പ്രവര്‍ത്തകരുടെ പെരുമാറ്റവും പ്രത്യയശാസ്ത്രം പോലെ പ്രധാനമാണ്

സി.പി.എം ജനപ്രതിനിധി തീർച്ചയായും പ്രത്യയശാസ്ത്രം പഠിച്ചിട്ടുള്ള ആളായിരിക്കണം. തുല്യത മനുഷ്യവ്യവഹാരത്തിന്റെ അടിസ്ഥാനതത്ത്വമായി അംഗീകരിച്ചിട്ടുള്ള പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. സാമ്പത്തികസമത്വം ആണ് ആ പ്രത്യയശാസ്ത്രത്തിന്റെ ആത്യന്തികലക്ഷ്യം. തുല്യത ഇന്നും മനുഷ്യന്റെ അകന്നകന്നു പോകുന്ന ഒരു സ്വപ്‌നം മാത്രമാണ്. അതൊരുപക്ഷേ എക്കാലത്തും സ്വപ്‌നം മാത്രമായി അവശേഷിക്കുകയും ചെയ്‌തേക്കാം. പക്ഷേ, അവസരങ്ങളിലും മനുഷ്യൻ എന്ന പരിഗണനകളിലും സമത്വമെന്ന തത്ത്വം മുതലാളിത്ത സമൂഹങ്ങളിൽ പോലും നടപ്പായിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീപുരുഷ സമത്വം അതിലേറെ പ്രാധാന്യത്തോടെ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ ഒരു സ്ത്രീ ആണ് എന്നതുകൂടി പരിഗണിക്കപ്പെടേണ്ട കാര്യമാണ്.

പ്രവര്‍ത്തകരുടെ   പെരുമാറ്റവും പ്രത്യയശാസ്ത്രം പോലെ പ്രധാനമാണ്

സമീപനാളുകളിൽ പല പൊതുപ്രവർത്തകരും അവർ ഉപയോഗിച്ച വാക്കുകളുടെ പേരിലും സംസാരശൈലിയുടെ പേരിലും വിവാദങ്ങളിൽ ചെന്നു പെടുകയും പ്രതിക്കൂട്ടിൽ എത്തുകയും ചെയ്തു. ഇടുക്കി ജില്ലയിൽനിന്നുള്ള സി.പി.എം ജനപ്രതിനിധി എസ് രാജേന്ദ്രൻ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയെക്കുറിച്ച് പൊതുമാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങളാണ് ഏറ്റവും ഒടുവിൽ ചർച്ചാവിഷയമായത്. ദേവികുളം സബ് കളക്റ്ററാണ് ഈ ഉദ്യോഗസ്ഥ. ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട വിഷയത്തെച്ചൊല്ലിയാണ് വിമർശനം. ഉദ്യോഗസ്ഥർ ചെയ്യുന്നതെല്ലാം ശരിയാണെന്നോ അവർക്കെതിരെ പൊതുപ്രവർത്തകർ ഒന്നും പറയാൻ പാടില്ലെന്നോ ആർക്കും അഭിപ്രായമില്ല. എന്നാൽ, പൊതുവേദിയിൽ സംസാരിക്കുമ്പോഴെങ്കിലും മാന്യമായ ഭാഷയും പെരുമാറ്റവും ഉണ്ടായേ തീരൂ. പ്രായം കുറവാണെന്നതോ സ്ഥാനം ചെറുതാണെന്നതോ മാനദണ്ഡമാവരുത്. തുല്യത എല്ലാവരും അർഹിക്കുന്നു.

