ഫെഡറലിസവും മമതയും പിന്നെ ബംഗാളിന്റെ അഭിമാനവും

ബി.ജെ.പി ബംഗാളിനെ പീഡിപ്പിക്കുകയാണ്. അവർ ബലപ്രയോഗത്തിലൂടെ ബംഗാളിനെ തകർക്കാൻ ശ്രമിക്കുന്നു. ഞാൻ റാലി നടത്തിയതാണ് കാരണം. ഇന്നലെ ഭീഷണിപ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഭാഷ നിങ്ങൾ കണ്ടതാണ്. രാജീവ് കുമാർ ലോകത്തെ ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ഞാൻ ഇപ്പോഴും പറയുന്നു' എന്നായിരുന്നു കമ്മിഷണറുടെ വീടിന് പുറത്ത് വെച്ച് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്

ഫെഡറലിസവും മമതയും പിന്നെ ബംഗാളിന്റെ അഭിമാനവും

കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ഫെഡറലിസം എന്ന വാക്ക് ഇത്ര ഏറെ 'ജനകീയ'മായതെന്ന് തോന്നുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഫെഡറലിസവുമായി ബന്ധപ്പെട്ട വാർത്തകൾ കൂടുതൽ സജീവമായിരിക്കുകയാണ്. രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐയിലെ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യൻ ഫെഡറലിസം അതിന്റെ അധികാര വീതംവയ്‌പ്പ് നടത്തിക്കഴിഞ്ഞുവെന്ന് (അധികാരം ഒരു വ്യക്തിയിലോ സ്ഥാപനത്തിലോ കേന്ദ്രീകരിക്കുന്നത് തടയുക എന്നതാണല്ലോ ഫെഡറലിസത്തിന്റെ പ്രധാന ലക്ഷ്യം, ആ ലക്ഷ്യം ഇന്ത്യൻ ഫെഡറലിസം കൈവരിച്ചിരിക്കുന്നു) നമുക്ക് സമാധാനിക്കാം! സി.ബി.ഐലെ ഒന്നാമനും രണ്ടാമനും തമ്മിലുള്ള തർക്കം ഒരു വിധം ഒത്തുതീർപ്പായതോടെയാണ് ബംഗാളിൽ നിന്ന് സി.ബി.ഐയ്ക്ക് പുതിയ തലവേദന വന്നിരിക്കുന്നത്.

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാനായി, കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിന്റെ വീട്ടിൽ എത്തിയ സി.ബി.ഐ സംഘത്തെ സംസ്ഥാന പൊലീസ് സംഘം തടഞ്ഞതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്. സി.ബി.ഐ ഉദ്യോഗസ്ഥ സംഘത്തെ കസ്റ്റഡിയിലെടുത്ത സംസ്ഥാന പൊലീസ് അവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആദ്യം കൊൽക്കത്ത പാർക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട്, ഷേക്‌സ്പിയർ സരണി പൊലീസ് സ്റ്റേഷനിലേക്കും മാറ്റി.

