അസഹിഷ്ണുത വീണ്ടും ജീവന്‍ എടുക്കുമ്പോള്‍

ഭരണകുടത്തിന്റെ പിന്തുണയോടെ, തങ്ങൾക്ക് വിയോജിപ്പുള്ളവരെയെല്ലാം തെരുവിൽ നേരിടുന്ന ഈ ആൾക്കൂട്ട ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. എന്നാൽ, ഇത് തിരിച്ചറിയാൻ ഭരണകൂടം വൈകുന്നുവെന്നു മാത്രമല്ല, അതിനു വെള്ളവും വളവും ഒഴിച്ചുകൊടുക്കുന്നു എന്നതാണ് അതിലേറെ ഖേദകരം.

അസഹിഷ്ണുത വീണ്ടും ജീവന്‍ എടുക്കുമ്പോള്‍

സഹിഷ്ണുത വീണ്ടും ആയുധമെടുത്തിരിക്കുന്നു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പാണ് അജന്‍ഡ. ഇന്ദ്രപ്രസ്ഥത്തിൽ ഭരണത്തുടർച്ചയാണ് ലക്ഷ്യം. അതിന് അയോദ്ധ്യയോ പശുവോ ഏതാണ് തെരഞ്ഞെടുക്കുകയെന്നു ചോദിച്ചാൽ എന്തും ഏതുമാവാമെന്നാണ് ഉത്തരം. വർ​ഗ്ഗീയ ധ്രുവീകരണത്തിലൂടെയാണെങ്കിലും കാര്യങ്ങൾ എളുപ്പം സാധിക്കണമെന്നാണ് ഫാസിസ്റ്റ് തലച്ചോറുകളുടെ മതം. അതിനുള്ള തടസ്സങ്ങളെല്ലാം ഒന്നൊന്നായി നീക്കും! അത്ര തന്നെ.

അസഹിഷ്ണുത അക്രമമാണെന്നും അത് യഥാർത്ഥ ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുമെന്നും പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയാണ്. ആ മഹാത്മാവിന്റെ വിരിമാറിലേക്കാണ്‌ അസഹിഷ്ണുതയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ ആദ്യ വെടിയുണ്ടകൾ തുളച്ചുകയറിയതെങ്കില്‍, അതിന്റെ ഏറ്റവും ഒടുവിലത്തേതാണ് യോ​ഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലെ ബുലന്ദ്ശഹർ ജില്ലയിൽ കഴിഞ്ഞ ദിവസം സുബോധ്കുമാർ സിങ് എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനു നേരെയുണ്ടായ രാഷ്ട്രീയഹിംസ.

ആരാണീ മുഹമ്മദ് അഖ് ലാഖ് ? ഉത്തർപ്രദേശിലെ ദാദ്രിയിൽ ഗോമാംസം വീട്ടിൽ സൂക്ഷിച്ചുവെന്നാരോപിച്ചു 2015ൽ ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ഒരു പാവം കർഷകൻ! ഇനി ആരാണീ സുബോധ്കുമാർ? അഖ് ലാഖിന്റെ ജീവനെടുത്ത തീവ്ര ഹിന്ദുത്വ ശക്തികളെക്കുറിച്ച് അന്വേഷിച്ച് അവരെ പ്രതിക്കൂട്ടില്‍ കയറ്റിയ, നീതിബോധത്താല്‍ നയിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ. എന്താണിദ്ദേഹം ചെയ്ത തെറ്റ്? ഉത്തരം പൊലീസ് ഓഫീസറുടെ സഹോദരി തന്നെ പറഞ്ഞിട്ടുണ്ട്. അഖ് ലാഖ് കേസ് അന്വേഷിച്ചതിന്റെ പേരിലാണ് തന്റെ സഹോദരൻ കൊല്ലപ്പെട്ടതെന്നാണ് അവർ പരസ്യമായി പ്രതികരിച്ചത്. യോഗി ആദിത്യനാഥിന്റെയും കൂട്ടാളികളുടെയും കരങ്ങൾ ശുദ്ധമല്ലെന്നു ചുരുക്കം. ഒപ്പം യോഗി മന്ത്രിസഭയിലെ അംഗമായ ഓം പ്രകാശ് രാജ്ഭർ പറഞ്ഞ കാര്യങ്ങളും അതിനെ ബലപ്പെടുത്തുന്നു. യു.പി സർക്കാറിൽ ബി.ജെ.പി ഘടകകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ നേതാവു കൂടിയായ രാജ്ഭർ ക്രമസമാധാന വിഷയത്തിൽ യോഗി സമ്പൂർണ്ണ പരാജയമാണെന്നു കൂടി പറഞ്ഞിരിക്കുന്നു. യോഗി ആതിഥ്യനാഥ് മുഖ്യമന്ത്രിയായ ശേഷം 60 പേരാണ് 'ഔദ്യോഗിക ഏറ്റുമുട്ടലുകളില്‍ യു.പിയിൽ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. ഭരണകൂടം തന്നെ പൊലീസ് സേനയെ ശുദ്ധ കൊലയാളികളാക്കി മാറ്റുന്ന രാഷ് ട്രീയം!

