കേരളത്തിലെ ന്യൂനപക്ഷ ഭാഷകരും സവിശേഷാവകാശങ്ങളും

വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നിന്നും വന്ന സാധാരണ തൊഴിലാളികളും തൊഴിലന്വേഷകരുമാണ് കൂട്ടങ്ങളായി ജീവിക്കുന്നവരിൽ സിംഹഭാഗവും. ഇത്തരം താൽക്കാലിക കൂട്ടങ്ങൾ ഭാവിയിൽ ചേരികളായോ, കോളനികളായോ മാറാനാണ് സാദ്ധ്യത. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി തൊഴിലെടുക്കുന്നവരുടെ സംഖ്യ ഏകദേശം 25 ലക്ഷമാണ്. ഇത് കേരളത്തിലെ ജനസംഖ്യയുടെ 7.5 ശതമാനം വരും

കേരളത്തിലെ ന്യൂനപക്ഷ ഭാഷകരും   സവിശേഷാവകാശങ്ങളും

ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍

കേരളത്തിൽ 2011 ലെ കനേഷുമാരിയനുസരിച്ച് മലയാളം ഉൾപ്പെടെ 36 ഭാഷകളുണ്ട്. മലയാളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭാഷകരുള്ളത് ബംഗാളി (29059), ഹിന്ദി (45817), കന്നഡ (78067), കൊങ്കണി (68595), മറാത്തി (31559), ഒഡിയ (10911), തമിഴ് (498938), തെലുങ്ക് (35355), തുളു (124256) ഭാഷകൾക്കാണ്. കന്നഡ, കൊങ്കണി, തമിഴ്, തുളു ഭാഷകരിൽ ഭൂരിപക്ഷവും കേരളത്തിൽ സ്ഥിരവാസക്കാരാണ്. സർക്കാർ സർവീസിന്റെ ഭാഗമായി കേരളത്തിലെത്തിയ വടക്കേ ഇന്ത്യൻ ഉദ്യോഗസ്ഥരും, ഐ. ടി. വിദഗദ്ധരുമാണ് ഹിന്ദി, ബംഗാളി ഭാഷകരിൽ ഏറെപ്പേരും. ഉറുദു (13687), തെലുങ്ക്, പഞ്ചാബി(1344), മറാത്തി, ഗുജറാത്തി (4460) ഭാഷകർ പ്രധാനമായും വാണിജ്യവുമായി ബന്ധപ്പെട്ട് കേരളത്തിൽ വസിക്കുന്നവരാണ്. ആസാമീസ് (5752), ബോഡോ (44,) ഡാഗ്രി (225), അറബിക് (240), കാശ്മീരി (645), മൈഥിലി (214), മണിപൂരി (442), നേപ്പാലി (368), ഒഡിയ, സന്താലി (114), സിദ്ധി (154), അഡി(24), അഫ്ഗാൻ(12), കൊടഗു (75), കുയി(16), കുറുഖ് (52), ഗോണ്ടി (5), മാൽേത്താ(74), മുണ്ഡ(17), ടിബറ്റ്(7), ത്രിപുരി(13) ഭാഷകരിൽ ഭൂരിപക്ഷവും കെട്ടിട നിർമ്മാണം, റോഡുപണി, ഭൂവികസനം തുടങ്ങി നിർമ്മാണ രംഗവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് ഉപജീവനം നടത്തുന്നവരാണ്. കേരളത്തിൽ സ്ഥിരവാസക്കാരായ തമിഴരും കന്നഡികരും കൊങ്ങിണികളും

തുളുവരും താന്താങ്ങളുടെ മാതൃഭാഷയോടൊപ്പം മലയാളവും സംസാരിക്കുന്നു. ശേഷിച്ച ഭാഷകരെ സംബന്ധിച്ചിടേത്താളം ബന്ധ ഭാഷയായി നിൽക്കുന്നത് ഹിന്ദിയാണ്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും സംസ്‌കൃത പദങ്ങളുടെ സന്നിവേശമുള്ളതിനാൽ ബന്ധഭാഷയിലെയും മാതൃഭാഷയിലെയും അടിസ്ഥാന