തങ്ങളെ പൊലീസ് ആക്രമിച്ചെന്നും തങ്ങൾക്കെതിരെ ബലം പ്രയോഗിച്ചെന്നും സി.ബി.ഐ ഉദ്യോഗസ്ഥർ ആരോപിക്കുന്നുമുണ്ട്. നോട്ടീസ് നൽകാതെ പൊലീസ് കമ്മിഷണറുടെ വീട്ടിലേക്ക് വന്ന സി.ബി.ഐ സംഘത്തെ തങ്ങൾക്ക് അറസ്റ്റ് ചെയ്യാമായിരുന്നു, പക്ഷേ, ഞങ്ങൾ അവരെ വിട്ടയച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കുകയും ചെയ്തിരുന്നു. "എന്റെ സേനയ്ക്ക് സംരക്ഷണം നൽകുക എന്നതാണ് എന്റെ ഉത്തരവാദിത്തമെന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു. ഞാൻ എന്റെ സേനയ്ക്കൊപ്പം നിൽക്കും. ഞാൻ അവരെ ബഹുമാനിക്കുന്നു. എനിക്ക് ദുഃഖം തോന്നുന്നു. ഇത് ഫെഡറലിസത്തെ തകർക്കലാണ്. ഫെഡറിലസത്തെ സംരക്ഷിക്കാനായി ഞാൻ ധർണ്ണ നടത്താൻ പോകുകയാണ്". സമരത്തിന് മുന്നോടിയായി ഇത്രയും കാര്യങ്ങൾ അവർ പ്രസ്താവിക്കുകയും ചെയ്തു. "ബി.ജെ.പി ബംഗാളിനെ പീഡിപ്പിക്കുകയാണ്. അവർ ബലപ്രയോഗത്തിലൂടെ ബംഗാളിനെ തകർക്കാൻ ശ്രമിക്കുന്നു. ഞാൻ റാലി നടത്തിയതാണ് കാരണം. ഇന്നലെ ഭീഷണിപ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഭാഷ നിങ്ങൾ കണ്ടതാണ്. രാജീവ് കുമാർ ലോകത്തെ ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ഞാൻ ഇപ്പോഴും പറയുന്നു" എന്നായിരുന്നു കമ്മിഷണറുടെ വീടിന് പുറത്ത് വെച്ച് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്. ബംഗാളികളുടെ അഭിമാനത്തിൽ തൊട്ടാണ് മമതയുടെ കളിയെന്ന് വ്യക്തം. സ്വന്തം ഭാഷയ്ക്കും സംസ്ക്കാരത്തിനും നാടിനും നേരെയുള്ള ഒരു വെല്ലുവിളിയും ബംഗാളി സമ്മതിക്കില്ല.

ജനുവരി 19ന് പ്രതിപക്ഷ പാർട്ടികൾ കൊൽക്കത്തയിൽ നടത്തിയ റാലി തടസ്സപ്പെടുത്താൻ മോദിയും അമിത് ഷായും ശ്രമിച്ചു എന്നാണ് മമത ആരോപിച്ചിത്. തങ്ങളുടെ റാലിക്ക് മുമ്പ് സി.ബി.ഐയെ വിളിച്ച് 'എന്തെങ്കിലും ചെയ്യൂ' എന്ന് മോദി ഉത്തരവിട്ടു എന്നാണ് അവർ പറഞ്ഞത്. കളളൻമാരുടെ പാർട്ടിയാണ് ബി.ജെ.പിയെന്നും മമത ആരോപിച്ചു. 1999ലെയും 2004ലെയും ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും 2006ലെ അസംബ്ലി തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച മമത ബാനർജിക്ക് തന്നെയാണ് ഇക്കാര്യം ആധികാരികമായി പറയാൻ സാധിക്കുക! കൂടാതെ, എക്കാലത്തും കേന്ദ്ര ഭരിക്കുന്നവരുടെ ചട്ടുകമായി പ്രവർത്തിക്കാൻ വിധിക്കപ്പെട്ട രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയാണ് സി.ബി.ഐ എന്നതിനാലും മമത പറഞ്ഞതിനെ അവിശ്വസിക്കാനാവില്ല.

അതേസമയം, ബംഗാൾ പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തുവെന്ന പരാതിയുമായി സുപ്രിം കോടതിയെ സമീപിച്ച സി.ബി.ഐയെ അപ്പടി വിശ്വാസത്തിലെടുക്കാനും ഹർജി അടിയന്തിരമായി പരിഗണിക്കാനും കോടതി ഇന്നലെ തയ്യാറായില്ലെന്നത് സി.ബി.ഐയെ കുറിച്ച് കോടതിക്കും ബോദ്ധ്യമുണ്ടെന്നതിന്റെ സൂചന കൂടിയാണ്. ശാരദ ചിട്ടി തട്ടിപ്പ് കേസിന്റെ തെളിവുകൾ നശിപ്പിക്കാൻ സംസ്ഥാന പൊലീസ് ശ്രമിക്കുമെന്ന് തങ്ങൾക്ക് ഭയമുണ്ടെന്നാണ് സി.ബി.ഐ കോടതിയെ ധരിപ്പിച്ചത്. എന്നാൽ, തങ്ങളുടെ ആശങ്കയ്ക്ക് തെളിവായി ഹർജിയിൽ ഒന്നും ചൂണ്ടിക്കാണിക്കാനില്ലേ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ സി.ബി.ഐയ്ക്കായില്ലെന്നതിനാൽ ആശങ്ക അസ്ഥാനത്താണെന്ന് കോടതി അഭിപ്രായപ്പെട്ടാൽ സി.ബി.ഐ വേറെ വഴി നോക്കേണ്ടി വരും.

