സദാ സ്തംഭനം

സഭാ നടപടികള്‍ സുഗമമായി പോകേണ്ടത് ഭരണപക്ഷത്തിന്റെ ആവശ്യമാണ്. ആ നിലയ്ക്ക്, ഒരു ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുക്കണ്ടത് അവരായിരുന്നു. സമരം ചെയ്യുന്നവര്‍ എഴുന്നേറ്റു പോകട്ടെ എന്ന മനോഭാവം ജനാധിപത്യത്തില്‍ ഭൂഷണമല്ല.

സദാ സ്തംഭനം

രു മിനുട്ടായാലും ഒരു ദിവസം മുഴുവനായാലും നിയമസഭ ചേരണമെങ്കില്‍ ചെലവ് ഇത്തിരി കൂടുതലാണ്. പത്തുപതിനഞ്ചു ലക്ഷത്തോളം വരും അലവന്‍സും കറന്റു ചാര്‍ജ്ജും മാത്രം. അതിനു പുറമെയുള്ള ചെലവുകള്‍ വേറെയും. എന്തായാലും ശബരിമല വിഷയത്തില്‍ സമരം തുടരുന്ന പ്രതിപക്ഷത്തിനും ഒത്തുതീര്‍പ്പിനു വഴങ്ങാത്ത ഭരണപക്ഷത്തിനും ഈവക കണക്കൊന്നും വലിയ കാര്യമല്ലെന്നാണ് കുറച്ചു ദിവസമായി തെളിയിച്ചുകൊണ്ടേയിരിക്കുന്നത്.

ഇന്നലെ സഭാ കവാടത്തിലെ സത്യഗ്രഹസമരം ഒത്തുതീര്‍പ്പാകുമെന്നു കരുതിയതാണ്. സഭയില്‍ പ്രതിപക്ഷ നേതാവിന്റെയും വ്യവസായ വകുപ്പു മന്ത്രിയുടെയും വാക്കുകള്‍ സൂചിപ്പിച്ചതും അതാണ്. എന്നാല്‍ നിരോധനാജ്ഞ തുടരാമെന്ന ഹൈക്കോടതി വിധി വന്നതോടെ സര്‍ക്കാര്‍ നിലപാടു മാറ്റി. കിടക്കുന്നവര്‍ അവിടെ കിടക്കട്ടെ എന്നായി മുഖ്യമന്ത്രിയുടെ നിലപാട്. നിരോധനാജ്ഞയുമായി ബന്ധപ്പെട്ടു ഹൈക്കോടതി സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം. അതും അസ്ഥാനത്തായി. എന്തായാലും കയ്ച്ചിട്ടിറക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. പാവം മൂന്നു സാമാജികര്‍. അവധി ദിവസങ്ങളില്‍ ആരും കാണാതെ സഭയ്ക്കുള്ളില്‍ സത്യഗ്രഹമിരിക്കണം.

സഭാ നടപടികള്‍ സുഗമമായി പോകേണ്ടത് ഭരണപക്ഷത്തിന്റെ ആവശ്യമാണ്. ആ നിലയ്ക്ക്, ഒരു ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുക്കണ്ടത് അവരായിരുന്നു. സമരം ചെയ്യുന്നവര്‍ എഴുന്നേറ്റു പോകട്ടെ എന്ന മനോഭാവം ജനാധിപത്യത്തില്‍ ഭൂഷണമല്ല. നാളെ പക്ഷം മാറി മാറി വരില്ലെ. ഇതൊരു കീഴ വഴക്കമാകുന്നത് നല്ലതിനാണോ... ഈ വക കാര്യങ്ങളൊന്നും ഭരണപക്ഷം പരിഗണിക്കുന്നില്ല.

ശബരിമല എന്ന ഒറ്റ വിഷയത്തില്‍ തൂങ്ങി എത്രകാലം മുന്നോട്ടു പോകാന്‍ കഴിയുമെന്നു പ്രതിപക്ഷവും നന്നായി ചിന്തിക്കണം. നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ സഭയില്‍ പ്രതിഫലിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. അതിനു പകരം കയ്യില്‍ കിട്ടുന്ന അവസരം മുഴുവന്‍ ശബരിമലയും ഉയര്‍ത്തിപ്പിടിച്ച് സഭ സ്തംഭിപ്പിക്കുന്നത് അവര്‍ക്കും ചേര്‍ന്നതല്ല. അതല്ലല്ലോ അവരുടെ ധര്‍മ്മം.

സഭാ നടപടികളില്‍ അഗ്രഗണ്യനാണ് മന്ത്രി എ.കെ ബാലന്‍. എന്നാല്‍ ഇന്നലെ നാക്കു പിഴയില്‍ ബാലനും വെട്ടിലായി. ഈമാനുള്ള പാര്‍ട്ടി മുനാഫിക്കുകളായി അധ:പതിക്കരുതെന്ന ബാലന്‍ മന്ത്രിയുടെ ഉപദേശമാണ് ലീഗ് അംഗങ്ങളെ ചൊടിപ്പിച്ചത്.

ബഹുദൈവാരാധനയ്ക്കെതിരെ നടത്തിയ പോരാട്ടത്തിലൂടെ സ്ഥാപിക്കപ്പെട്ട മതത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ കപടവിശ്വാസികളാകരുതെന്നു ബാലന്‍ മന്ത്രി പറഞ്ഞത് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു ലീഗ് സമരം ചെയ്യുന്നതുകൊണ്ടായിരുന്നു. എന്നാല്‍ മതേതര മൂല്യങ്ങള്‍്ക്കെതിരാണ് മന്ത്രിയുടെ വാക്കുകളെന്നു ലീഗും പ്രതിപക്ഷവും തിരിച്ചടിച്ചു. സാമൂഹിക അന്തരീക്ഷം തകര്‍ക്കാനാണ് മന്ത്രിയുടെ ശ്രമമെന്നും സ്പീക്കര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ ഉപനേതാവ് പരാതി നല്‍കിയിരിക്കുകയാണ്. എന്തായാലും തിങ്കളാഴ്ച ചേരുന്ന സഭയില്‍ ബാലന്‍ മന്ത്രിയെ നിര്‍ത്തിപ്പൊരിക്കാനാണ് പ്രതിപക്ഷത്തെ ആസ്ഥാന വിദ്വാന്‍മാരുടെ ആലോചന.

സഭ നടക്കുന്ന ദിവസങ്ങളില്‍ സത്യഗ്രഹം ഇരിക്കുന്നത് അത്ര വലിയ പ്രയാസമുള്ള വിഷയമല്ല. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ എന്തുചെയ്യുമെന്ന ആധിയിലാണ് മൂന്നു സമാജികര്‍. ആരും തിരിഞ്ഞു നോക്കിയില്ലെങ്കിലും എല്ലാ ദിവസവും മുറതെറ്റാതെ സ്പീക്കര്‍ അവരെ കാണുന്നുണ്ട്. കാര്യങ്ങള്‍ തിരക്കുന്നുമുണ്ട്. സര്‍ക്കാരിന് അയവില്ലാത്ത സ്ഥിതിക്ക് സഭാസമ്മേളനം അവസാനിക്കുന്ന ഡിസംബര്‍ 13 വരെ മുഖ്യകവാടത്തില്‍ കിടക്കാനുറച്ചുതന്നെയാണ് വി.എസ്.ശിവകുമാറും പാറക്കല്‍ അബ്ദുല്ലയും ഡോ.എന്‍ ജയരാജും മുന്നോട്ടു പോകുന്നത്. വരുന്നിടത്തു വച്ചു കാണാമെന്ന്.