പദകോശം ആശയവിനിമയത്തിനു ഏറെക്കുറെ സഹായകമായി നിൽക്കുന്നു. മലയാളേതര ഭാഷകരുടെ തൊഴിൽ കൂട്ടങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും രൂപംകൊണ്ടിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നിന്നും വന്ന സാധാരണ തൊഴിലാളികളും തൊഴിലന്വേഷകരുമാണ് കൂട്ടങ്ങളായി ജീവിക്കുന്നവരിൽ സിംഹഭാഗവും. ഇത്തരം താൽക്കാലിക കൂട്ടങ്ങൾ ഭാവിയിൽ ചേരികളായോ, കോളനികളായോ മാറാനാണ് സാദ്ധ്യത. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി തൊഴിലെടുക്കുന്നവരുടെ സംഖ്യ ഏകദേശം 25 ലക്ഷമാണ്. ഇത് കേരളത്തിലെ ജനസംഖ്യയുടെ 7.5 ശതമാനം വരും. മലയാളം ഒഴിച്ച് കേരളത്തിൽ കാണുന്ന ഭാഷകളെല്ലാം ന്യൂനപക്ഷ ഭാഷകളാണെങ്കിലും ന്യൂനപക്ഷ പദവി രണ്ടു ഭാഷകൾക്കു മാത്രമാണുള്ളത് തമിഴിനും കന്നഡത്തിനും. കന്നഡ ഭാഷകർ കൂടുതലുള്ളത് കാസർകോട് ജില്ലയിലാണ്.

2011 ലെ സെൻസസ്സ് റിപ്പോർട്ടനുസരിച്ച് ലഭ്യമായ കണക്ക് താഴെക്കൊടുക്കുന്നു. മലയാളം-3,23,93324 തമിഴ്- 4,98,938, കന്നഡ-78,067, തുളു-1,24,256. കന്നഡയെക്കാൾ കൂടുതൽ ഭാഷകരുള്ളത് തുളുവിനാണെങ്കിലും ആ ഭാഷയ്ക്ക് ന്യൂനപക്ഷഭാഷാപദവി ലഭിച്ചിട്ടില്ല. ഭരണഘടനയുടെ എട്ടാം ഷെഡ്യുളിൽപ്പെടുന്നതും ഒരു സംസ്ഥാനത്തിന്റെ ചരിത്രപരവും സാംസ്ക്കാരികവുമായ ഗതിവിഗതികളിൽ ഭാഗഭാക്കായിട്ടുള്ളതും എന്നാൽ ജനസംഖ്യാപരമായി ന്യൂനപക്ഷമായി നിൽക്കുന്നതുമായ ഭാഷകളെയാണ് ന്യൂനപക്ഷഭാഷയായി പൊതുവേ കണക്കാക്കാറുള്ളത്. ഇന്ത്യൻ ഭരണഘടനയിൽ 'ഭാഷാന്യൂനപക്ഷം' എന്നതു നിർവ്വചിച്ചിട്ടില്ല. ഭൂരിപക്ഷ വിഭാഗത്തിനൊപ്പം പാർക്കുന്നവരും സ്വന്തം ഭാഷയും സംസ്ക്കാരവും പാരമ്പര്യങ്ങളും പുലർത്തുന്നവരുമായ ജനവിഭാഗമാണ് ന്യൂനപക്ഷമെന്ന് 'യു.എൻ.ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ(1946) നിർവ്വചിച്ചിട്ടുണ്ട്. ഭാഷാപരവും ജാതിപരവുമായി ന്യൂനപക്ഷമെന്ന് വെച്ചിട്ടുള്ളവരെയാണ് 'ന്യൂനപക്ഷം' എന്ന വാക്കു കൊണ്ട് ഭരണഘടന ആർട്ടിക്കിൾ 30 ൽ വിഭാവന ചെയ്തിട്ടുള്ളത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർനിർണ്ണയിച്ചിട്ടുള്ളതിനാൽ അതാതു സംസ്ഥാനത്തിലാണ് 'ന്യൂനപക്ഷ' നിർണ്ണയത്തിനുള്ള അവകാശം നിക്ഷിപ്തമായിട്ടുള്ളത്.

