പണം വരണമെങ്കില്‍ ക്രിസ്റ്റ്യാനോ വേണം- താരത്തെ സ്‌പെയിനിലേക്ക് ക്ഷണിച്ച് ലാ ലീഗ പ്രസിഡണ്ട്

കഴിഞ്ഞ സീസണിലാണ് നാലു വര്‍ഷത്തെ കരാറില്‍ ഇറ്റാലിയന്‍ ലീഗിലെ മുന്‍ നിര ക്ലബായ യുവന്റസിലേക്ക് കൂടുമാറിയത്.

പണം വരണമെങ്കില്‍ ക്രിസ്റ്റ്യാനോ വേണം- താരത്തെ സ്‌പെയിനിലേക്ക് ക്ഷണിച്ച് ലാ ലീഗ പ്രസിഡണ്ട്

മിലാന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തെ സ്‌പെയിനിലേക്ക് ക്ഷണിച്ച് ലാലീഗ പ്രസിഡണ്ട്. കാരണം ഒന്നേയുള്ളൂ. ക്രിസ്റ്റ്യാനോ പോയ ശേഷം ലാ ലീഗയുടെ മൂല്യമിടിഞ്ഞെന്നാണ് പ്രസിഡണ്ട് ജാവിയര്‍ തെബസ് പറയുന്നത്. ക്രിസ്റ്റ്യാനോയുടെയും സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോയുടെയും വരവ് ലാ ലീഗയെ വാണിജ്യപരമായി വിജയിപ്പിക്കും എന്ന് തെബസ് പറയുന്നു. സ്പാനിഷ് ചാനലായ കനാല്‍ 11ന് നല്‍കിയ അഭിമുഖത്തിലാണ് ലാ ലീഗ പ്രസിഡണ്ടിന്റെ തുറന്നു പറച്ചില്‍.

2009 മുതല്‍ ലാലീഗയില്‍ ഉണ്ടായിരുന്ന താരം കഴിഞ്ഞ സീസണിലാണ് നാലു വര്‍ഷത്തെ കരാറില്‍ ഇറ്റാലിയന്‍ ലീഗിലെ മുന്‍ നിര ക്ലബായ യുവന്റസിലേക്ക് കൂടുമാറിയത്. സ്‌പെയിനില്‍ മികച്ച റെക്കോര്‍ഡുള്ള റൊണാള്‍ഡോ റയലിന് വേണ്ടി നാലു തവണ ചാമ്പ്യന്‍സ് ലീഗും രണ്ടു വീതം തവണ ലാ ലീഗയും കോപ ഡെല്‍ റേയും നേടിയിട്ടുണ്ട്.

ബാഴ്‌സയിലെ പെപ് ഗ്വാര്‍ഡിയോളുടെ മേധാവിത്വം അവസാനിപ്പിച്ച കോച്ചാണ് മൊറീഞ്ഞോ. 2012ലാണ് റയലിനായി മോറീഞ്ഞോ കിരീടം നേടിയിരുന്നത്. തൊട്ടടുത്ത വര്‍ഷം ക്ലബ് വിട്ടു.

മൊറീഞ്ഞോ മഹാനായ കോച്ചും ലാലീഗയെ പ്രമോട്ട് ചെയ്യാന്‍ പറ്റുന്ന പ്രധാന പേരുമാണെന്ന് തെബസ് പറഞ്ഞു.

റൊണാള്‍ഡോ യുവന്റസിലേക്ക് പോയത് തന്നില്‍ നിരാശയുണ്ടാക്കിയെന്ന് പറഞ്ഞ തെബസ്, റയലിനായി റൊണോള്‍ഡോയും ബാഴ്‌സക്കായി മെസ്സിയും നടത്തിയ വ്യക്തിപരമായ പോരാട്ടങ്ങള്‍ ആരാധകരെ ആകര്‍ഷിച്ചിരുന്നതായും കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ പോക്ക് ലീഗിനെ ബാധിച്ചിട്ടുണ്ട്. റൊണാള്‍ഡോ ഉള്ള സ്പാനിഷ് ലീഗാണ് തനിക്കിഷ്ടം- അദ്ദേഹം വ്യക്തമാക്കി.

Read More >>