എം.പാനലായ നയപ്രഖ്യാപന ചര്‍ച്ച

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷം സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വാഴ്ത്താന്‍ മത്സരിച്ചു. പ്രതിപക്ഷമാവട്ടെ നയവും നിലപാടുമില്ലാത്തതാണ് നയപ്രഖ്യാപനമെന്നു ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാഷ്ട്രീയ പ്രസംഗത്തിനാണ് എല്ലാവരും തുനിഞ്ഞിറങ്ങിയത്.

എം.പാനലായ നയപ്രഖ്യാപന ചര്‍ച്ച

സഭാ വൃത്താന്തം-സി.വി ശ്രീജിത്ത്

ആനവണ്ടിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട എം.പാനലുകാര്‍ സെക്രട്ടറിയേറ്റിനുമുന്നിലും നിയമസഭയ്ക്കുമുന്നിലും കുറച്ചുനാളായി ശയനപ്രദക്ഷിണത്തിലാണ്. ജീവിതം വഴിമുട്ടി തെരുവിലായവരുടെ വികാരം നിയമസഭയില്‍ തിളച്ചുമറിയുന്നത് സ്വാഭാവികം. പ്രത്യേകിച്ചും മുന്‍ ഗതാഗത വകുപ്പുമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രമേയാവതാരകനാകുമ്പോള്‍. ശൂന്യവേളയില്‍ ഇന്നത്തെ അടിയന്തര പ്രമേയ വിഷയം എം.പാനലുകാരോടുള്ള സര്‍ക്കാര്‍ നിലപാടായാരുന്നു.

എം.പാനലുകാരെ പറ്റിക്കുകയായിരുന്നു എന്നാണ് വക്കീലുകൂടിയായ തിരുവഞ്ചൂരിന്റെ വാദം. കള്ളക്കളി നടത്തിയതാരെന്നും എന്തിനെന്നും വ്യക്തമായി തനിക്കറിയാമെന്നും തിരുവഞ്ചൂര്‍. ഹൈക്കോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ സബ്ജുഡീസ് ആകരുതെന്ന് ചെയറിലുണ്ടായിരുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആദ്യമേ ഓര്‍മ്മിപ്പിച്ചതാണ്. എന്നാല്‍ എം.പാനലുകാരുടെ കാര്യത്തില്‍ തങ്ങള്‍ സബ്ജുഡീസ് ആകരുതെന്നു പറയുമ്പോള്‍ അപ്പുറത്തുള്ളവര്‍ പ്രിജുഡിസ്( മുന്‍വിധി) ആകരുതെന്നാണ് തിരുവഞ്ചൂരിന് പറയാനുള്ളത്.

ദിവസക്കൂലിക്കാരെന്നു സി.എം.ഡി ഉത്തരവിറക്കിയ ശേഷം അതിനെ ആധാരമാക്കി എം.പാനലുകാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഹൈക്കോടതി വിധി പുറപ്പെടുവിടുവിച്ചതിനെ പറ്റി പറഞ്ഞിട്ടു വല്ല കാര്യമുണ്ടോ എന്നാണ് തിരുവഞ്ചൂര്‍ ചോദിക്കുന്നത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഒന്നും നടക്കുന്നില്ലെന്നു മാത്രം തിരുവഞ്ചൂര്‍ പറയില്ല. ലോ-ഫ്‌ളോര്‍ ബസിന്റെ ചില്ലിനു മുകളില്‍ ചില്‍ ബസ് എന്ന പോസ്റ്ററൊട്ടിച്ചില്ലെ. സകലമാന യൂണിയന്‍കാരും ഒരേ സ്വരത്തില്‍ തച്ചങ്കരിക്കെതിരെ കോറസ് പാടിയിട്ടും ടിയാള്‍ ഇപ്പോഴും കോര്‍പ്പറേഷന്‍ തലപ്പത്തു തന്നെയില്ലെ. ഇത്തരം കളികള്‍ക്കു പിന്നിലുള്ള രസതന്ത്രമെല്ലാം അറിയുന്ന തിരിവഞ്ചൂര്‍ പക്ഷെ, തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി ഭരിക്കുമ്പോള്‍ തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി 3800 ഓളം എം.പാനലുകാരെ പറഞ്ഞുവിട്ടതില്‍ ഏറെ ഖിന്നനാണ്.