റാലികൾ.....റാലികൾ

രാജ്യം പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കെ പ്രധാന രാഷ്ട്രീയപാർട്ടികളെല്ലാം മഹാറാലികൾ നടത്തി ശക്തി തെളിയിക്കുന്ന തിരക്കിലാണ്. 2019ലെ ശ്രദ്ധേയമായ ആദ്യറാലി ജനുവരി 19ന് പശ്ചിമ ബംഗാളിൽ മമതാ ബാനർജിയാണ് സംഘടിപ്പിച്ചത്. തൃണമൂൽ കോൺഗ്രസ്സിന്റെ മുഖ്യ എതിരാളിയായ സി.പി.എമ്മും മറ്റു ഇടതുപക്ഷ പാർട്ടികളും ഒഴികെയുള്ള പ്രതിപക്ഷത്തെ പ്രധാന കക്ഷിനേതാക്കളെ എല്ലാം അണിനിരത്തിയാണ് മമത തന്റെ തട്ടകത്തിൽ ശക്തി തെളിയിച്ചത്. മമത ബാനർജി റാലി സംഘടിപ്പിച്ച കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ കഴിഞ്ഞ ഞായറാഴ്ച ഇടതുപക്ഷവും റാലി നടത്തി മമതയെ വെല്ലുവിളിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇടതുപക്ഷത്തിന്റെ റാലിയും. മൂന്നര പതിറ്റാണ്ട് തുടർച്ചയായി ബംഗാൾ ഭരിച്ച ഇടതുപക്ഷം സംസ്ഥാനത്ത് തിരിച്ചുവരവിന്റെ പാതയിലാണോ എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ഉയർത്താൻ പോന്നതായിരുന്നു റാലിയിലെ ജനപങ്കാളിത്തം. നരേന്ദ്ര മോദിയേയും മമത ബാനർജിയെയും ഒരു പോലെ കടന്നാക്രമിക്കുന്നതായിരുന്നു റാലിയിൽ നേതാക്കൾ നടത്തിയ പ്രസംഗങ്ങൾ. ജനങ്ങളെ കൊള്ളയടിക്കുന്ന മോദിയെയും മമത ബാനർജിയെയും അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നാണ് റാലിയെ അഭിസംബോധന ചെയ്ത സീതാറാം യെച്ചൂരി പറഞ്ഞത്. കാവൽക്കാരനായ മോദിയെ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും വർഗ്ഗീയത പ്രചരിപ്പിക്കുകയും രാജ്യത്തെ കൊള്ളയടിക്കുകയും ചെയ്യുന്ന കാവൽക്കാരനെയല്ല രാജ്യത്തിന് ആവശ്യമെന്നും യെച്ചൂരി പറഞ്ഞു. നീതിപൂർവ്വകവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടന്നാൽ ബംഗാളിൽ ഇടതുപക്ഷത്തിന്റെ ഉജ്ജ്വല തിരിച്ചുവരവുണ്ടാവുമെന്ന് ഈ മഹാജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്നാണ് എം.ബി രാജേഷ് എം.പി ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

ഇത് തിരിച്ചറിയുന്നതു കൊണ്ടാണ് റാലി നടന്ന ദിവസം തന്നെ മമത ഒരു നാടകവുമായെത്തിയതെന്നാണ് സി.ബി.ഐ സംഘത്തെ തടഞ്ഞ സംഭവം ചൂണ്ടിക്കാട്ടി രാജേഷ് ആരോപിച്ചത്. യഥാർത്ഥത്തിൽ ദീദിയും മോദിയും തമ്മിലുള്ള ഒത്തുകളിയാണ് ഈ അസംബന്ധ നാടകത്തിന്റെയെല്ലാം പിന്നിലുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, ഇടതുപക്ഷത്തെ 20ഓളം കക്ഷികൾ ബംഗാളിൽ റാലി നടത്തിയ അതേ ദിവസം ബിഹാറിന്റെ തലസ്ഥാനമായ പട്നായിലെ ഗാന്ധി മൈതാനിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കോൺഗ്രസ്സിന്റെ പടുകൂറ്റൻ റാലി അരങ്ങേറുകയായിരുന്നു. മൂന്നു ദശാബ്ദത്തിനിടയിൽ ആദ്യമായാണ് കോൺഗ്രസ് ഇത്തരമൊരു റാലി ബീഹാറിൽ നടത്തുന്നത്. കോൺഗ്രസ് ബിഹാർ ഘടകം സംഘടിപ്പിച്ച റാലിയിൽ ബീഹാറിലെ മഹാസഖ്യത്തിന്റെ പ്രമുഖ നേതാക്കളായ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, എൽ.ജെ.ഡി നേതാവ് ശരത് യാദവ്, ജെ.എ.എം നേതാവ് ജിതിൻ റാം മാഞ്ചി, ആർ.എൽ.എസ്.പി നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവർ പങ്കെടുത്തു. ഒപ്പം അഞ്ചു കോൺഗ്രസ് മുഖ്യമന്ത്രിമാരും.

