ആരാകും, മെസ്സി ക്രിസ്റ്റിയാനോയെ മറികടക്കുമോ? ബാലന്‍ ഡി ഓര്‍ പ്രഖ്യാപനം ഇന്ന്

മെസ്സി, വാന്‍ഡിജിക് എന്നിവരില്‍ ഒരാള്‍ക്കാണ് സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്.

ആരാകും, മെസ്സി ക്രിസ്റ്റിയാനോയെ മറികടക്കുമോ? ബാലന്‍ ഡി ഓര്‍ പ്രഖ്യാപനം ഇന്ന്

മെസ്സിയോ വാന്‍ ഡിജികോ? 2019 ലെ ലോകഫുട്‌ബോളര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഫ്രാന്‍സിലെ തിയേറ്റര്‍ ഡു ഷാറ്റ്‌ലറ്റില്‍ ഇന്ത്യന്‍ സമയം അര്‍ദ്ധ രാത്രി ഒരുമണിക്കാണ് ചടങ്ങുകള്‍. കിസ്റ്റ്യാനോ റൊണാള്‍ഡോ ബര്‍ണാഡോ സില്‍വ, റോബര്‍ട്ടോ ഫിര്‍മിനോ, ആലിസണ്‍, കരിം ബന്‍സേമ, സര്‍ജിയോ അഗ്യൂറോ, കെയ്‌ലിയന്‍ എംബാപ്പെ, ഡോണി വാന്‍ ഡി ബീക്, സാദിയോ മാനെ, മുഹമ്മദ സലാ, ഏഡന്‍ ഹസാര്‍ഡ് തുടങ്ങിയ 30 വമ്പന്മാര്‍ പട്ടികയിലുണ്ടെങ്കിലും മെസ്സി, വാന്‍ഡിജിക് എന്നിവരില്‍ ഒരാള്‍ക്കാണ് സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്. വനിതാ താരങ്ങളില്‍ മേഗന്‍ റോപിനോയ്ക്കാണ് സാദ്ധ്യതയുള്ളത്.

അഞ്ചു തവണ ലോകഫുട്‌ബോളര്‍ പട്ടം നേടിയ താരമാണ് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം മെസ്സി. ചോര്‍ന്നുകിട്ടിയെന്ന് അവകാശപ്പെട്ട് ഇറ്റലിയിലെ മീഡിയ ലിസ്റ്റ് ഇറ്റാലിയ പുറത്തുവിട്ട ചിത്രം മെസ്സിയുടേതാണ്. 446 പോയിന്റാണ് മെസ്സിക്കുള്ളത്.

രണ്ടാം സ്ഥാനത്ത് വരുമെന്ന് പ്രവചിക്കപ്പെടുന്ന വാന്‍ ഡിജികിന് 382 ആണ് ഉള്ളത്. മുഹമ്മദ് സലായാണ് മൂന്നാമത്തേത്, 179 പോയിന്റ്. യുവന്റസിന്റെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണോള്‍ഡോ 133 പോയിന്റുമായി നാലാമതാണ്. ലിവര്‍പൂളിന്റെ സാദിയോ മാനെ, ആലിസണ്‍ ബെക്കര്‍ എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളുണ്ട്. കെയ്‌ലിയന്‍ എംബാപ്പെ ആണ് ഏഴാം സ്ഥാനത്ത്. ഡെ ജോങ് എട്ടും ഡെ ലിറ്റ് ഒമ്പതും സ്ഥാനത്ത്. റിയല്‍ മാഡ്രിഡിന്റെ ഏഡന്‍ ഹസാര്‍ഡ് ആണ് പത്താം സ്ഥാനത്ത്- മീഡിയ ഇറ്റാലിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര ടൈറ്റിലുകള്‍ ഒന്നും നേടിയില്ലെങ്കില്‍ ബാഴ്‌സയ്ക്കായി ലാലീഗയില്‍ കഴിഞ്ഞ സീസണില്‍ 36 ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയത്. ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാണ് നിങ്ങള്‍ ബാലന്‍ ഡി ഓര്‍ നല്‍കുന്നത് എങ്കില്‍ അത് എല്ലായ്‌പ്പോഴും മെസ്സിക്കു തന്നെ നല്‍കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ കളിക്കാരനാണ് പുരസ്‌കാരം നല്‍കുന്നത് എങ്കില്‍ അത് വാന്‍ ഡിജികിന് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

>മെസ്സി ക്രിസ്റ്റിയാനോയെ മറികടക്കുമോ?

പത്തു വര്‍ഷത്തെ ക്രിസ്റ്റ്യാനോ-മെസ്സി ആധിപത്യം തകര്‍ത്ത് കഴിഞ്ഞ തവണ ലൂക്ക മോഡ്രിച്ചാണ് ബാലന്‍ ഡി ഓര്‍ നേടിയിരുന്നത്. 2017,16 വര്‍ഷങ്ങളില്‍ ക്രിസ്റ്റിയാനോ ആയിരുന്നു. 2015ല്‍ മെസ്സി നേടിയപ്പോള്‍ 13ലും 14ലും ക്രിസ്റ്റിയാനോ ആയിരുന്നു. 2009 മുതല്‍ 12 വരെ തുടര്‍ച്ചയായ നാലു തവണ മെസ്സി. 2008ല്‍ ക്രിസ്റ്റിയാനോയും.

ഇരുവരും അഞ്ചു തവണയാണ് പുരസ്‌കാരം നേടിയിട്ടുള്ളത്. ഇത്തവണ മെസ്സിക്ക് ബാലന്‍ ഡി ഓര്‍ കിട്ടിയാല്‍ അദ്ദേഹത്തിന് ആറു പുരസ്‌കാരങ്ങളാകും. ക്രിസ്റ്റ്യാനോയേക്കാള്‍ ഒ്ന്നു മുമ്പില്‍.

Read More >>