മതിലു പണിയണോ അതോ ചുമരുകെട്ടണോ

ഇന്നലെ ശൂന്യവേളയില്‍ ഈ വിഷയം വി.ഡി സതീശന്‍ ഉന്നയിക്കും മുമ്പുതന്നെ അതിലെ ഗൗരവം സ്പീക്കര്‍ സഭയെ ധരിപ്പിച്ചിരുന്നു. വൈകിപ്പോയെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു പതിവു മറുപടിയില്‍ മുഖ്യമന്ത്രിയും സ്ഥിരം ശൈലിയില്‍ കുറ്റം ചാരി പ്രതിപക്ഷ നേതാവും സമയം തീര്‍ത്തു എന്നു പറയുന്നതാവും ശരി. യോജിച്ച ഒരു നിര്‍ദേശമുണ്ടാക്കാനോ സമഗ്രമായ പദ്ധതി പ്രഖ്യാപിക്കാനോ സാധിച്ചില്ല. കുറേ കുറ്റങ്ങള്‍ പ്രതിപക്ഷവും തിരിച്ചു കുറേ ആക്ഷേപങ്ങള്‍ ഭരണപക്ഷവും പരസ്പരം വാരിയെറിഞ്ഞു എന്നതൊഴിച്ചാല്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ആരുടെ ഭാഗത്തുനിന്നുമുണ്ടായില്ല.

മതിലു പണിയണോ അതോ ചുമരുകെട്ടണോ

സഭാ വൃത്താന്തം

ന്തായാലും ഒരുറപ്പിന് മതിലും വേണം. എന്നാല്‍ ചുമരില്ലാതെ ചിത്രം വരയ്ക്കാനാകില്ലല്ലോ. അതാണ് പ്രതിപക്ഷ നേതാവ് ഇന്നലെയും ഇന്നും ആവര്‍ത്തിച്ചത്. നവോത്ഥാനത്തിന്റെ മതില്‍ കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. എന്നാല്‍ നൂറുദിനം മുമ്പ് സര്‍വതും നക്കിത്തുടച്ച പ്രളയത്തില്‍ നിരാലംബരായ മനുഷ്യരെ സഹായിക്കണ്ടേ. അവര്‍ക്കു നിവര്‍ന്നു നില്‍ക്കാന്‍ ഊന്നുവടിയെങ്കിലും നല്‍കണ്ടേ. കുത്തിയൊലിച്ചു പോയ അവരുടെ വീടു നിന്നിടത്തു ഒരു ചുമരെങ്കിലും കെട്ടാനുള്ള ഒരുക്കം നടത്തണമെന്ന ആവശ്യത്തിനു മുന്നിലാണ് ഇന്നലെ നിയമസഭ അടിയന്തര പ്രമേയം പരിഗണിച്ചത്. എന്നാല്‍ ഏവരെയും നിരാശപ്പെടുത്തി, പതിവു രാഷ്ട്രീയ പ്രസംഗവും പരസ്പരം കുറ്റാരോപണവും മാത്രമായി ആ ചര്‍ച്ചയും മാറി.

ഇന്നലെ ശൂന്യവേളയില്‍ ഈ വിഷയം വി.ഡി സതീശന്‍ ഉന്നയിക്കും മുമ്പുതന്നെ അതിലെ ഗൗരവം സ്പീക്കര്‍ സഭയെ ധരിപ്പിച്ചിരുന്നു. വൈകിപ്പോയെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു പതിവു മറുപടിയില്‍ മുഖ്യമന്ത്രിയും സ്ഥിരം ശൈലിയില്‍ കുറ്റം ചാരി പ്രതിപക്ഷ നേതാവും സമയം തീര്‍ത്തു എന്നു പറയുന്നതാവും ശരി. യോജിച്ച ഒരു നിര്‍ദേശമുണ്ടാക്കാനോ സമഗ്രമായ പദ്ധതി പ്രഖ്യാപിക്കാനോ സാധിച്ചില്ല. കുറേ കുറ്റങ്ങള്‍ പ്രതിപക്ഷവും തിരിച്ചു കുറേ ആക്ഷേപങ്ങള്‍ ഭരണപക്ഷവും പരസ്പരം വാരിയെറിഞ്ഞു എന്നതൊഴിച്ചാല്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ആരുടെ ഭാഗത്തുനിന്നുമുണ്ടായില്ല.

ശബരിമല വിഷയത്തില്‍ മൂന്നു സമാജികരാണ് കവാടത്തില്‍ സത്യഗ്രഹമിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതിപക്ഷ നേതാവിന് ആകുലതകളേറെയാണ്. ഇന്നും അക്കാര്യം അദ്ദേഹം സഭാദ്ധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്നാണ് ആവശ്യം.

