തിളങ്ങുന്ന വിമാനത്താവളം ഒട്ടും തിളങ്ങാത്ത കണ്ണൂര്‍

തലശ്ശേരി ബൈപാസ്സിനെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടെങ്കിലുമായി. തലശ്ശേരിയിലും മാഹിയിലും സ്വാതന്ത്ര്യത്തിനു മുമ്പുള്ളതിനേക്കാൾ വളരെയൊന്നും മുന്നോട്ടു പോയിട്ടില്ല റോഡ് യാത്രാസൗകര്യങ്ങൾ

തിളങ്ങുന്ന വിമാനത്താവളം ഒട്ടും തിളങ്ങാത്ത കണ്ണൂര്‍

കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ നാളെ ഉല്‍ഘാടനം ചെയ്യപ്പെടുകയാണ്. നമ്മെ അത്ഭുതപ്പെടുത്തുന്ന ചില വസ്തുതകള്‍ ഇതിലുണ്ട്. പ്രാദേശിക വികസനത്തിന്റെ കാര്യത്തില്‍ താരതമ്യേന പിറകില്‍നില്‍ക്കുന്ന ഉത്തരകേരളത്തില്‍ ഇത് രണ്ടാമത്തെ വിമാനത്താവളമാണ്. മദ്ധ്യകേരളത്തിലും ദക്ഷിണ കേരളത്തിലും ഓരോ വിമാനത്താവളങ്ങളേ ഉള്ളൂ. എന്തുകൊണ്ട് ഉത്തരകേരളത്തില്‍ രണ്ട് എന്ന ചോദ്യം ഇപ്പോള്‍ ചോദിക്കുന്നതില്‍ പ്രസക്തിയില്ല. വിമാനത്താവളം തുടങ്ങുംമുമ്പ് ആസൂത്രകര്‍ അക്കാര്യം ആലോചിച്ചിരിക്കാം. ഓരോ വിമാനത്താവളം തുടങ്ങുമ്പോഴും ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കരിപ്പൂരും നെടുമ്പാശ്ശേരിയും വിമര്‍ശനങ്ങളെ മറികടന്നാണ് നിലവില്‍വന്നത്. ആ ശ്രമങ്ങളൊന്നും പാഴായിട്ടില്ല എന്നു ആശ്വസിക്കാം.

വിമാനത്താവളങ്ങള്‍ തമ്മിലുള്ള കടുത്ത മത്സരത്തിനു കാരണമാകും പുതിയ വിമാനത്താവളമെന്നത് സ്വാഭാവികം മാത്രമാണ്. ഒന്നേമുക്കാല്‍ കോടിയോളം സഞ്ചാരികളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിലെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയത്. ഇതില്‍ ഒരു കോടിയിലേറെപ്പേര്‍ ഇറങ്ങിയത് കൊച്ചിയിലാണ്. കൊച്ചിയിലിറങ്ങിയവരില്‍ ചെറിയ പങ്കെങ്കിലും കണ്ണൂരിലേക്കു മാറാം. കരിപ്പൂരിനും മംഗലാപുരത്തിനും കുറെ നഷ്ടമുണ്ടാകാം. ഈ നഷ്ടമാണ് കണ്ണൂരിന്റെ പ്രതീക്ഷ. ഇക്കാര്യം സംബന്ധിച്ച പഠനങ്ങള്‍ നടത്തേണ്ടതും പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതും വ്യോമയാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധികാരികളാണ്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഓരോ സ്ഥാപനങ്ങളും അവരുടേതായ സേവനപദ്ധതികള്‍ ആസൂത്രണം ചെയ്യട്ടെ. അതു യാത്രക്കാര്‍ക്കു ഗുണകരമാവുമല്ലോ. വിമാനയാത്രികര്‍ വളരെയധികമൊന്നുമില്ലാത്തതാണ് കണ്ണൂരിന്റെ പോഷക പ്രദേശങ്ങള്‍. വലിയ വ്യവസായങ്ങള്‍, സ്ഥാപനങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവയൊന്നും പേരിനും പോലും കണ്ണൂരിലില്ല. വിമാനം ഇറക്കുന്ന പൈലറ്റുമാര്‍ക്കും മറ്റും താമസിക്കാന്‍, അവരുടെ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ സാധാരണ താമസിക്കുന്ന തരം മുന്തിയ ഹോട്ടലുകള്‍ പോലും ഇപ്പോള്‍ കണ്ണൂരിലില്ല. ഇത്തരം പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നവരോടെല്ലാം ഒരു മറുപടിയേ പറയാനാവൂ- എല്ലാം ക്രമേണ വരും എന്നു മാത്രം. വരും എന്നു തന്നെ നമുക്കും പ്രതീക്ഷിക്കാം.