വിഷയത്തില്‍ സമയപരിധി കടന്നപ്പോഴാണ് സ്പീക്കര്‍ കണ്‍ക്ലൂഡ്(ഉപസംഹരിക്കാന്‍) ചെയ്യാന്‍ തിരുവഞ്ചൂരിനോട് പറഞ്ഞത്. സ്പീക്കര്‍ പറഞ്ഞാല്‍ കണ്‍ക്ലൂഡ് ചെയ്യാമെന്നും എന്നാല്‍ ഇതെല്ലാം ഇന്‍ക്ലൂഡ്(ഉള്‍പ്പെടുത്തല്‍) ചെയ്യണമെന്നും തിരുവഞ്ചൂര്‍. വിപ്പുകൊടുക്കാതെ പോള്‍ നടത്തിയാല്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ സഭയില്‍ തീര്‍ത്തും ഒറ്റപ്പെടുമെന്നും തിരുവഞ്ചൂര്‍ കണ്ടെത്തിയിട്ടുണ്ട്. വാക്കൗട്ട് പ്രസംഗത്തില്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ ജെ.തച്ചങ്കരിയെ കണക്കിനു വിമര്‍ശിച്ചാണ് പ്രതിപക്ഷ നേതാവ് സഭവിട്ടത്. സകലമാന യൂണിയന്‍ നേതാക്കളും എതിര്‍ത്തിട്ടും തച്ചങ്കരി തുടരുന്നതിനു പിന്നിലെ കാരണമാണ് പ്രതിപക്ഷ നേതാവ് അന്വേഷിക്കുന്നത്. എന്തായാലും വിശദമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷം സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വാഴ്ത്താന്‍ മത്സരിച്ചു. പ്രതിപക്ഷമാവട്ടെ നയവും നിലപാടുമില്ലാത്തതാണ് നയപ്രഖ്യാപനമെന്നു ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാഷ്ട്രീയ പ്രസംഗത്തിനാണ് എല്ലാവരും തുനിഞ്ഞിറങ്ങിയത്.

സൗമ്യസാന്നിദ്ധ്യമായ മാത്യൂ ടി. തോമസിനായിരുന്നു നന്ദിപ്രമേയാവതാരകനാകാനുള്ള ഭാഗ്യം. സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് മാത്യ.ടി തോമസ് ഭരണപക്ഷത്തിന്റെ കയ്യടിനേടി. എന്നാല്‍ മാത്യു ടി. തോമസിനെ കൊണ്ടു അസത്യം പറയിപ്പിച്ചതിലുള്ള ദുംഖമാണ് അഡ്വ.കെ.എന്‍.എ ഖാദറിന്. നയപ്രഖ്യാപനത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് സാഹിത്യഅക്കാദമി പുരസ്‌കാരം നല്‍കണമെന്നും ഖാദര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

നയപ്രഖ്യാപനമല്ല, മണിപ്രവാളമാണ് ഗവര്‍ണറെ കൊണ്ടു വായിപ്പിച്ചതെന്നു കണ്ടെത്തിയത് ഭാഷാവിദഗ്ദ്ധന്‍ കൂടിയായ ഡോ. എന്‍ ജയരാജാണ്. കടുകട്ടി പദങ്ങള്‍ തപ്പിത്തടഞ്ഞു ഗവര്‍ണര്‍ വശം കെട്ടതിലും ജയരാജിന് സങ്കടമുണ്ട്. വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കയ്യുംകാലും കുഴഞ്ഞെന്നായി ജെയിംസ് മാത്യു. ആയിരം ദിവസം കൊണ്ടു ആയിരക്കണക്കിന് വികസന പദ്ധതികള്‍ നടപ്പിലാക്കിയ സര്‍ക്കാരിനെതിരെ തമാശപറയുന്നത് പ്രതിപക്ഷം നിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

നയപ്രഖ്യാപനത്തിന്റെ കൂലി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് നല്‍കുമെന്ന പ്രതീക്ഷയിലാണ് കെ.മുരളീധരന്‍. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍, വീടു ഭാഗം വെയ്ക്കുന്ന സമയത്ത് 'കിണ്ടിക്കും കോളാമ്പിക്കും' കിട്ടുന്ന പരിഗണന മാത്രമേ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ലഭിക്കുകയുള്ളൂ എന്നന്നാണ് മുരളീധരന്റെ വിശ്വാസം.