ചുരുക്കത്തിൽ 'ഭാഷാന്യൂനപക്ഷ പരിഗണനയ്ക്കാധാരം 1. ഭാഷകരുടെ എണ്ണക്കുറവ്. 2. അപ്രധാന സ്ഥിതി. 3. വ്യതിരിക്തവും അനന്യവുമായ ലക്ഷണങ്ങളുടെ ദൃഢത (salient features of dtsiinct idettniy) എന്നിവയാണ്. ഈ മാനദണ്ഡങ്ങൾ വെച്ചു നോക്കുമ്പോൾ തുളുഭാഷയ്ക്ക് ന്യൂനപക്ഷപദവിയ്ക്ക് അർഹതയുെണ്ടന്നു വ്യക്തം. എട്ടാം ഷെഡ്യൂളിൽപ്പടാത്ത ആ ഭാഷയ്ക്ക് ന്യൂനപക്ഷപദവി കിട്ടണമെങ്കിൽ പാർലമെന്റിൽ നിയമനിർമ്മാണം ഉണ്ടാകേണ്ടതുണ്ട്. ദക്ഷിണ ദ്രാവിഡ ഭാഷാഗോത്രത്തിൽ നിന്നും ആദ്യം പിരിഞ്ഞുപോയ തുളുഭാഷയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നത്തെക്കാളും ഇന്നുണ്ട്. തുളുവിൽ വിദ്യാഭ്യാസം നടത്തിയാൽ ജോലി സാദ്ധ്യതയില്ലെന്ന പരാതി നിലനിൽക്കുന്നു. അതുകൊണ്ട് തുളു മാതൃഭാഷയായിട്ടുള്ളവർ കന്നഡയോ, മലയാളമോ പഠിക്കാൻ നിർബന്ധിതരാകുന്നു. മലയാളത്തേക്കാൾ കുടുതൽ കന്നഡ ചായ്‌വുള്ളവരാണ് തുളുഭാഷകരിൽ ഭൂരിഭാഗവും. ഒരു കാലത്ത് തുളു മലയാളം ലിപിയാണ് തുളു എഴുതുന്നതിന് ഉപയോഗിച്ചിരുന്നത്. മംഗലാപുരെത്ത ബാസ്സൽ മിഷൻ പ്രസ്സിൽ തുളു മലയാളം ലിപിയിൽ ഗ്രന്ഥങ്ങൾ അച്ചടിച്ചിരുന്നതിന് തെളിവുണ്ട്. ഇന്നിപ്പോൾ കന്നഡ ലിപിയാണ് തുളു എഴുതാൻ ഉപയോഗിക്കുന്നത്. തുളുവിന് തനതു ലിപിയുെണ്ടന്ന വസ്തുത ഏതാണ്ട് തമസ്‌ക്കരിക്കപ്പെട്ട മട്ടാണ്.

കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പ്രധാന ഭാഷാന്യൂനപക്ഷങ്ങളുടെ കണക്ക് ഇങ്ങനെയാണ്: കാസർകോട് - കന്നഡ 53075, തുളു 1,14,663, കൊങ്കണി 16,836, തമിഴ് 4314, കണ്ണൂർ- കന്നഡ 2332, തുളു 52, കൊങ്കണി 1824, തമിഴ് 8140. വയനാട്-കന്നഡ 7686, തുളു 2836, കൊങ്കണി (ലഭ്യമല്ല), തമിഴ് 9366. കർണാടകത്തോട് തൊട്ടുകിടക്കുന്ന ജില്ലകളിലാണ് കന്നഡ ഭാഷക്കാർ കൂടുതൽ നിവസിക്കുന്നത്. തെക്കൻ ജില്ലകളിലേക്ക് വരുമ്പോൾ കന്നഡ, തുളു ഭാഷക്കാരുടെ എണ്ണം കുറയുകയും ചെയ്യുന്നു. തമിഴ് ഭാഷകരുടെ എണ്ണം കൂടി വരുകയും ചെയ്യുന്നു. തമിഴ് സംസാരിക്കുന്നവരുടെ എണ്ണം ഇങ്ങനെയാണ്: കോഴിക്കോട്-10506, ഇടുക്കി -193841, മലപ്പുറം-10565, കോട്ടയം- 12537, പാലക്കാട്-139058, ആലപ്പുഴ-5372, തൃശൂർ-15565, പത്തനംതിട്ട-6910, എറണാകുളം-30965, കൊല്ലം-16546, തിരുവനന്തപുരം-38813.

ജാതി, മതം, വർഗ്ഗം എന്നിവയ്ക്കതീതമായി സാമൂഹിക-സാമ്പത്തിക ഭേദമില്ലാതെ ഭാഷ നിലനിൽക്കുന്നതിനാൽ പിന്നാക്കാവസ്ഥ നിർണ്ണയിക്കാൻ ഭാഷയെ കരുവാക്കാനാവില്ല. ബഹുഭാഷാരാഷ്ട്രമാണ് ഇന്ത്യ. ധാരാളം ഭാഷകളും മാതൃ ഭാഷകളും ഇവിടെയുണ്ട്. അതിനാൽ ഭാഷാന്യൂനപക്ഷത്തിന് സവിശേഷ സാംഗത്യമുണ്ട്. സംസ്ഥാനാടിസ്ഥാനത്തിലാണ് ന്യൂനപക്ഷഭാഷാ വിഭാഗ നിർണ്ണയനം നടത്തേണ്ടതെന്ന് സുപ്രീംകോടതി T.M.A Pai Foundation and others vs State of Karnataka (8(2002)scc) വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്മൂലം സ്‌റ്റേറ്റു തോറും ന്യൂനപക്ഷപദവിക്കു മാറ്റം സംഭവിക്കാം.

ഭാഷാന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ ഇവയാണ്:1 .ഭാഷാവഗണന: ഭാഷാപോഷണത്തിന്റെ അപര്യാപ്തത. 2. റസിഡൻഷ്യൽ സൗകര്യമുള്ള ഭാഷാന്യൂനപക്ഷ സ്ക്കൂളുകളുടെ അഭാവം. 3. ന്യൂനപക്ഷഭാഷകളിൽ സർക്കാർ ഉത്തരവുകൾ ലഭിക്കാത്ത അവസ്ഥ. 4. സംവരണാനുകൂല്യത്തിലെ പൊരുത്തക്കേടുകൾ. ഇന്ത്യൻ പൗരത്വമുള്ള ഏതു ജനവിഭാഗത്തിനും ഇന്ത്യയിൽ ഏതു ഭാഗത്തും താമസിക്കാനുള്ള അവകാശമുണ്ട്. അങ്ങനെയുള്ളവരുടെ ഭാഷയും സംസ്ക്കാരവും ലിപിയും പരിരക്ഷിക്കപ്പെടേണ്ടത് ഭരണഘടനാ ദത്തമായ ഒരവകാശമാണ്. ഏതുവിദ്യാഭ്യാസ സ്ഥാപനത്തിലും; അത് ജാതിപരമോ, വർഗ്ഗപരമോ, ഭാഷാപരമോ ആയ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതാണെങ്കിലും ഇന്ത്യയിലെ പൗരന്മാർക്കെല്ലാംപ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. (ആക്ട് 29). ഭാഷാന്യൂനപക്ഷങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ ഭരണഘടനയിലെ ആർട്ടിക്കിൾ 350എ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുപ്രകാരം കേരളത്തിൽ ഭാഷാന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസത്തിന് താഴെപ്പറയുന്ന ക്രമീകരണങ്ങളാണുള്ളത്.