മൂന്നു ദിവസം സഭ സ്തംഭിപ്പിച്ച വിഷയമായിട്ടും ഇന്നും ശബരിമല സഭാതലം വിട്ടിറങ്ങിയിട്ടില്ല. വിശ്വാസികളോട് സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചതായി ചോദ്യോത്തര വേളയില്‍ പി.സി ജോര്‍ജ്ജ്. ജോര്‍ജ്ജിനെ പ്രകോപിപ്പിക്കാന്‍ ഭരണപക്ഷം ആവുന്നത്ര ശ്രമിക്കുകയും ചെയ്തു. ശിവഗിരി തീര്‍ത്ഥാടന ദിവസം വനിതാ മതില്‍ പണിയുന്നതിലാണ് ജോര്‍ജ്ജിനു പരിഭവം.

ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ എന്തു പ്രചരണം നടത്തിയാലും അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന ആഗ്രഹമേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ളൂ. പക്ഷെ കോണ്‍ഗ്രസിന്റെ ഇരിപ്പു ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. ബി.ജെ.പിയുടെ കെണിയില്‍ കോണ്‍ഗ്രസു പെട്ടുപോയതിലും വര്‍ഗീയതയുടെ മുന്നിലെത്താനുള്ള ഓട്ടത്തില്‍ എല്ലാം മറന്നുപോയതിലും കടകംപള്ളിക്കു ദു:ഖമുണ്ട്.

ശബരിമലയില്‍ സാമൂഹ്യ വിരുദ്ധരും അക്രമകാരികളും വരുന്നതിനാലാണ് നിയന്ത്രണവും നിരോധനാജ്ഞയും തുടരുന്നതെന്നു മന്ത്രി വിശദീകരിച്ചു. എങ്കില്‍ അത്തരം സാമൂഹ്യവിരുദ്ധരുടെ കയ്യില്‍ മൈക്കു നല്‍കിയതാരെന്നു പ്രതിപക്ഷ നേതാവ്. ജനസംഘവുമായി കൊടികൂട്ടിക്കെട്ടിയ കഥയും അന്നദാനം ആര്‍.എസ്.എസിനെ ഏല്‍പ്പിച്ചതും രമേശ് ചെന്നിത്തല കടകംപള്ളിയെ ഓര്‍മ്മിച്ചു.

സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന രാജഗോപാലിന്റെ പഴയ ലേഖനം ഉദ്ധരിച്ചാണ് കടകംപള്ളി ബി.ജെ.പി വേട്ടയ്ക്കിറങ്ങിയത്. പുന:പരിശേധനാ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ അതുവരെയെങ്കിലും ഈ കോലാഹലങ്ങള്‍ നിര്‍ത്തികൂടെയെന്നു പറഞ്ഞതോടെ എങ്കില്‍ ആദ്യം എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ പറയൂ രാജേട്ടാ എന്നായി പ്രതിപക്ഷ നേതാവ്. ഭരണം അട്ടിമറിക്കാനുള്ള ഗൂഢനീക്കം പരാജയപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എം. സ്വരാജ്.

ചോദ്യോത്തര വേള ഈ വിധം നീണ്ടുപോയതോടെ ശബരിമല മാത്രമല്ല വിഷയമെന്നു ഓര്‍മ്മിപ്പിച്ചു സ്പീക്കര്‍ അടുത്ത വിഷയത്തിലേക്കു കടന്നു.

സഭയിലെ ചില കസേരകളില്‍ സ്പ്രിംഗ് ഘടിപ്പിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. എതിര്‍പക്ഷത്തുള്ളവര്‍ സംസാരിക്കുമ്പോള്‍ അറിയാതെ ചില അംഗങ്ങള്‍ ബഹളവുമായി എഴുന്നേല്‍ക്കുകയാണ്. പ്രതിപക്ഷത്തുള്ളവര്‍ എഴുന്നേറ്റു ബഹളം കൂട്ടുന്നതിന് ഒരു ന്യായീകരണമെങ്കിലും ഉണ്ട്. എന്നാല്‍ ഭരണപക്ഷത്തെ ചില അംഗങ്ങള്‍ ഇങ്ങനെ പെരുമാറുന്നതിലെ പൊരുള്‍ സ്പീക്കര്‍ക്കു പോലും മനസിലായിട്ടില്ല. അതാണ് ഇന്നദ്ദേഹം ചിലരോട് അവിടെ സ്പ്രിംഗുണ്ടോ എന്നു ചോദിച്ചത്. എ.എന്‍ ഷംസീര്‍, എം.നൗഷാദ് എന്നിവരാണ് സദാ സീറ്റിലിരിക്കാന്‍ മടിയുള്ളവര്‍. സ്വന്തം സീറ്റില്‍ നിന്നു വിട്ടു മറ്റൊരംഗത്തിന്റെ സീറ്റില്‍ പോയി പ്രതിഷേധിക്കാനും ഇക്കൂട്ടര്‍ക്കു മടിയില്ല.

സഭാവാക്യം:

പാറ്റണ്‍ ടാങ്കിലടക്കം ജേണലിസ്റ്റുകളെ കൊണ്ടുപോകുമ്പോഴാണ് സെക്രട്ടറിയേറ്റില്‍ മാദ്ധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ വിലക്കുന്നത്.-ഡോ.എം.കെ മുനീര്‍

Read More >>