സി.പി.എം ജനപ്രതിനിധി തീർച്ചയായും പ്രത്യയശാസ്ത്രം പഠിച്ചിട്ടുള്ള ആളായിരിക്കണം. തുല്യത മനുഷ്യവ്യവഹാരത്തിന്റെ അടിസ്ഥാനതത്ത്വമായി അംഗീകരിച്ചിട്ടുള്ള പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. സാമ്പത്തികസമത്വം ആണ് ആ പ്രത്യയശാസ്ത്രത്തിന്റെ ആത്യന്തികലക്ഷ്യം. തുല്യത ഇന്നും മനുഷ്യന്റെ അകന്നകന്നു പോകുന്ന ഒരു സ്വപ്‌നം മാത്രമാണ്. അതൊരുപക്ഷേ എക്കാലത്തും സ്വപ്‌നം മാത്രമായി അവശേഷിക്കുകയും ചെയ്‌തേക്കാം. പക്ഷേ, അവസരങ്ങളിലും മനുഷ്യൻ എന്ന പരിഗണനകളിലും സമത്വമെന്ന തത്ത്വം മുതലാളിത്ത സമൂഹങ്ങളിൽ പോലും നടപ്പായിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീപുരുഷ സമത്വം അതിലേറെ പ്രാധാന്യത്തോടെ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ ഒരു സ്ത്രീ ആണ് എന്നതുകൂടി പരിഗണിക്കപ്പെടേണ്ട കാര്യമാണ്. സ്ത്രീസമൂഹത്തിന്റെ അവസ്ഥ എന്ത് എന്നത് സാമൂഹ്യപുരോഗതിയുടെ അളവുകോൽ ആണ് എന്നെഴുതിയത് കാൾ മാർക്‌സ് ആണ്. നൂറ്റാണ്ടിലേറെക്കാലം മുമ്പ് എഴുതിയതാണിത്. ഇനിയുമേറെ നൂറ്റാണ്ടുകൾ പിന്നിട്ടാലും ഇതു പ്രസക്തമായി തുടരുമെന്ന കാര്യത്തിൽ സംശയമില്ല. കാര്യം വിസ്മരിക്കാൻ പാടില്ലതന്നെ. ഒരു ജനപ്രതിനിധി പൊതുവേദിയിൽ നിന്ന് ഒരു പുരുഷനെക്കുറിച്ച് അവൻ എന്നു പറയുന്നത് എത്രത്തോളം തെറ്റാണോ അതിന്റെ പല മടങ്ങ് വലിയ തെറ്റാണ് ഒരു ഉദ്യോഗസ്ഥയെ അവളെന്നു ആക്ഷേപിച്ച് പറയുന്നത്. അത്രയെങ്കിലും അറിയാത്ത ഒരാൾ പൊതുപ്രവർത്തകനാകാൻ യോഗ്യനല്ലതന്നെ.

പാർട്ടികൾ പ്രവർത്തനരംഗത്ത് എത്തുന്ന പുതിയ കാഡർമാർക്ക് നൽകുന്ന പരിശീലനം എന്ത് എന്നു പൊതുസമൂഹം അറിഞ്ഞുകൊള്ളണമെന്നില്ല. അറിയണമെന്നു നിർബന്ധിക്കാനും സാദ്ധ്യമല്ല. പക്ഷേ, അത് കാലത്തിനൊത്ത് മാറേണ്ടതുണ്ട് എന്നു പറയാൻ പാർട്ടിക്കു പുറത്തുള്ളവർക്കും അവകാശമുണ്ട്. ഒളിവിൽ പാർക്കുകയും പൊലീസിനെ നേരിടാൻ വാരിക്കുന്തം കൂർപ്പിക്കുകയും ചെയ്യുന്ന കാലമല്ല ഇത്്. ആ കാലം ഇനി വരാൻ പോകുന്നേയില്ല. രാഷ്ട്രീയരംഗത്ത് വരുന്ന പുതുതലമുറയിൽ ഈ കാലമാറ്റത്തിന്റെ നല്ല ലക്ഷണങ്ങൾ പ്രകടമാണ്. വിദ്യാഭ്യാസം നേടിയവരാണ് ബഹുഭൂരിപക്ഷവും. എസ് രാജേന്ദ്രനെപ്പോലുള്ളവർ ഗ്രാമീണ പശ്ചാത്തലവും വിദ്യാഭ്യസപരമായ പിന്നാക്കാവസ്ഥയും മൂലമുള്ള പരിമിതികൾ പൊതുപ്രവർത്തനാനുഭവങ്ങളിലൂടെയും പാർട്ടി പരിശീലനത്തിലൂടെയും മറികടക്കാൻ അവസരം ലഭിച്ചിട്ടുള്ളവരാണ്. അത്തരക്കാർക്ക് ജീവിതപശ്ചാത്തലം ഒരു ഒഴികഴിവും നൽകുന്നില്ല. അവരെ വിലയിരുത്താൻ പ്രത്യേകം മാനദണ്ഡങ്ങളും ലഭ്യമായിരിക്കില്ല എന്നോർക്കണം.