സ്റ്റാൻഡേർഡ് ഒന്നു മുതൽ അഞ്ചുവരെ പ്രാഥമികം.

ഭാഷ: സ്‌കൂളുകളുടെ എണ്ണം തമിഴ്-109, കന്നഡ-91.

ആറു മുതൽ എട്ടു വരെ: തമിഴ്-34, കന്നഡ-45.

ഒമ്പതു മുതൽ പത്തു വരെ സെക്കൻഡറി: തമിഴ്-64, കന്നഡ-49.

11 മുതൽ 12 വരെ ഹയർ സെക്കൻഡറിയില്‍ ഇല്ല.

എസ്.എസ്.എൽ.സിയിൽ കുറഞ്ഞ യോഗ്യത വേണ്ട ഉദ്യോഗങ്ങൾക്കായി ഭാഷാന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഭാഷയിൽ തന്നെ പരീക്ഷ എഴുതാവുന്നതാണ്. കേരള സർക്കാരിൽ ഉദ്യോഗം വഹിക്കുന്നവർ മലയാളഭാഷയിൽ പരിജ്ഞാനമുള്ളവരായിരിക്കണമെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്. മലയാളം മാതൃഭാഷയല്ലാത്ത ഉദ്യോഗസ്ഥർക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന മലയാളം പരീക്ഷ പാസ്സാകുന്ന മുറക്കേ പ്രൊബേഷൻ കാലം അവസാനിക്കുകയുള്ളു. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ ജാതിയോ, മതമോ മറ്റൊരു സംസ്ഥാനത്തു ഭാഷാന്യൂനപക്ഷമായേക്കാം. ഭാഷാന്യൂനപക്ഷങ്ങൾ ഉണ്ടായത് പ്രധാനമായും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർനിർണ്ണയി ച്ചതിന്റെ ഫലമായിട്ടാണ്. ജോലി തേടിയുള്ള കുടിയേറ്റം മൂലവും ഭാഷാന്യൂനപക്ഷങ്ങൾ രൂപം കൊള്ളാം. ഇങ്ങനെ ന്യൂനപക്ഷമാകുന്നവരിൽ എസ്.സി /എസ്.ടി, ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവരും ജാതിശ്രേണിയിൽ ഉയർന്നവരും ഒരു സംവരണവും ആവശ്യമില്ലാത്തവരും തീർച്ചയായും ഉണ്ടാകും. ഭാഷാന്യൂനപക്ഷങ്ങളിൽ നിന്നും സംവരാണാനുകൂല്യത്തിന് അർഹരായവരെ കെണ്ടത്തുന്നതിൽ പലപ്പോഴും പാകപ്പിഴകൾ സംഭവിക്കാറുണ്ട്. തെറ്റായ വിവരങ്ങൾ നൽകി അനർഹമായി ആനുകൂല്യങ്ങൾ തട്ടിയെടുത്ത സംഭവങ്ങൾ അപൂർവ്വമല്ല. നിലവിലുള്ള സംവരണനിയമങ്ങൾ പുനഃപരിശോധിച്ച് കാലികമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ മാത്രമേ ഭാഷാന്യൂനപക്ഷങ്ങളുടെ സുസ്ഥിതി വലിയൊരളവിൽ നേടാനാകൂ.

(ഭാഷാശാസ്ത്ര വിദഗ്ദ്ധനും കേരള സർക്കാർ ന്യൂനപക്ഷ ഭാഷാ സ്‌പെഷ്യൽ ഓഫീസറുമാണ് ലേഖകൻ)

Read More >>