റാഞ്ചിയെടുക്കാന്‍ ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടാൻ ഇന്ത്യ നാളെ റാഞ്ചിയിൽ

റാഞ്ചിയെടുക്കാന്‍ ഇന്ത്യ

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടാൻ ഇന്ത്യ നാളെ റാഞ്ചിയിൽ. അഞ്ച് മത്സരപരമ്പരയിൽ 2-0ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ പരമ്പര സ്വന്തമാക്കാനിറങ്ങുമ്പോൾ ആശ്വാസജയം തേടിയാവും ഓസീസിന്റെ വരവ്.

പ്രതീക്ഷയോടെ ഇന്ത്യ

നാഗ്പൂരിൽ നേടിയ ആവേശജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ വരവ്. തോൽവിമുഖത്തുനിന്ന് ബൗളർമാർ സമ്മാനിച്ച ജയം കരുത്തുപകരുന്നതാണെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം നിരാശസമ്മാനിക്കുന്നു. പ്രധാനമായും ഓപ്പണർമാരുടെ പ്രകടനം. അടുത്തിടയ്‌ക്കൊന്നും തിളങ്ങാൻ കഴിയാത്ത ശിഖർ ധവാന് പകരം കെ.എൽ രാഹുൽ റാഞ്ചിയിൽ കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. രോഹിത് ശർമ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും അവസാന മത്സരത്തിൽ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രകടനമാണ് ഇന്ത്യയുടെ നട്ടെല്ല്. മദ്ധ്യനിരയിൽ അമ്പാട്ടി റായിഡുവിന് രണ്ട് മത്സരത്തിലും തിളങ്ങാനായില്ല. നാഗ്പൂരിൽ ലഭിച്ച ബാറ്റിങ് പ്രമോഷനെ മുതലെടുക്കാൻ വിജയ് ശങ്കറിന് സാധിച്ചെങ്കിലും അത് ധോണിയുടെയും കേദാർ ജാദവിന്റെയും പ്രകടനത്തെ ബാധിച്ചു. ഫിനിഷറെന്ന നിലയിലേക്ക് ധോണിയുടെ ബാറ്റിങ് ഓഡറിൽ വരുത്തിയ മാറ്റം ടീമിന് തിരിച്ചടിയായി.

പ്രതീക്ഷയോടെ ഓസീസ്

അവസാന മത്സരത്തിൽ പൊരുതിത്തോറ്റെങ്കിലും ഓസീസിന് പ്രതീക്ഷിക്കാനേറെയുണ്ട്. പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ കൂട്ടത്തകർച്ചയിലേക്ക് തള്ളിയിടാൻ ഓസീസ് ബൗളർമാർക്ക് സാധിച്ചത് സന്ദർശകരുടെ ആത്മവിശ്വാസം ഉയർത്തും.

പാറ്റ് കുമ്മിൻസ്, നദാർ കോൾട്ടർ നെയ്ൽ ഫാസ്റ്റ് ബൗളിങ്ങിനൊപ്പം മദ്ധ്യഓവറുകളിൽ ആദം സാംബയുടെ സ്പിൻ ബൗളിങും ഫലം ചെയ്യുന്നു. ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പാർ ടൈം സ്പിന്നും ടീമിന് ഗുണം ചെയ്യും.

ധോണിയുടെ റാഞ്ചി

ധോണിയുടെ നാടായ റാഞ്ചി ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരം. ഈയടുത്ത് ഇവിടുത്തെ നോർത്ത് ബ്ലോക്ക് പവലിയൻ ധോണിയുടെ പേരിലാക്കിയിരുന്നു. ഇതിന്റെ ഉദ്ഘാടനം മൂന്നാം ഏകദിനത്തിന് മുമ്പ് നടത്താനാണ് പദ്ധതിയിട്ടുന്നത്. ഉദ്ഘാടനത്തിനായി ധോണിയെ സമീപിച്ചെങ്കിലും സ്വന്തം പവലിയൻ ഉദ്ഘാടനം ചെയ്യാൻ ധോണി വിസമ്മതിച്ചതായാണ് റിപ്പോർട്ട്.

Read More >>