ക്ലാസ് ആകട്ടെ ക്ലാസിക് പോര്

കോപ്പാ ഡെല്‍ റേ സെമിഫൈനലിലെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇന്ന് നേര്‍ക്കുനേര്‍

ക്ലാസ് ആകട്ടെ ക്ലാസിക് പോര്

ബാഴ്സലോണ: ക്ലബ്ബ് ഫുട്ബോളിലെ എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന്. കോപ്പാ ഡെല്‍ റേ സെമിഫൈനലിലെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇന്ന് നേര്‍ക്കുനേര്‍ പോരാടിക്കുമ്പോള്‍ ആവേശം പഴയതുപോലെയില്ലെന്നത് വസ്തുത. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും സിനദിന്‍ സിദാന്റെയും പടിയിറക്കത്തിന് പിന്നാലെ പഴയ പ്രതാപത്തിലേക്ക് ഉയരാന്‍ കഴിയാത്ത റയലിന് മിന്നും ഫോമിലുള്ള ബാഴ്സ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.

മെസ്സി ടീമില്‍

പരിക്കേറ്റ ബാഴ്സ നായകന്‍ ലയണല്‍ മെസ്സി കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇന്നലെ ടീമിനൊപ്പം അദ്ദേഹം പരിശീലനം നടത്തി. മത്സരത്തിനുള്ള സാദ്ധ്യതാ ടീമില്‍ മെസ്സിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലന്‍സിയക്കെതിരായ മത്സരത്തിലേറ്റ പരിക്കാണ് മെസ്സിയുടെ കാര്യം സംശയത്തിലാക്കിയത്. സ്വന്തംതട്ടകത്തില്‍ ബൂട്ടണിയുമ്പോള്‍ ആധിപത്യം ബാഴ്സലോണയ്ക്ക് തന്നെയാണ്. ഉസ്മാന്‍ ഡെംബല്ലെ, ലൂയിസ് സുവാരസ്, ഫിലിപ്പ് കുട്ടീഞ്ഞോ എന്നിവര്‍ക്കൊപ്പം മെസ്സികൂടി കളിച്ചാല്‍ തടുത്തിടാന്‍ റയല്‍ പാടുപെടും. എന്നാല്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളുടെ പ്രകടനം വിലയിരുത്തിയാല്‍ ബാഴ്സ അല്പം പിന്നിലാണ്. മൂന്നു മത്സരത്തില്‍ ജയിച്ചപ്പോള്‍ ഒരു മത്സരത്തില്‍ തോല്‍ക്കുകയും ഒരു മത്സരം സമനില വഴങ്ങുകയും ചെയ്തു. കോപ്പാ ഡെല്‍ റേയിലെ അവസാന മത്സരത്തില്‍ സെവിയ്യയെ 6-1ന് ബാഴ്സ പരാജയപ്പെടുത്തി.

പ്രതീക്ഷയോടെ റയല്‍

അഭിമാനപ്പോരാട്ടത്തില്‍ മികച്ച തയ്യാറെടുപ്പോടെയാണ് റയല്‍ എത്തുന്നത്. അവസാനം കളിച്ച അഞ്ചു മത്സരത്തിലും ജയിച്ച അവര്‍ ബാഴ്സയെ അവരുടെ മടയില്‍ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ്. ഗാരത് ബെയ്ല്‍, കരിം ബെന്‍സേമ, മാഴ്സലോ, സെര്‍ജിയോ റാമോസ് എന്നിവര്‍ കരുത്തുപകരാന്‍ ടീമിലുണ്ടെങ്കിലും ഫോമിലല്ല. യുവതാരം വിനീഷ്യസ് ജൂനിയറിന്റെ പ്രകടനത്തിലും റയല്‍ നിരയ്ക്ക് പ്രതീക്ഷയുണ്ട്. ജിറോണയെ വീഴ്ത്തിയാണ് റയലിന്റെ സെമി പ്രവേശനം.

കളിക്കണക്കുകള്‍

അവസാനമായി ഇരുടീമും പരസ്പരം മത്സരിച്ച അഞ്ച് മത്സരത്തില്‍ രണ്ട് തവണ വീതം ഇരു ടീമും വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയായി. കഴിഞ്ഞ വര്‍ഷം ലാ ലിഗയില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഒന്നിനെതിരേ അഞ്ച് ഗോളിനാണ് റയലിനെ ബാഴ്സ നാണം കെടുത്തിയത്. ഇതുവരെ 238 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 95 തവണ റയലും 93 തവണ ബാഴ്സയും വിജയിച്ചു. വിജയക്കണക്കുകളിലെ റയലിന്റെ ആധിപത്യം അവസാനിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ബാഴ്സയ്ക്ക് മുന്നിലുള്ളത്.

Read More >>