അപരാജിതരായി കാലിക്കറ്റ്

കളിച്ച അഞ്ചു കളിയും ജയിച്ചു കയറി കാലിക്കറ്റ് ഹീറോസ്‌

അപരാജിതരായി കാലിക്കറ്റ്

കൊച്ചി: പ്രൊ വോളി ചാമ്പ്യന്‍ഷിപ്പില്‍ പരാജയമറിയാതെ കാലിക്കറ്റ് ഹീറോസ് ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ 4-1 ന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഹീറോസ് സര്‍വ്വാദിപത്യം പുലര്‍ത്തിയത്. സ്‌കോര്‍:15-14, 11-15, 15-11, 15-9, 15-8.

ആദ്യ സെറ്റില്‍ മികച്ച പ്രകടനം ഇരുടീമുകളും പുറത്തെടുത്തു. ഒന്നാം സെറ്റ് വിയര്‍പ്പൊഴുക്കി കാലിക്കറ്റ് നേടിയപ്പോള്‍ രണ്ടാം സെറ്റ് പിടിച്ച് അഹമ്മദാബാദ് തിരിച്ചടിച്ചു. എന്നാല്‍ പിന്നീടുള്ള സെറ്റുകളില്‍ ടീം പൂര്‍ണ്ണമായും നിറം മങ്ങി. അവസാന രണ്ടു സെറ്റുകളില്‍ കാലിക്കറ്റിന്റെ പ്രഭാവത്തിനു മുന്നില്‍ ഡിഫന്റേഴ്‌സിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മത്സരത്തിലുടനീളം മികച്ച കളി പുറത്തെടുത്ത പോള്‍ലോട്ടമാനാണ് കളിയിലെ താരം.

കളിച്ച അഞ്ചു കളിയിലും ജയിച്ച കാലിക്കറ്റാണ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്.

എതിരാളികളെ പോലും അത്ഭുതപ്പെടുത്തുന്ന ഒത്തൊരുമാണ് കാലിക്കറ്റിന്റെ കരുത്ത്. അമേരിക്കന്‍ ഒളിമ്പ്യന്‍ പോള്‍ ലോട്ട്മാന്‍, കോംഗോ താരം ഇലൗനി, ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ആര്‍. കാര്‍ത്തിക്ക്, അജിത്ത് ലാല്‍, ജെറോം വിനീത് എന്നിവര്‍ ഒത്തിണക്കത്തോടെ പന്തുതട്ടിമ്പോള്‍ വിജയവഴി എന്നും കാലിക്കറ്റിനോടൊപ്പം നിന്നു.

ചെന്നൈ സ്പാര്‍ട്ടന്‍സിനെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് വിജയവഴി തുറന്നത്. യു മുബൈയെ പരാജയപ്പെടുത്തിയശേഷം ലീഗിലെ തന്നെ മികച്ച ടീമുകളിലൊന്നായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ എതിരില്ലാത്ത അഞ്ചുസെറ്റിന് വൈറ്റ് വാഷ് ചെയ്തുകൊണ്ട് കാലിക്കറ്റ് ശക്തിതെളിയിച്ചു.


53 സ്പൈക് പോയിന്റുമായി അജിത്ലാലും 14 സെര്‍വ് പോയിന്റുമായി കാര്‍ത്തിക്കും പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. സീനിയര്‍ കളിക്കാരന്‍ സി.കെ രതീഷിന്റെ സാന്നിദ്ധ്യവും ടീമിന്റെ കരുത്താണ്. സൂപ്പര്‍ സെര്‍വിലും കാലിക്കറ്റ് തന്നെയാണ് മുന്നില്‍. നാലു സൂപ്പര്‍ സെര്‍വുകളാണ് കാലിക്കറ്റിനായി കാര്‍ത്തിക് നേടിയത്. ലോട്മാനും ഇല്ലൂനിയും അവസരത്തിനൊത്ത് കളിക്കുന്നവരുമാണ്. ടീമെന്ന നിലയില്‍ ഫുള്‍ മാര്‍ക്കാണ് കാലിക്കറ്റിന്.

Read More >>