ശബരിമല വിഷയത്തിലുള്ള പി.സി ജോര്‍ജ്ജിന്റെ പ്രതിഷേധം ഇന്നും സഭയില്‍ നുരഞ്ഞുപൊന്തി. നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പനെ അപമാനിക്കാനാണ് സര്‍ക്കാര്‍ കൂട്ടുനിന്നതെന്നു ഇന്നും ജോര്‍ജ്ജ് ആവര്‍ത്തിച്ചു. ജൗളി(വസ്ത്ര) വിരോധികളായ ചില സ്ത്രീകളെ ശബരിമലയിലേക്കു കൊണ്ടുപോകാന്‍ ആര്‍ക്കാണിത്ര നിര്‍ബന്ധമെന്നാണ് ജോര്‍ജ്ജിനറിയേണ്ടത്. എന്തായാലും ജോര്‍ജ്ജിന്റെ ചൂണ്ടയില്‍ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ആരും കൊത്തിയില്ല. അതുകൊണ്ടുതന്നെ ജോര്‍ജ്ജിന്റെ തുടര്‍ക്ഷോഭത്തിന് സഭ സാക്ഷ്യം വഹിക്കേണ്ടിയും വന്നില്ല.

എല്ലാവര്‍ക്കും സ്വര്‍ഗ്ഗത്തിലേക്കു ടിക്കറ്റു നല്‍കുന്ന മന്ത്രി കെ.ടി ജലീല്‍ എന്തുകൊണ്ട് ആ ടിക്കറ്റിലൊന്നു മുഖ്യമന്ത്രിക്കു നല്‍കാത്തതെന്ന സംശയം അഡ്വ. എന്‍.ഷംസുദ്ദീനുണ്ട്. വനിതാമതില്‍ സംഘാടകനായ സുഗതനെ ഖലീഫാ ഉമറിനോട് ഉപമിച്ച ജലീല്‍ വെള്ളാപ്പള്ളി നടേശനെ മൂന്നാം ഖലീഫ ഉസ്മാനോട് ഉപമിച്ചു കളയുമോ എന്ന ആശങ്കയും ഷംസുദ്ദീനുണ്ട്. ഷംസുദ്ദീനുള്ള മറുപടിയുമായാണ് ആര്‍.രാജേഷ് എഴുന്നേറ്റത്. ദിശാ ബോധമില്ലാത്തവരോടൊപ്പണാണ് ലീഗിന്റെ ഇരിപ്പെന്നു രാജേഷ്. അതിന്റെ ചില പ്രയാസങ്ങളാണ് ലീഗില്‍ കാണുന്നതെന്നും രാജേഷിന് അഭിപ്രായമുണ്ട്. മുത്തലാഖ് ബില്ലില്‍ മേലുള്ള ചര്‍ച്ച നിയമസഭയിലുമാവാം എന്നു രാജേഷ് പറഞ്ഞതിന് പിന്നില്‍ ചില സൂചനകളുണ്ടെന്നു തൊട്ടടുത്ത നിമിഷം സഭയ്ക്കു ബോദ്ധ്യമായി. ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി ബിരിയാണി ചെമ്പിന് കാവലിരിക്കുകയായിരുന്നുവെന്നു രാജേഷ് വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ വ്യക്തമായി.

ഗവര്‍ണറുടെ നയപ്രഖ്യാനത്തിന്‍ മേലുള്ള സക്രിമയമായ ചര്‍ച്ചയ്ക്കു പകരം, രാഷ്ട്രീയക്കളത്തിനു പുറത്തേക്കിറങ്ങില്ലെന്നു അംഗങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ച ദിവസമായിരുന്നു ഇന്നത്തെ സഭാതലം.

എം പാനൽ കണ്ടക്ടർമാരുടെ പ്രതിഷേധ ധര്‍ണ്ണRead More >>