ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഇന്ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പി.എസ്.ജിയെയും എ.എസ് റോമ എഫ്.സി പോര്‍ട്ടോയെയും നേരിടും

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

മാഞ്ചസ്റ്റര്‍: ക്ലബ്ബ് ഫുട്ബോളിന്റെ പോരാട്ടവീര്യത്തിന് താല്‍ക്കാലിക വിരാമമിട്ട് കാല്‍പ്പന്ത് ലോകം ഇനി ചാമ്പ്യന്‍സ് ലീഗിലേക്ക്. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റ ഇന്ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പി.എസ്.ജിയെയും എ.എസ് റോമ എഫ്.സി പോര്‍ട്ടോയെയും നേരിടും.

കരുത്തോടെ യുണൈറ്റഡ്

സര്‍വശക്തരായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫ്രഞ്ച് വമ്പന്മാര്‍ക്കെതിരേ മത്സരത്തിനിറങ്ങുന്നത്. ആദ്യ പാദ മത്സരം യുണൈറ്റഡിന്റെ തട്ടകത്തിലായതിനാല്‍ത്തന്നെ മാനസിക പിന്തുണയും ആതിഥേയര്‍ക്ക് തന്നെ. ഒലെ ഗുണ്ണര്‍ സോള്‍ഷെയറിന് കീഴില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് യുണൈറ്റഡ് കാഴ്ചവയ്ക്കുന്നത്. അദ്ദേഹത്തിനു കീഴില്‍ കളിച്ച 11 മത്സരത്തില്‍ പത്തിലും ടീമിന് ജയിക്കാനായി. ജോസ് മൗറീഞ്ഞോയുമായി ഉടക്കിലായിരുന്ന താരങ്ങള്‍ സോള്‍ഷെയറിന് കീഴില്‍ ഒരുമയോടെ കളിക്കുന്നതാണ് ടീമിന്റെ കരുത്ത്.

ടീമിലെ പ്രമുഖ താരങ്ങളെല്ലാം ഫോമിലാണെന്നത് യുണൈറ്റഡിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നു. ഗ്രൂപ്പ് എച്ചില്‍ കളിച്ച യുണൈറ്റഡ് യുവന്റസിന് താഴെ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങള്‍ ജയിക്കുകയും രണ്ട് മത്സരം തോല്‍ക്കുകയും ചെയ്ത യുണൈറ്റഡ് ഒരു മത്സരത്തില്‍ സമനില വഴങ്ങുകയും ചെയ്തു.

മുന്നേറ്റത്തില്‍ അന്തോണി മാര്‍ഷ്യല്‍, റോമലു ലുക്കാക്കു, ജുവാന്‍ മാറ്റ, മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവരാണ് സോള്‍ഷെയറുടെ വിശ്വസ്തര്‍. പി.എസ്.ജി ശക്തരായ എതിരാളികളായതിനാല്‍ത്തന്നെ റാഷ്ഫോര്‍ഡിന് ആദ്യ ഇലവനില്‍ ഇടം ലഭിച്ചേക്കും. മദ്ധ്യനിര പോള്‍ പോഗ്ബയുടെ കൈയില്‍ ഭദ്രം. നിമഞ്ച മാറ്റിക്ക്, ജെസ്സെ ലിങ്കാര്‍ഡ് എന്നിവരും മദ്ധ്യത്തില്‍ കരുത്തേകും. അവസാന 10 മത്സരത്തിലും ചുവന്ന ചെകുത്താന്‍മാര്‍ തോല്‍വി അറിഞ്ഞിട്ടില്ല.

പരിക്കില്‍ വലഞ്ഞ് പി.എസ്.ജി

സൂപ്പര്‍ മത്സരത്തില്‍ രണ്ട് പ്രമുഖ കളിക്കാരില്ലാതെയാണ് പി.എസ്.ജിയുടെ വരവ്. പരിക്കിനെത്തുടര്‍ന്ന് നെയ്മറും എഡിന്‍സണ്‍ കവാനിയും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ടീമെന്ന നിലയില്‍ പി.എസ്.ജി കരുത്തരാണെങ്കിലും നിലവിലെ ഫോമില്‍ യുണൈറ്റഡിനെ വീഴ്ത്തുക പ്രയാസകരമാണ്. തോമസ് മെനിറും ഇന്ന് പിഎസ്.ജി നിരയിലുണ്ടാവില്ല. എന്നാല്‍ പരിക്ക് മാറി വെറാട്ടി ടീമില്‍ മടങ്ങിയെത്തിയത് പി.എസ്.ജിക്ക് ആശ്വാസമാകും.

കെയ്ലിയന്‍ എംബാപ്പെയിലാണ് പ്രതീക്ഷ. മ്യൂണിയര്‍, തിയാഗോ സില്‍വ, ഏഞ്ചല്‍ ഡി മരിയ എന്നിവരും ടീമിന് കരുത്തേകും. അവസാനം കളിച്ച് അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച പി.എസ്.ജി ഒരു മത്സരത്തില്‍ തോറ്റു. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായാണ് പി.എസ്.ജി പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും രണ്ട് സമനിലയുമായിരുന്നു അവരുടെ നേട്ടം. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത് 2015ലാണ്. അന്ന് എതിരില്ലാത്ത രണ്ട് ഗോളിന് ജയം പി.എസ്.ജിക്കായിരുന്നു.

റോമ പോര്‍ട്ടോയ്ക്കെതിരേ

ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ് റോമയുടെ എതിരാളി പോര്‍ച്ചുഗീസ് വമ്പന്മാരായ എഫ്.സി പോര്‍ട്ടോയാണ്. ഗ്രൂപ്പ് ഡിയില്‍ ആറ് മത്സരത്തില്‍ അഞ്ച് ജയവും ഒരു സമനിലയുമടക്കം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോര്‍ട്ടോ അവസാന 16ല്‍ കടന്നത്. അതേ സമയം റയല്‍ മാഡ്രിഡ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ജിയില്‍ രണ്ടാം സ്ഥാനക്കാരാണ് റോമ പ്രീക്വാര്‍ട്ടറില്‍ കടന്നത്. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 3-0ന് ജയം പോര്‍ട്ടോയ്ക്കായിരുന്നു.

Read More >>