ഹലോ ചൈന, ബൈ ബൈ ഇന്ത്യ പ്രതിഷേധം

അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മത വിഭാഗങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം

കൾ ഒഴികെയുള്ള ഏതു മതവിഭാഗങ്ങൾക്കും ഇന്ത്യയിൽ ആറു വർഷം താമസിച്ചാൽ പൗരത്വം നൽകാൻ ലക്ഷ്യമിടുന്ന നിയമമാണ് 2016ലെ പൗരത്വ ഭേദഗതി ബില്ല്. രാജ്യത്തെ മുസ്‌ലിംകളെ അപര വൽക്കരിക്കുന്ന ഏതു നീക്കവും രാജ്യത്തെ മറ്റു എല്ലാ വിഭാഗങ്ങളും പിന്തുണക്കുമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന വാർത്തകളാണ് വടക്കു -കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഉയരുന്നത്. 'ഹലോ ചൈന, ബൈ ബൈ ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തിയാണ് മിസോറാമിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധം പടരുന്നത്.

വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് ആളുകളാണ് മിസോറാമിന്റെ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. ബില്ലിനെതിരെ പാർലമെന്റ് സ്ട്രീറ്റിൽ നഗ്‌നരായി പ്ലക്കാർഡുകളും പിടിച്ച് മുദ്രാവാക്യം വിളിച്ച് അസം സ്വദേശികളും പ്രതിഷേധിച്ചിരുന്നു. ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ചിട്ടുണ്ട്.

ബില്ലിനെതിരെ ബിജെപിക്ക് അകത്ത് നിന്നു തന്നെ ശക്തമായ എതിർപ്പാണ് ഉയർന്നിരിക്കുന്നത്. ബി.ജെ.പിയുടെ ഘടക കക്ഷിയായിരുന്ന അസം ഗണ പരിഷത്ത് മുന്നണി വിട്ടുകൊണ്ടാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ലോക്‌സഭയിൽ പാസായ പൗരത്വ നിയമ ദേദഗതി ബിൽ രാജ്യസഭയിൽ പാസായാൽ പാർട്ടി വിടുമെന്ന് മേഘാലയയിലെ ബി.ജെ.പി എം.എൽ.എ സൻബോർ ഷുല്ലൈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ബില്ലുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ ജനുവരി 11 ന് നിവേദനം സമർപ്പിച്ചിരുന്നെന്നും എന്നാൽ അതിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ഷുല്ലൈ പറഞ്ഞത്.

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനടക്കം ജനകീയ പ്രതിഷേധത്തെ ഭയന്ന് പല പരിപാടികളിൽ നിന്നും മാറി നിൽക്കേണ്ടി വരികയാണ്. അസമിൽ കല-സാംസ്ക്കാരിക മേഖലയിൽ നിന്നും പൗരത്വ ബില്ലിനെതിരെ ശക്തമായ എതിർപ്പ് ഉയരുന്നുണ്ട്. കോൺഗ്രസ്സിനെ പിന്തള്ളി വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചടക്കിയ ബി.ജെ.പി തീർത്തും വിഭാഗീയമായ പൗരത്വ ബില്ലിലൂടെ ഈ സംസ്ഥാനങ്ങളിൽ മുസ്‌ലിം വിരുദ്ധ വികാരം ഉണർത്തി തങ്ങളുടെ സ്വാധീനം ശാശ്വതമാക്കാമെന്നാണ് കരുതിയത്. ഈ പ്രതീക്ഷയ്ക്കാണ് ഇപ്പോൾ മങ്ങലേറ്റത്.

Read More >>