ഈ അസഹിഷ്ണുതയുടെ രാഷ്ട്രീയം ഒരു ദിവസംകൊണ്ട് ഉണ്ടായതല്ല. ഇതു ഇന്ത്യ മുഴുക്കെ അതിവേ​ഗം പരന്നുകൊണ്ടിരിക്കുന്നു. സദാചാര പൊലീസിന്റെ കുപ്പായമണിഞ്ഞും രാജ്യസ്‌നേഹത്തിന്റെ കുത്തക ഏറ്റെടുത്തും തടിമിടുക്കിന്റെയും മാരാകായുധങ്ങളുടെയും ബലത്തിൽ മതനിരപേക്ഷ മൂല്യങ്ങളെയും ഭരണഘടനയെ പോലും കയ്യേറ്റം ചെയ്തു നിറഞ്ഞാടുകയാണിവർ. തിന്നാനും കുടിക്കാനും ഉടുക്കാനുമെല്ലാമുള്ള മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു മേൽ പോലും അവർ കൈവെച്ചു. അങ്ങനെ പൗരന്റെ ജീവിക്കാനുള്ള അവകാശത്തിനുമേൽ വെറുപ്പിന്റെയും മതവിദ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും പ്രത്യയശാസ്ത്രം അവർ വികസിപ്പിച്ചുകൊണ്ടിരുന്നു. ഭരണകൂടത്തിന്റെ പിന്തുണയോടെ, തങ്ങൾക്ക് വിയോജിപ്പുള്ളവരെയെല്ലാം തെരുവിൽ നേരിടുന്ന ഈ ആൾക്കൂട്ട ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. എന്നാൽ, ഇത് തിരിച്ചറിയാൻ ഭരണകൂടം വൈകുന്നുവെന്നു മാത്രമല്ല, അതിനു വെള്ളവും വളവും ഒഴിച്ചുകൊടുക്കുന്നു എന്നതാണ് അതിലേറെ ഖേദകരം.

ബഹുകക്ഷി ജനാധിപത്യവും വ്യത്യസ്ത മതവിഭാഗങ്ങളും വിഭിന്നമായ ആചാരരീതികളും സംസ്കാരങ്ങളും നിലനിൽക്കുന്ന ഒരു രാഷ്ട്രമാണ് നമ്മുടേത്. ഇവിടെ, ഇതര മതസ്ഥരോടും ഇതര ജാതിയിൽ പെട്ടവരോടും വ്യത്യസ്ത ചിന്താഗതിയുള്ളവരോടുമുള്ള അസഹിഷ്ണുത ഒരു രാഷ്ട്രീയ പ്രശ്‌നമായി വളർന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. രാഷ്ട്രം നിലനിൽക്കുന്നതിന്റെ ആധാരശിലയായ ജനാധിപത്യത്തെ തകർക്കാനും മതേതരത്വമെന്ന മഹിതമായ ആശയത്തിൽ വിള്ളലുണ്ടാക്കാനുമുള്ള ബോധപൂർവമായ ഈ ശ്രമത്തിന്റെ തുടർച്ച മാത്രമാണ് ഉത്തർപ്രദേശിലുണ്ടായത്. ഇത് അവസാനിപ്പിക്കേണ്ടവർ തന്നെയാണ് രാജ്യത്ത് അധികാരം കയ്യാളുന്നത് എന്നതാണ് അതിനേക്കാൾ വലിയ അപകടം. രാജ്യത്തെ മതനിരപേക്ഷതയ്ക്കും ബഹുസ്വരതക്കും വിള്ളൽ വീഴ്ത്തുന്ന ഈ ഗുഢനീക്കത്തെ തിരിച്ചറിയാൻ നാം എത്ര മാത്രം വൈകുന്നുവോ അതത്രയും അപകടകരമാണ്.

Read More >>