സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്ത് തിരിച്ചെത്തി

ഇന്നലെ രാത്രിയിലാണ് എല്ലാവരെയും ഞെട്ടിച്ച് സിദാന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്

സിനദിൻ സിദാൻ റയൽ മാഡ്രിഡ്  പരിശീലകസ്ഥാനത്ത് തിരിച്ചെത്തി

മാഡ്രിഡ്: മുങ്ങിത്താഴുന്ന റയൽ കപ്പലിനെ നേർവഴിക്ക് നയിക്കാൻ വീണ്ടും പഴയ കപ്പിത്താൻ സിദാൻ. ഇന്നലെ രാത്രിയിലാണ് എല്ലാവരെയും ഞെട്ടിച്ച് സിദാന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. റയലിനെ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച സിദാന് ആ മാജിക്ക് ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ് പ്രസിഡന്റ് പെരേസ്. എന്നാൽ ക്രിസ്റ്റിയാനോ റൊണാൾഡോയില്ലാത്ത റയൽ മാഡ്രിഡിനെ പഴയ പ്രതാപത്തിലേക്കുയർത്തുക സിദാന് അത്ര എളുപ്പമാവില്ല.

തിരിച്ചുവരവ്

അവസാന സീസണിൽ സിദാൻ പരിശീലകസ്ഥാനം ഒഴിഞ്ഞതും എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. യൂറോപ്പിൽ ഹാട്രിക്ക് കിരീടം നേടി ജ്വലിച്ച് നിൽക്കവെയാണ് സിദാൻ ക്ലബ്ബിനോട് വിടപറഞ്ഞത്. റയൽ പ്രസിഡന്റ് പെരേസിനോടുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നായിരുന്നു സിദാന്റെ പടിയിറക്കം. 284 ദിവസങ്ങൾക്ക് ശേഷം ആരാധകരെ വീണ്ടും ഞെട്ടിച്ച് സിദാൻ തിരിച്ചെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ യുവന്റസിലേക്കോ സിദാൻ ചേക്കേറുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ഇന്നലെ ഇന്ത്യൻ സമയം അർദ്ധരാത്രിയിലാണ് റയൽ പ്രസിഡന്റ് പേരേസിനൊപ്പം സിദാൻ മാദ്ധ്യമപ്രവർത്തരെ കണ്ടത്. 2022 വരെയാണ് സിദാന്റെ കരാർ.

എന്തിന് ക്ലബ്ബ് വിട്ടു?

ഒരു ക്ലബ്ബിന് നേടിക്കൊടുക്കാവുന്നതെല്ലാം നേടിക്കൊടുത്തതിന് ശേഷം അവർക്കൊരു മാറ്റം വേണമെന്ന് തോന്നി. അതിനു വേണ്ടിയാണ് ക്ലബ്ബ് വിട്ടത്. പ്രസിഡന്റ് തിരിച്ചുവിളിച്ചതിനാൽ സന്തോഷത്തോടെ തിരിച്ചെത്തി. വലിയ ഉത്തരവാദിത്തമാണുള്ളത്. ചാമ്പ്യൻസ് ലീഗിലെ പ്രതീക്ഷകൾ അവസാനിച്ചു. ഇനിയുള്ളത് ലാ ലിഗയാണ്. അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. നിലവിലെ അവസ്ഥക്ക് എന്താണ് കാരണമെന്ന് അറിയില്ല. ക്ലബ്ബിന്റെ തിരിച്ചുവരവിന് ചെയ്യേണ്ടതെല്ലാം ചെയ്യും. ഒരുപാട് കാര്യങ്ങൾ മാറ്റേണ്ടതുണ്ട്. അതിനുവേണ്ടി ആസൂത്രണം ചെയ്യുകയാണ് ആദ്യപടി.

റൊണാൾഡോയുടെ അഭാവം?

ക്രിസ്റ്റ്യാനോ റൊണാൾഡോ മഹാനായ ഫുട്‌ബോൾ കളിക്കാരൻ ആണെന്നതിൽ സംശയമില്ല. അദ്ദേഹം ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 11 മത്സരങ്ങൾ ലാ ലിഗയിൽ അവശേഷിക്കുന്നു. ഈ മത്സരങ്ങൾ ജയിക്കുക മാത്രമാണ് ലക്ഷ്യം. മറ്റുള്ള വിവാദങ്ങളൊന്നും ബാധിക്കില്ല. കഴിഞ്ഞ സീസണിലെ അതേ സഹപ്രവർത്തകർ ഇപ്പോഴും ക്ലബ്ബിനൊപ്പമുള്ളത് ജോലി എളുപ്പമാക്കുന്നു.

കളിക്കാർക്കിടയിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. അതിനെക്കുറിച്ച് പഠിക്കണം. എപ്പോഴും ജയിക്കാനാവില്ല. തോൽവികളിൽ നിന്ന് പാഠം പഠിക്കണം. ക്ലബ്ബിനോട് വിടപറഞ്ഞപ്പോൾ നിരവധിപേർ മോശമായി പെരുമാറി. എന്നാൽ നിരാശയോടെ സ്നേഹത്തോടെ പെരുമാറിയവരുമുണ്ട്. എല്ലാത്തിനെയും പോസിറ്റീവായി കാണാനാണ് എനിക്കിഷ്ടം. ഒഴിവുകാലം നന്നായി ആസ്വദിച്ചു. ഇപ്പോഴുള്ള വെല്ലുവിളി ഞാൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് തിരിച്ചെത്തിയത്.

പെരേസും ഹാപ്പി

സിദാന്റ മടങ്ങിവരവിൽ റയൽ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസും സന്തോഷവാനാണ്. ''വളരെ നിർഭാഗ്യകരമായ സന്ദർഭത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സീസണിൽ ഉദ്ദേശിച്ച വിജയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കളിക്കാർക്കിടയിലെ മാനസികൈക്യം നഷ്ടപ്പെട്ടു. പരിശീലകൻ സാന്റിയാഗോ സൊളാരിക്ക് നന്ദി പറയുന്നു. ക്ലബ്ബിന്റെ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ അവിസ്മരണീയമാണ്. സിദാനൊപ്പം മറ്റൊരു സുവർണ്ണകാലഘട്ടം തീർക്കുകയാണ് റയലിന്റെ ലക്ഷ്യം. സിദാൻ ലോകത്തിലെ മികച്ച പരിശീലകനാണെന്ന് എല്ലാവർക്കും അറിയാം- പെരേസ് പറഞ്ഞു.

എംബാപ്പെയും നെയ്മറും ലക്ഷ്യം

ഈ സീസണിന്റെ അവസാനത്തോടെ ബെയ്‌ലിനെ പുറത്താക്കുമെന്നാണ് റിപ്പോർട്ട്. റൊണാൾഡോയ്ക്ക് പകരക്കാരനായി നെയ്മറെ ടീമിലെത്തിക്കാനും പദ്ധതിയിടുന്നു. കെയ്‌ലിയൻ എംബാപ്പയും പട്ടികയിലുണ്ടെങ്കിലും പി.എസ്.ജി സമ്മതിക്കാനിടയില്ല. ചെൽസിയിൽ നിന്ന് ഏദൻ ഹസാർഡിനെയും ടീമിലെത്തിച്ചാൽ നിലവിലെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാവുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.