കളിമതിയാക്കി ഉറുഗ്വേ ഇതിഹാസം; ഡീഗോ ഫോര്‍ലാന്‍ ബൂട്ടഴിച്ചു

'ഇത് എളുപ്പമല്ല, ഈ സമയം വരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല, എന്നാലെനിക്ക് അറിയാമായിരുന്നു ഈ സമയം വരുമെന്ന്'. വിരമിക്കല്‍ പ്രഖ്യാപിച്ച് ഫോര്‍ലാന്‍ പറഞ്ഞു.

കളിമതിയാക്കി ഉറുഗ്വേ ഇതിഹാസം; ഡീഗോ ഫോര്‍ലാന്‍ ബൂട്ടഴിച്ചു

ഉറുഗ്വേയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ഡീഗോ ഫോര്‍ലാന്‍ കളിമതിയാക്കുന്നു. പ്രൊഫഷണല്‍ ഫുട്‌ബോള്‍ മതിയാക്കുകയാണെന്ന് താരം വ്യക്തമാക്കി. 'ഇത് എളുപ്പമല്ല, ഈ സമയം വരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല, എന്നാലെനിക്ക് അറിയാമായിരുന്നു ഈ സമയം വരുമെന്ന്'. വിരമിക്കല്‍ പ്രഖ്യാപിച്ച് ഫോര്‍ലാന്‍ പറഞ്ഞു.

അത്‌ലറ്റിക്കോ മാൻട്രി‍ഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വില്ലാറിയല്‍ എന്നീ ക്ലബുകളുടെ മുന്നേറ്റത്തിൽ കുന്തമുനയായിരുന്ന താരം കഴിഞ്ഞ വര്‍ഷം മെയിലാണ് അവസാനമായി പന്ത് തട്ടിയത്. രണ്ട് വട്ടം ഗോള്‍ഡന്‍ ബൂട്ടും, പിച്ചിച്ചി ട്രോഫിയും ഫോര്‍ലാന്റെ കൈകളിലേക്ക് വന്നിട്ടുണ്ട്. 2010 ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടിലേക്ക് പന്തടിച്ചിട്ട ഫോര്‍ലാന്റേതായിരുന്നു ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍.

ഉറുഗ്വേയ്ക്കായി 112 കളികളിലാണ് ഈ 40 കാരൻ പന്തുതട്ടിയത്. 36 ​ഗോളുകളും നേടി. അര്‍ജന്റീനിയന്‍ ക്ലബായ ഇന്‍ഡിപെന്‍ഡിയെന്റെയ്ക്ക് വേണ്ടി ക്ലബ് കരിയര്‍ തുടങ്ങിയ ഫോര്‍ലാന്‍ 2002ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കെത്തി. 2002-2003 സീസണില്‍ യൂനൈറ്റഡിനൊപ്പം പ്രീമിയര്‍ ലീഗ് കിരീടവും, എഫ്എ കപ്പും നേടി. 2004ല്‍ വില്ലാറിയലിലേക്ക്. 240 ലീഗ് മത്സരങ്ങളില്‍ നിന്ന് 128 ഗോളാണ് താരം നേടിയത്.

അത്‌ലറ്റിക്കോ മാഡ്രിഡിനെ 2009-10 സീസണില്‍ യൂറോപ്പ ലീഗ് കിരീടത്തിലേക്കും ഫോര്‍ലാന്‍ എത്തിച്ചു. ഇന്ററിലെ കുറഞ്ഞ കാലത്തിന് ശേഷം, സെറെസോ ഒസാക, പെനറോള്‍, മുംബൈ സിറ്റി എന്നീ ടീമുകള്‍ക്കായും ഫോര്‍ലാന്‍ ബൂട്ടുകെട്ടി. 'കളിക്കളത്തിനകത്തും പുറത്തും നിങ്ങള്‍ പകർന്നു നല്‍കിയ പാഠങ്ങളിലെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കുമെന്ന് അദ്ദേഹത്തിന് ആശംസകളർപ്പിച്ച് ദേശീയ ടീമിലെ സഹകളിക്കാരനും ബാർസലോണ ഫോർവേഡുമായ ലൂയി സുവാരസ് പ്രതികരിച്ചു.

Read More >>