അന്തരീക്ഷ മലിനീകരണത്തിന് ആരാണ് ഉത്തരവാദി ?

പലപ്പോഴും സുപ്രിം കോടതിയും ദേശീയ ഹരിത ട്രിബ്യൂണലും ഇടപെട്ടിട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ ഗതിതന്നെ മാറിമറിഞ്ഞേനെ. ലോകത്തിൽ ഏറ്റവും മോശമായി അന്തരീക്ഷ മലിനീകരണം ബാധിച്ച ആദ്യ 30 നഗരങ്ങളുടെ കണക്കെടുത്താൽ അതിൽ ഇന്ത്യൻ നഗരങ്ങളാവും മുന്നിൽ. ഏതാണ്ടു പകുതിയോളം വരും അത്. മുമ്പ് ഒരു അന്താരാഷ്ട്ര മാദ്ധ്യമം ഡൽഹിയെക്കുറിച്ച് എഴുതിയത്, ഈ നഗരം ഇന്ത്യയുടെ തലസ്ഥാന നഗരിയല്ല, മറിച്ച് വായുമലിനീകരണ തലസ്ഥാനമെന്നാണ്. അന്തരീക്ഷ മലിനീകരണത്താൽ മരിക്കുന്ന ആളുകളിൽ നല്ലൊരു ശതമാനം ഇന്ത്യയിലാണ്

അന്തരീക്ഷ മലിനീകരണത്തിന് ആരാണ് ഉത്തരവാദി ?

അബ്ദുള്ള പേരാമ്പ്ര

ഇന്ത്യയിലെ മെട്രോനഗരങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം അന്തരീക്ഷ മലിനീകരണം ബാധിച്ചതായി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ ചെറുതായി കാണാൻ കഴിയില്ല. അതുകൊണ്ടാണ് രാജ്യത്ത് അതീവ ഗൗരവത്തോടെ ദേശീയ ശുദ്ധവായു പദ്ധതി (നാഷണൽ ക്ലീൻ എയർ പ്രോഗ്രാം) അവതരിപ്പിച്ചിട്ടുള്ളത്. നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്താനിലും ചൈനയിലുമൊക്കെ അന്തരീക്ഷ മലിനീകരണ പ്രശ്നം ഉണ്ടെങ്കിലും ഇന്ത്യയിലുള്ളതുപോലെ അത്രകണ്ട് ഈ രാജ്യങ്ങളെ ബാധിച്ചിട്ടില്ല. ലോകരാജ്യങ്ങളിലെ മലിനീകരണത്തെ സംബന്ധിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും സജീവമായി ചർച്ചകൾ നടക്കുകയും ഈ ചർച്ചകളുടെ ഭാഗമായി പാരിസ് ഉച്ചകോടിയിൽ വച്ച് നിലപാടുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ലോകരാജ്യങ്ങൾ എടുത്ത തീരുമാനങ്ങളിൽ പലതും നടപ്പിലാക്കിയിട്ടില്ലെന്നു മാത്രമല്ല, അവയെ നിസ്സാരമാക്കി തള്ളിക്കളയുകയാണ് പല രാജ്യങ്ങളും. അമേരിക്കയെ പോലെയുള്ള കുത്തക മുതലാളിത്ത രാജ്യങ്ങൾ പലതും അന്തരീക്ഷ മലിനീകരണ പ്രശ്നത്തെ മൂന്നാംലോക രാജ്യങ്ങളുടെ ചുമലിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുന്നുമുണ്ട്. വ്യവസായിക വിപ്ലവ കാലത്ത് നിലനിന്നിരുന്ന അന്തരീക്ഷ ചൂടിന്റെ തോത് രണ്ട് ശതമാനമെങ്കിലും കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു പാരിസ് കരാർ മുന്നോട്ടുവെച്ചത്.

ഇത്തരം കരാറുകൾ ലോകവ്യാപകമായി നടപ്പാക്കണമെങ്കിൽ മൂലധനവും സാങ്കേതികവിദ്യയും ആവശ്യമാണ്. ഇവ രണ്ടും അനുവദിച്ചുകിട്ടിയില്ല എന്നതാണ് പാരിസ് കരാർ പരാജയമാകാൻ കാരണം. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന നാഷണൽ എയർ പ്രോഗ്രാമിന്റെയും വിധി മറ്റൊന്നല്ല. ഒരു രാജ്യത്തിന്റെ അന്തരീക്ഷ വായുവിന്റെ നിലവാരം കാത്തുസൂക്ഷിക്കാൻ ലോകാരോഗ്യ സംഘടന ചില മാനദണ്ഡങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അവ പാലിച്ചുകൊണ്ടുവേണം ഒരു രാജ്യം മുന്നോട്ടു പോകാൻ. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിലെ ഓരോ രാജ്യത്തിനും ബാധകമാണിത്. ഈ മാനദണ്ഡങ്ങൾ പാലിക്കുക എന്നുതന്നെയാണ് എൻ.സി.പി. നിലവിൽ കൊണ്ടുവരുമ്പോൾ രാജ്യം ആഗ്രഹിച്ചതും. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ഇന്ത്യയും ചൈനയും നേരിടുന്ന മുഖ്യവിഷയങ്ങളിൽ പ്രധാനപ്പെട്ടതാണ് അന്തരീക്ഷ മലിനീകരണം. എങ്കിലും നമ്മേക്കാൾ ഈ രംഗത്ത് വളരെ മുന്നിലെത്താൻ ചൈനക്ക് കഴിഞ്ഞിട്ടുണ്ട്. ആ രാജ്യത്തിലെ ഭരണകൂടത്തിന്റെ നിതാന്തമായ ശ്രമങ്ങളും നവസാങ്കേതികതയുടെ വളർച്ചയുമാണ് ഇതിനു കാരണം.


