കളി കൈവിട്ട് ഇന്ത്യന്‍ പെണ്‍പട

രണ്ടാം ട്വന്റി 20യില്‍ ന്യൂസിലാന്‍ഡിനോടു പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായി

കളി കൈവിട്ട് ഇന്ത്യന്‍ പെണ്‍പട

ഓക്ലാന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര കൈവിട്ട് ഇന്ത്യന്‍ വനിതകള്‍. രണ്ടാം ട്വന്റി 20യില്‍ നാലു വിക്കറ്റിനാണ് ആതിഥേയരായ കിവീസിന് മുന്നില്‍ ഇന്ത്യ മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കിവീസ് അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. അര്‍ദ്ധ സെഞ്ച്വറി നേടിയ സൂസി ബേയ്റ്റ്സിന്റെ (62) ബാറ്റിങ്ങാണ് ആതിഥേയരെ തുണച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി.

ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കം സ്വന്തമാക്കാന്‍ ഇന്ത്യക്കായില്ല. 10 പന്തില്‍ നാല് റണ്‍സെടുത്ത പ്രിയ പുനിയ പെട്ടെന്ന് മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ സ്മൃതി മന്ദാന (36), ജമീമ റോഡ്രിഗസ് (72) ഇന്ത്യക്ക് കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 27 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഒരു സിക്സും പറത്തിയ മന്ദാന മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 9.4 ഓവറില്‍ രണ്ട് വിക്കറ്റിന് 71 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. പക്ഷേ ആദ്യ മത്സരത്തിലെ അവസ്ഥ രണ്ടാം മത്സത്തിലും മദ്ധ്യനിര ആവര്‍ത്തിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറടക്കം (5) നിരാശപ്പെടുത്തി. ഒരുവശത്ത് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ജമീമയാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ആറ് ഫോറും ഒരു സിക്സുമാണ് ജമീമയുടെ ബാറ്റില്‍നിന്ന് പിറന്നത്. കിവീസിന് വേണ്ടി റോസ്മേരി മെയിര്‍ രണ്ട് വിക്കറ്റും സോഫി ഡിവൈന്‍, അമീലിയ കെര്‍, ലെയ് കാസ്പെര്‍ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിനുവേണ്ടി ക്യാപ്റ്റന്‍ സാറ്റര്‍വെയ്റ്റ് (23), സോഫി ഡിവൈന്‍ (19) എന്നിവരും തിളങ്ങി. ഇന്ത്യക്കുവേണ്ടി രാധാ യാദവ്, അരുദ്ധതി റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പൂനം യാദവ്, മന്‍സി ജോഷി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബേയ്റ്റ്സാണ് കളിയിലെ താരം.

Read More >>