മലപ്പുറം പേടിയെന്ന ബ്രാഹ്മണിക്കല്‍ ഹെജിമണിയുടെ തികട്ടല്‍

മലപ്പുറത്തെ കുട്ടികള്‍ പരീക്ഷ ജയിച്ചാല്‍ കോപ്പിയടിച്ചതാണെന്ന് പറയുന്ന വി.എസ് വര്‍ഗ്ഗീയവാദിയാണോ? തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗ്ഗീയമാണെന്നു പറയുന്ന കടകംപള്ളി വര്‍ഗീയവാദിയാണോ? മലപ്പുറവുമായി ഒരു ബന്ധവുമില്ലാത്ത ആലപ്പാട്ട് സമരം നടത്തുന്നത് മലപ്പുറത്തുകാരാണെന്നു പറയാന്‍ ഇ.പി ജയരാജനെ പ്രേരിപ്പിച്ചത് വര്‍ഗീയതയാണോ?

മലപ്പുറം പേടിയെന്ന ബ്രാഹ്മണിക്കല്‍ ഹെജിമണിയുടെ തികട്ടല്‍

മലബാറിലെ പിന്നാക്ക പ്രദേശങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മലപ്പുറം ജില്ല എന്ന ആശയം പിറവിയെടുത്തത്. എന്നാല്‍, ഒരു ജില്ല രൂപീകരിക്കുന്നതിനെതിരെ ചരിത്രത്തിലാദ്യമായി സമര സമിതിയുണ്ടായത് 1968ലാണ്. മലപ്പുറം ജില്ലാ വിരുദ്ധ സമിതി എന്നായിരുന്നു അതിന്റെ പേര്. 1969 ജൂണ്‍ രണ്ടു മുതല്‍ ഭാരതീയ ജനസംഘമാണ് (ഇന്നത്തെ ബി.ജെ.പി) സമരം തുടങ്ങിയത്.

മലപ്പുറം വന്നാല്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമാകുമെന്നും മതപരിവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുമെന്നും കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പനും പ്രഖ്യാപിച്ചു. എല്ലാതരം ത്യാഗത്തിനും തയ്യാറായി പടക്കളത്തിലേക്കിറങ്ങാന്‍ ദേശസ്നേഹികളോട് ആഹ്വാനം ചെയ്താണ് അദ്ദേഹം തന്റെ മലപ്പുറത്തിനെതിരായ യുദ്ധകാഹളം മുഴക്കിയത്.


മലപ്പുറം ജില്ല രൂപീകരിച്ചാല്‍ താനൂര്‍ കടപ്പുറത്ത് കറാച്ചിയില്‍നിന്ന് കപ്പലെത്തുമെന്ന് മാതൃഭൂമി മുഖപ്രസംഗമെഴുതി. മലപ്പുറം ഒരു മാപ്പിളസ്ഥാനാണെന്നു പറഞ്ഞ് ഒ. രാജഗോപാല്‍ ഇന്ത്യയൊട്ടുക്കും സഞ്ചരിച്ച് കാമ്പയിന്‍ നടത്തി. സംഘര്‍ഷഭരിതമായ സമരത്തിന് ഡല്‍ഹിയില്‍നിന്നു പോലും ജനസംഘത്തിന്റെ പടയിറങ്ങി. ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ജില്ലാ വിരുദ്ധ പദയാത്ര തന്നെ നടന്നു.

കെ. കരുണാകരന്‍ ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നെങ്കിലും പാര്‍ട്ടിക്കൊപ്പം നില്‍ക്കേണ്ടി വന്നു. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണിയാണ് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമാക്കിയത്. സി.പി.എം നേതൃത്വത്തില്‍ പലരും എതിരായിട്ടും റവന്യൂ മന്ത്രി കെ.ആര്‍ ഗൗരി തീരുമാനത്തില്‍ ഉറച്ചുനിന്നു.

എന്നാല്‍ മുസ്ലിംലീഗ് മുന്നണി വിട്ടതോടെ ലീഗ് മന്ത്രിമാരുടെ തന്ത്രത്തിനു മറുതന്ത്രം പ്രയോഗിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് മലപ്പുറം ജില്ല രൂപീകരിച്ചതെന്ന് ഇ.എം.എസ് ദേശാഭിമാനിയില്‍ തുറന്നെഴുതി. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൂണൂല്‍ പുറത്തല്ല, അകത്താണെന്ന സി.എച്ചിന്റെ വാക്കുകള്‍ വെറുതെയായിരുന്നില്ല.


മലപ്പുറത്തിന് എന്തായിരുന്നു പ്രശ്നം? ഉത്തരം ലളിതമാണ്. ജില്ല രൂപീകരിച്ചാല്‍ ഭൂരിപക്ഷം മുസ്ലിംകളായിപ്പോകും. മറ്റെല്ലാ ജില്ലകളിലും ഭൂരിപക്ഷം ഹിന്ദുക്കളായാല്‍ മതേതരത്വം. കേരളത്തിലെ ഒരേയൊരു ജില്ലയില്‍ ഭൂരിപക്ഷം മുസ്ലിംകളായാല്‍ വര്‍ഗ്ഗീയത. അതാണ് ബ്രാഹ്മണിക്കല്‍ ഹെജിമണി.

മലപ്പുറത്തെ കുട്ടികള്‍ പരീക്ഷ ജയിച്ചാല്‍ കോപ്പിയടിച്ചതാണെന്ന് പറയുന്ന വി.എസ് വര്‍ഗ്ഗീയവാദിയാണോ? തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗ്ഗീയമാണെന്നു പറയുന്ന കടകംപള്ളി വര്‍ഗീയവാദിയാണോ? മലപ്പുറവുമായി ഒരു ബന്ധവുമില്ലാത്ത ആലപ്പാട്ട് സമരം നടത്തുന്നത് മലപ്പുറത്തുകാരാണെന്നു പറയാന്‍ ഇ.പി ജയരാജനെ പ്രേരിപ്പിച്ചത് വര്‍ഗീയതയാണോ? അല്ലെന്നാണ് ഞാന്‍ കരുതുന്നത്.

അതാണ് ബ്രാഹ്മണിക്കല്‍ ഹെജിമണി. അധ:സ്ഥിതരുടെ ഉദ്യോഗ സംവരണത്തിന് പതിറ്റാണ്ടുകള്‍ സമരം ചെയ്യേണ്ടി വന്നപ്പോള്‍ സവര്‍ണ്ണ സംവരണം മൂന്നു നാള്‍കൊണ്ട് നിയമമായ ബ്രാഹ്മണിക്കല്‍ ഇന്ത്യയില്‍ മലപ്പുറം പേടിയും ഭൂരിപക്ഷത്തിന്റെ മതമാണ്. അതിന് കമ്മ്യൂണിസ്റ്റെന്നോ കോണ്‍ഗ്രസ്സെന്നോ ബി.ജെ.പിയെന്നോ ഭേദമില്ല. ഇടയ്ക്കിടെ അതങ്ങിനെ തികട്ടി വരും. തികട്ടിയവനു പോലും അറിയാത്ത സ്വാഭാവികതയോടെ.


Read More >>