എന്നാൽ തന്നെ ഇനിയും അഞ്ചു വർഷം സഞ്ചരിക്കേണ്ടിവരും. രാഷ്ട്രീയാതിപ്രസരത്തിനിടയിൽ വേണ്ടത്ര അവബോധം ഭരണതലത്തിലും സാമൂഹിക തലത്തിലും വളർത്തിയെടുക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല. അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള ആലോചനകളും പ്രവർത്തനങ്ങളും നാം നടത്തിത്തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിലേറെയായി. വാഹനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന പുകയുടെ അളവ് കുറയ്ക്കാൻ വേണ്ടി പഴകിയ വാഹനങ്ങളെ നിയന്ത്രിക്കുക എന്ന ചിന്ത തുടങ്ങിയേടത്തു നിൽക്കുകയാണ്. 15 വർഷത്തിലേറെ കാലമായ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു നിരോധനം ഏർപ്പെടുത്താൻ നാം ഇനിയും വൈകിക്കൂടാ. വാഹന നിർമ്മാണ കമ്പനികളുടെ സമ്മർദ്ദം ഭരണകൂടങ്ങളെ ത്രിശങ്കുവിലാക്കുന്നുണ്ട്. നാഷണൽ എയർ ക്വളിറ്റി മോണിറ്റിംഗ് പ്രോഗ്രാം വെറും നോക്കുകുത്തിയായി നിൽക്കുന്ന ചരിത്രവും നമുക്കുണ്ട്. ഇന്ത്യയിൽ ഉൽപ്പാടിപ്പിക്കപ്പെടുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം എവിടെയാണ് പരിശോധനാവിധേയമാക്കുന്നത്? ന്യൂ ഡൽഹി പോലെയുള്ള ചില മെട്രോ നഗരങ്ങളിൽ കാലാനുസൃതമായി ചില മലിനീകരണ വിരുദ്ധ നിലപാടുകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ മലിനീരണത്തെ സ്വാധീനിക്കത്തക്ക ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം കൊണ്ടാണ് ഡൽഹി പോലെയുള്ള പല ഇന്ത്യൻ നഗരങ്ങളും വായുമലിനീകരണത്തിൽ കുപ്രസിദ്ധി ആർജിച്ചത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിരിക്കുന്ന മലിനീകരണ തോതിന്റെ 100 ഇരട്ടിയാണ് നമ്മുടെ പല നഗരങ്ങളുടെയും മലിനീകരണ തോതെന്ന് പറഞ്ഞാൽ നെറ്റി ചുളിക്കേണ്ടതില്ല. ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനത അധിവസിക്കുന്ന മെട്രോ നഗരങ്ങളുടെ ഈ ശോചനീയവസ്ഥ നമ്മുടെ യുവതലമുറയെ എങ്ങനെയെല്ലാം ബാധിക്കും എന്ന കാര്യത്തിൽ പഠനങ്ങൾ നടക്കുകയാണിന്ന്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നൊരു സ്ഥാപനം നമുക്കുണ്ട്.

അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടാണ് മുഖ്യമായും ഈ സ്ഥാപനം ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഈ ബോർഡ് 42 മാനദണ്ഡങ്ങൾ മലിനീകരണ പ്രശ്നവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, കാലാനുസൃതമായ അന്തരീക്ഷ മലിനീകരണം എന്നിവയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രധാനപ്പെട്ട കർമ്മ മേഖല. മലിനീകരണങ്ങളെ തരംതിരിച്ച് കർമ്മപദ്ധതികൾ ആവിഷ്‌കരിക്കുക എന്നതും ഇതിന്റെ ദൗത്യങ്ങളിൽ പെട്ടതാണ്. കാലങ്ങളായി ഇവർ നടത്തിവരുന്ന പദ്ധതികൾ കൊണ്ട് ഇന്ത്യയിലെ മലിനീകരണ പ്രശ്നത്തെ തരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചില വാഹനങ്ങളിലും വീടുകളിലും എൽ.പി.ജി.യുടെ ഉപയോഗംകൊണ്ടുവന്നതൊഴികെ മറ്റൊന്നും ഗുണപ്രദമായി നടപ്പിൽ വരുത്താൻ കഴിഞ്ഞിട്ടില്ല. ഈ രംഗത്ത് ചെയ്യാൻ കഴിയുന്ന ഒരു വലിയ പ്രവർത്തനം ഫോസിൽ ഇന്ധനങ്ങളുടെ വ്യാപകമായ ഉപയോഗത്തിന് തടയിടുക എന്നതാണ്. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന വില്ലനായി നിൽക്കുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാൽ തന്നെ ഇന്ത്യയിലെ ഭീമമായ അന്തരീക്ഷ മലിനീകരണത്തിന് ചെറിയ തോതിലെങ്കിലും മാറ്റംവരുത്താൻ കഴിയും.

