ക്ഷേത്രത്തിന്റെ ഹാള്‍ ഈദ്ഗാഹാക്കിയ പ്രളയം

ത്യശ്ശൂര്‍ ജില്ലയുടെ തെക്കേ അറ്റത്തെ എറണാകുളം ജില്ലയുടെ അതിര്‍ത്തി ഗ്രാമമാണു കൊച്ചുകടവ്. കൊച്ചുകടവും പ്രദേശങ്ങളും വെള്ളത്തിനടിയിലാ‍യപ്പോള്‍ , പ്രദേശവാസികള്‍ കുടിയേറിയത് അടുത്തുള്ള ഗ്രാമമായ എരവത്തൂരിലെ സ്കൂളിലും, പുറപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രത്തിന്റെ ഹാളിലുമാണു. വെള്ളമിറങ്ങാത്തതിനാല്‍ ഇന്ന് പെരുന്നാള്‍ നമസ്ക്കാരത്തിനും കൊച്ചുകടവ് നിവാസികള്‍ക്ക് തങ്ങളുടെ പള്ളി ഉപയോഗിക്കാനായില്ല. അങ്ങനെയാണു രക്തേശ്വരി ക്ഷേത്രത്തിന്റെ ഹാള്‍ ഈദ്ഗാഹായി മാറിയത്

ക്ഷേത്രത്തിന്റെ ഹാള്‍ ഈദ്ഗാഹാക്കിയ പ്രളയംഎരവത്തൂര്‍ പുറപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രത്തിന്റെ ഹാളില്‍ നടന്ന പെരുന്നാള്‍ നമസ്ക്കാരം - ഫോട്ടോ - സലിം എരവത്തൂര്‍

എരവത്തൂര്‍: ത്യശ്ശൂര്‍ ജില്ലയുടെ തെക്കേ അറ്റത്തുള്ള കൊച്ചുകടവിലെ ഇസ്ലാം മതവിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ദിനമായ ഇന്ന് പെരുന്നാള്‍ നമസ്ക്കാരം അര്‍പ്പിച്ചത് ഒരു ക്ഷേത്രത്തിന്റെ ഹാളിനകത്താണ്. കൊച്ചുകടവിലെ പള്ളികളില്‍ ഇപ്പോഴും വെള്ളം കയറി കിടക്കുന്നതിനാലാണു ഇവര്‍ക്ക് , ദുരിതാശ്വാസക്യാമ്പായി മാറിയ ക്ഷേത്രത്തിന്റെ ഹാള്‍ പ്രാര്‍ത്ഥനക്കായി ഉപയോഗിക്കേണ്ടി വന്നത്. പുറപ്പിള്ളിക്കാവ് ക്ഷേത്ര ഹാളും തൊട്ടടുത്തുള്ള ശ്രീക്യഷ്ണവിലാസം എല്‍ പി സ്കൂളും ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പായാണു പ്രവര്‍ത്തിക്കുന്നത് .

ഈ പ്രളയകാലത്ത് ഏറ്റവും കൂടുതല്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഒന്നാണു കൊച്ചുകടവ് . കാര്‍ഷികപ്രദേശമായ മേഖലയിലെ ദുരിതങ്ങള്‍ തുടരുകയാണു. ചാലക്കുടിപ്പുഴ അവസാനിക്കുന്ന പ്രദേശം കൂടിയാണു കൊച്ചുകടവ് മേഖല. ഇതിനടുത്ത് വച്ചാണു ചാലക്കുടിപ്പുഴ , പെരിയാറുമായി സംഗമിച്ച് കൊടുങ്ങല്ലൂര്‍ മേഖലയിലെ കായലിലേക്ക് ഒഴുകുന്നത്.

പ്രളയക്കെടുതിയുടെ മുന്നറിയിപ്പ് ലഭിക്കാതിരുന്നതാണു കൊച്ചുകടവും കുഴൂരും ഉള്‍പ്പെട്ട ഈ മേഖല കൂടുതല്‍ ദുരിതത്തിലാവാന്‍ കാരണം. പാതിരാത്രി ആര്‍ത്തലച്ചെത്തിയ മലവെള്ളം അക്ഷരാര്‍ത്ഥത്തില്‍ ഈ ഗ്രാമങ്ങളെ വിഴുങ്ങുകയായിരുന്നു. വെള്ളപ്പൊക്കത്തില്‍ കന്നുകാലികള്‍ ഉള്‍പ്പടെ വിലപ്പെട്ട പലതും നഷ്ടപ്പെട്ട ആളുകള്‍ക്ക്, കയ്യിലുള്ള പ്രാഥമിക രേഖകള്‍ പോലും സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ചാലക്കുടിപ്പുഴ, പെരിയാര്‍, കടല്‍ വേലിയേറ്റം എന്നിങ്ങനെ നാലുപാട് നിന്നും വെള്ളത്തിന്റെ ആക്രമണം നേരിട്ട ഈ മേഖല കടുത്ത വറുതിയിലൂടെയാണു ഇപ്പോള്‍ കടന്ന് പോകുന്നത് .ക്യാമ്പില്‍ കഴിഞ്ഞിരുന്ന പ്രാദേശികപത്രപ്രവര്‍ത്തകനായ സലിം എരവത്തൂരാണു പ്രളയകാലത്ത് താല്‍ക്കാലിക ഈദ്ഗാഹായി മാറിയ അമ്പലഹാളിന്റെ ആദ്യഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പ്രളയകാലത്തെ വലിയ പെരുന്നാളിന് ഈദ് ഗാഹായി മാറിയ എരവത്തൂർ പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഹാൾ . മതമൈത്രിയുടെ വലിയ സന്ദേശത്തിന് അവസരമൊരുക്കിയ സാബു പി.കെ സംസാരിക്കുന്നുRead More >>