കേരളത്തില്‍ ഇപ്പോഴുള്ള മൂന്നു വിമാനത്താവളങ്ങളും അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. ഇത്രയും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഇത്രയും ചെറിയ മറ്റൊരു സംസ്ഥാനത്തുമില്ല. വിദേശികളല്ല, വിദേശങ്ങളിലുള്ള മലയാളികള്‍ ധാരാളമായി വരികയും പോവുകയും ചെയ്യുന്നതുകൊണ്ടാണ് ഈ നിലവാരത്തിലേക്ക് എയര്‍പോര്‍ട്ട് സംവിധാനങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണം. യൂറോപ്യന്‍ മേഖലയില്‍ പോവുകയും വരികയും ചെയ്യുന്നവരുടെ എണ്ണം മദ്ധ്യ-ദക്ഷിണ കേരളത്തെ അപേക്ഷിച്ച് ഉത്തര കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ കുറവാണ് എന്നതു കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാദ്ധ്യതകള്‍ക്കു മേലുള്ള ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നുണ്ട്.

ഈ ആശങ്കകളെയും സംശയങ്ങളെയും മറികടക്കണമെങ്കില്‍ മലബാറിന്റെ വികസനകാര്യത്തില്‍ വളരെയേറെ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. ഒരുപാട് മുഖ്യമന്ത്രിമാരെയും ഭരണകര്‍ത്താക്കളെയും സംഭാവന ചെയ്ത പ്രദേശമാണെങ്കിലും കണ്ണൂര്‍ ജില്ലയിലെ ഗതാഗത സൗകര്യങ്ങള്‍ മദ്ധ്യ-ദക്ഷിണ കേരള ജില്ലകളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് 100-ല്‍ കുറവ് കിലോമീറ്ററേ ഉളളൂ എങ്കിലും റോഡ് യാത്ര ദുഷ്‌കരമാണ്. മൂന്നും നാലും മണിക്കുര്‍ എടുക്കും എത്താന്‍. വഴിയില്‍ വല്ല സമ്മേളനമോ ജാഥയോ ആഘോഷമോ ഉണ്ടെങ്കില്‍ ആറു മണിക്കൂര്‍ വരെ നീളാം യാത്ര. കോഴിക്കോട്ടെ എയര്‍പോര്‍ട്ടിലെത്താന്‍ പുറപ്പെട്ടവര്‍ക്ക് വഴിയിലെ തടസ്സങ്ങളില്‍ പെട്ട് വിമാനം കിട്ടാതെ പോയതിന്റെ വാര്‍ത്തകള്‍ പത്രങ്ങളില്‍ കാണാറുണ്ട്. കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ വടകരയ്ക്കൊഴികെ ഒരു പട്ടണത്തിനും ബൈപാസ്സില്ല. തലശ്ശേരി ബൈപാസ്സിനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടെങ്കിലുമായി. തലശ്ശേരിയിലും മാഹിയിലും സ്വാതന്ത്ര്യത്തിനു മുമ്പുള്ളതിനേക്കാള്‍ വളരെയൊന്നും മുന്നോട്ടു പോയിട്ടില്ല റോഡ് യാത്രാസൗകര്യങ്ങള്‍. എന്തിനേറെ, കണ്ണൂരില്‍ നിന്നു വിമാനത്താവളത്തിലേക്കു നല്ലൊരു റോഡ് ഇപ്പോഴെങ്കിലുമുണ്ടോ? വിമാനത്താവളനിര്‍മ്മാണം പാഴ്ച്ചെലവാകാതിരിക്കണമെങ്കില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചേ മതിയാകൂ.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമ്പോള്‍ കേരളത്തിന്റെ നയരൂപവല്‍ക്കരണത്തിനു ചുമതല വഹിക്കുന്ന നേതൃത്വം ഒറ്റ മനസ്സോടെ അവിടെ ഉണ്ടാകുമെന്ന് കേരളീയര്‍ പ്രതീക്ഷിക്കുന്നുണ്ട്. വിമാനത്താവളം സ്ഥാപിക്കുക എന്നത് ഏതെങ്കിലും ഒരു സര്‍ക്കാറോ ഒരു പാര്‍ട്ടിയോ സ്വയം ചെയ്തതല്ല. ഭരണത്തിലും പുറത്തും ഉണ്ടായിരുന്നവരും ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും സാധാരണക്കാരായ ജനങ്ങളുമെല്ലാം ഒത്തുശ്രമിച്ചതിന്റെ ഫലമായാണ് അതു സാദ്ധ്യമായത്. എന്നാല്‍, പലരും മാറ്റിനിര്‍ത്തപ്പെട്ടതായി പരാതി ഉയര്‍ന്നതു നിര്‍ഭാഗ്യകരമാണ്. ഭിന്നിപ്പിന്റെയും സ്വാര്‍ത്ഥതയുടെയും അല്പത്വത്തിന്റെയും പ്രകടനങ്ങളായി ഇത്തരം ചടങ്ങുകള്‍ മാറുന്നത് കേരളത്തിനു ഗുണകരമല്ല.

Read More >>