പലപ്പോഴും സുപ്രിം കോടതിയും ദേശീയ ഹരിത ട്രിബ്യൂണലും ഇടപെട്ടിട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ ഗതിതന്നെ മാറിമറിഞ്ഞേനെ. ലോകത്തിൽ ഏറ്റവും മോശമായി അന്തരീക്ഷ മലിനീകരണം ബാധിച്ച ആദ്യ 30 നഗരങ്ങളുടെ കണക്കെടുത്താൽ അതിൽ ഇന്ത്യൻ നഗരങ്ങളാവും മുന്നിൽ. ഏതാണ്ടു പകുതിയോളം വരും അത്. മുമ്പ് ഒരു അന്താരാഷ്ട്ര മാദ്ധ്യമം ഡൽഹിയെക്കുറിച്ച് എഴുതിയത്, ഈ നഗരം ഇന്ത്യയുടെ തലസ്ഥാന നഗരിയല്ല, മറിച്ച് വായുമലിനീകരണ തലസ്ഥാനമെന്നാണ്. അന്തരീക്ഷ മലിനീകരണത്താൽ മരിക്കുന്ന ആളുകളിൽ നല്ലൊരു ശതമാനം ഇന്ത്യയിലാണ്. ലോകാരോഗ്യ സംഘടന ഇതുമായി ബന്ധപ്പെട്ട് ചില കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്. 2017-ൽ വായു മലിനീകരണം മൂലം മരണമടഞ്ഞ ഏഴ് ദശലക്ഷം പേരിൽ 1.25 ദശലക്ഷം മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണത്രെ! തെരുവിൽ സഞ്ചരിക്കുമ്പോൾ മാത്രമല്ല, വീടിനകങ്ങളിലും മലിനീകരണമുണ്ടെന്നതാണ് ഇന്ത്യൻ നഗരങ്ങളുടെ അവസ്ഥ! മരിക്കുന്നവരിൽ അധികവും വൃദ്ധരാണ്. അവരുടെ രോഗപ്രതിരോധ ശക്തിയില്ലായ്മയാണ് ഇതിനു കാരണം. പലപ്പോഴും മരണങ്ങൾ സംഭവിക്കുന്നത് വീടിനകത്തുവച്ചു തന്നെയാണെന്നതാണ് കൗതുകരം.

പാചകത്തിനായി പല വീടുകളും ആശ്രയിക്കുന്ന ഖരരൂപത്തിലുള്ള ഇന്ധനങ്ങൾ വഴി മരണം സംഭവിച്ചിട്ടുണ്ട്. 2017-ൽ മാത്രം അഞ്ചു ലക്ഷം മരണങ്ങൾ ഇങ്ങനെ സംഭവിച്ചിട്ടുണ്ടത്രെ! 2024-ഓടെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സാന്നിദ്ധ്യം 20-30% കുറയ്ക്കാനാണ് ഇന്ത്യൻ മലിനീകരണ ബോർഡ് ലക്ഷ്യമിടുന്നതെന്ന് അവരുടെ ഒരു റിപ്പോർട്ടിൽ കാണാനിടയായി. പലപ്പോഴും നമ്മുടെ പ്രധാനമന്ത്രി 21 ആം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പ്രഖ്യാപിച്ചു കാണാറുണ്ട്. ഈ നൂറ്റാണ്ടിലെ ഇന്ത്യ എന്ന സ്വപ്നം മാലിന്യമുക്ത ഇന്ത്യയാവുമോ എന്നുകൂടി പറയേണ്ടതുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ 65 ശതമാനം ഇരകളും യുവജനങ്ങൾ ആയിട്ടുള്ള ഒരു രാജ്യം എങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയായി മാറുക? അതിനുള്ള അത്ഭുതങ്ങൾ ഒന്നും മോദിയുടെ കൈവശമില്ല. ദേശീയ സുരക്ഷയുടെ പ്രശ്നമായി അന്തരീക്ഷ മലിനീകരണത്തെ കണ്ടുകൊണ്ട് വേണം ഇനിയുള്ള നീക്കങ്ങൾ. ആരോഗ്യകരമായ ഒരു ജീവിതം ഈ സമൂഹത്തിന് നൽകേണ്ടത് ഇന്ത്യൻ ഭരണഘടനയുടെ മൗലിക തത്വങ്ങളിൽ പെട്ടതാണെന്ന ചിന്തയാണ് അതിന് ആവശ്യം.