എല്ലാ അഞ്ചുവർഷം കൂടുന്തോറും പാർട്ടി ഭരിക്കും എന്ന ചിന്ത പല മിഥ്യാധാരണകളും സൃഷ്ടിക്കുന്നു. എല്ലാ അധികാരങ്ങളും പാർട്ടിയിലാണ്, ബാക്കിയുള്ളവർ ഈ തീരുമാനങ്ങൾ നടപ്പാക്കേണ്ടവർ മാത്രമാണ് എന്നതാണ് ഏറ്റവും വലിയ അബദ്ധധാരണ. ഇത്തരം ധാരണകൾ കേരളത്തിലെ എല്ലാ പാർട്ടികളെയും ബാധിച്ചിട്ടുണ്ട്. ജനാധിപത്യ ഭരണക്രമത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത കൂടിയാണ് ഇത്. ഒരു ജനപ്രതിനിധിക്ക് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പെടുന്ന സർക്കാർ ഓഫീസുകൾക്കെല്ലാം മുകളിൽ അലിഖിതമായ അധികാരം ഉണ്ടെന്ന അന്ധവിശ്വാസം മിക്കവാറും എല്ലാ പാർട്ടികളിലും ഉണ്ട്. റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഏതു പാർട്ടിയിലാണോ ആ പാർട്ടിയുടെ ജില്ലാ ഭാരവാഹിയുടെ ഭാവം ജില്ലയിൽ താനാണ് റവന്യൂ മന്ത്രി എന്നാണ്. എല്ലാ വകുപ്പുകൾക്കും ഇതു ബാധകമാണ്. നിയമവും വകുപ്പും ഫയലും നോക്കി തീരുമാനമെടുക്കേണ്ടവരാണ് ഉദ്യോഗസ്ഥർ. അവർ ഭരിക്കുന്ന പാർട്ടിയെക്കുറിച്ചോ മന്ത്രിയെക്കുറിച്ചോ യാതൊന്നും അറിയേണ്ട കാര്യമില്ല. അവരുടെ ഫോൺ വിളികൾക്കൊത്ത്് തീരുമാനമെടുക്കേണ്ടവരുമല്ല. ജനാധിപത്യഭരണ ക്രമത്തിന്റെ അടിസ്ഥാനതത്ത്വമാണ് ഇത്.

പൊതുജനസേവനവും പ്രക്ഷോഭങ്ങളുമെന്ന പോലെ ഭരണനിർവഹണ വിഭാഗവുമായും ബന്ധപ്പെട്ടതാണ് പാർട്ടിപ്രവർത്തനം. ജനപ്രതിനിധികളായ പ്രവർത്തകരെപ്പോലെ അതല്ലാത്ത പ്രവർത്തകന്മാരും ഉദ്യോഗസ്ഥരുമായി ഇടപെടേണ്ടി വരും. തഹസിൽദാർ തന്റെ കല്പന അനുസരിക്കേണ്ട ആളാണ് എന്ന് മന്ത്രിപാർട്ടിയുടെ താലൂക്ക് ഭാരവാഹിയും ഡി.വൈ.എസ്.പി തന്റെ അടിമയാണ് എന്ന് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ പാർട്ടി ജില്ലാ സിക്രട്ടറിയും ധരിച്ചുകൂടാ എന്നു പഠിപ്പിക്കേണ്ടത് അതത് പാർട്ടി നേതൃത്വങ്ങൾ തന്നെയാണ്. പാർട്ടി പ്രത്യയശാസ്ത്രത്തെപ്പോലെയോ അതിലേറെയോ പ്രധാനമാണ് ഇത്. ഇത് ജനാധിപത്യത്തിന്റെ പ്രത്യയശാസ്ത്രമാണ്.

Read More >>