശനഷ്ടത്തിനനുസരിച്ചല്ലെങ്കിലും നഷ്ടപരിഹാരമോ ലഭിച്ചെങ്കിലും, വീണ്ടും കൃഷിഭൂമിയിലിറങ്ങാൻ കഴിയാത്ത ആയിരക്കണക്കിനു കർഷകർ സംസ്ഥാനത്തുണ്ട്. പ്രളയപരിഹാരം അനിശ്ചിതമായി നീളുന്നതും കർഷകന്റെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി. അതിജീവനത്തിന്റെ വഴിയിൽ പിടിച്ചു നിൽക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് വരൾച്ചയും വേനൽമഴയും വന്നത്. ഒരു തരത്തിലും നിവർന്നു നിൽക്കാനാകാത്ത സാഹചര്യമാണ് കർഷനുള്ളത്. അതുകൊണ്ടു തന്നെ അടിയന്തരമായി കർഷകന്റെ കണ്ണീരൊപ്പാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനു കഴിയണം.

നിലവിലെ സംസ്ഥാന-കേന്ദ്ര മാനദണ്ഡ പ്രകാരം നാമമാത്രമായ നഷ്ടപരിഹാരമാണ് കൃഷിനാശത്തിന്റെ പേരിൽ കർഷകനു ലഭിക്കുന്നത്. യഥാർത്ഥ നഷ്ടത്തിന്റെ നാലിലൊന്നു പോലും കർഷകനു തിരികെ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എല്ലാ കർഷകരും വിള ഇൻഷുറൻസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നവരല്ല. അതുകൊണ്ടു തന്നെ മണ്ണും കർഷകനെയും അറിഞ്ഞുള്ള നഷ്ടപരിഹാരം നൽകാൻ തയ്യാറാകണം. സ്വകാര്യ-സർക്കാർ ബാങ്കുകളിൽ നിന്നു കടമെടുത്താണ് മഹാഭൂരിപക്ഷം കർഷകരും കൃഷിയിറക്കുന്നത്. മൊറൊട്ടോറിയം കൊണ്ടുള്ള ആശ്വാസം പോലും അവർക്കു താൽക്കാലികവും ഭാഗികവുമാണ്. കർഷകനെ കൃഷിഭൂമിയിൽ പിടിച്ചുനിർത്തണമെങ്കിൽ അവരെകൂടി വിശ്വാസത്തിലെടുത്തുള്ള പാക്കേജിന് രൂപം നൽകുകയാണ് ഈ സാഹചര്യത്തിൽ അഭികാമ്യം.

പതിവുപോലെ തുച്ഛമായ നഷ്ടപരിഹാരം കൊണ്ടുള്ള മുറിവുണക്കലിൽ മാത്രമൊതുങ്ങരുത് ഈ നടപടി. കാരണം മണ്ണിനോടു വിടപറയുന്ന കർഷകരുടെ എണ്ണം കൂടിവരുകയാണ്. കൃഷി ലാഭകരമല്ലെന്ന പരാതിയോടൊപ്പം പ്രകൃതിയുടെ വിളയാട്ടം കൂടിയാവുമ്പോൾ, മണ്ണിൽ വിത്തിറക്കുന്നവൻ വല്ലാതെ മടിക്കുകയാണ്. ഇവിടെ അനിവാര്യവവും അടിയന്തരവുമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തേണ്ടത്. മണ്ണിൽ കനി വിളയിപ്പിക്കുന്നവരെ അവിടെ പിടിച്ചു നിർത്തേണ്ടത് സമൂഹത്തിന്റെ ആവശ്യവും സർക്കാരിന്റെ ഉത്തരവാദിത്തവുമാണ്. അതിൽ അലംഭാവമോ കാലവിളംബമോ അരുത്.

Read More >>