ജയിച്ചാല്‍ പരമ്പര

ഇന്ത്യ - ഓസ്‌ട്രേലിയ അഞ്ചാം ഏകദിനം നാളെ ന്യൂഡൽഹിയിൽ

ജയിച്ചാല്‍ പരമ്പര

ന്യൂഡൽഹി: നിർണ്ണായകമായ അഞ്ചാം ഏകദിനത്തിന് ന്യൂഡൽഹിയിലെ ഫിറോസ്ഷാ കോട്‌ലാ സ്‌റ്റേഡിയം വേദിയാവും. ഇരു ടീമും 2-2 തുല്യത പുലർത്തുന്നതിനാൽ ഇന്നു ജയിക്കുന്നവർക്കാവും പരമ്പര.

കൈവിടാതിരിക്കാൻ ഇന്ത്യ

ഓസ്‌ട്രേലിയയിൽ ചെന്ന് അവരെ മുട്ടുകുത്തിച്ചതിന്റെ ഹുങ്കിൽ നാട്ടിലെത്തിയ ഇന്ത്യക്ക് ട്വന്റി20യിലൂടെ ഓസീസ് ആദ്യ പ്രഹരം നൽകി. ഇനി ഏകദിന പരമ്പരകൂടി ഇന്ത്യൻ മണ്ണിൽ നേടിയാൽ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് അത് ക്ഷീണമാവുമെന്നുറപ്പ്. മികച്ച ബാറ്റിങും ബൗളിങുമുണ്ടെങ്കിലും ടീമിലെ അഴിച്ചുപണികളും ഫീൽഡിങ്ങിലെ പിഴവും ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നു.

ബാറ്റിങ് നിര ഫോമിലേക്കുയർന്നത് ഇന്ത്യക്ക് ആശ്വാസമാണ്. ഇടവേളയ്ക്ക് ശേഷം രോഹിത് ശർമ- ശിഖർ ധവാൻ കൂട്ടുകെട്ട് താളം കണ്ടെത്തി. മൊഹാലിയിൽ ഇന്ത്യയെ 358 എന്ന കൂറ്റൻ സ്‌കോറിലേക്കെത്തിച്ചത് ഇരുവരുടെയും ബാറ്റിങ് കരുത്താണ്. 17 ഇന്നിങ്‌സിന് ശേഷം സെഞ്ച്വറി കണ്ടെത്തിയ ധവാനും പഴയ പ്രതാപം തിരിച്ചുപിടിച്ചു. എന്നാൽ കെ.എൽ രാഹുൽ ടീമിലേക്ക് മടങ്ങിയെത്തിയതോടെ ബാറ്റിങ് ഓഡറിൽ പിഴച്ചു. രാഹുലിനുവേണ്ടി കോലി മൂന്നാം നമ്പർ വിട്ടുകൊടുത്താൽ അത് ബാറ്റിങ്ങിനെ ബാധിക്കുമെന്ന് കഴിഞ്ഞ മത്സരത്തിലൂടെ വ്യക്തമായി.

മദ്ധ്യനിരയിൽ ആർക്കും സ്ഥിരത കണ്ടെത്താൻ സാധിക്കുന്നില്ല. നാലാം നമ്പറിൽ ആരെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. മോശം ഫോമിലുള്ള അമ്പാട്ടി റായിഡുവിനെ തഴഞ്ഞതോടെ ലോകകപ്പിലും ഈ സ്ഥാനത്തിനായി പോര് മുറുകും. ദിനേഷ് കാർത്തികും അജിൻക്യ രഹാനെയും ഈ സ്ഥാനം കാത്ത് പുറത്തുണ്ട്.

കരുത്തോടെ കംഗാരുപ്പട

ആദ്യത്തെ രണ്ട് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ അനായാസം പരമ്പര സ്വന്തമാക്കുമെന്നു കരുതിയപ്പോഴാണ് ഓസ്‌ട്രേലിയയുടെ ഉയിർത്തെഴുന്നേൽപ്പ്. മൂന്നും നാലും മത്സരങ്ങളിൽ ജയം നേടിയ സന്ദർശകർ ഇന്ത്യക്ക് ഭീഷണി ഉയർത്തുമെന്നുറപ്പ്. ബാറ്റിങ് നിര ഫോം കണ്ടെത്തിയതാണ് ടീമിന്റെ കരുത്ത്.

ഓപ്പണിങ്ങിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് സ്ഥിരത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഉസ്മാൻ ഖവാജയുടെ പ്രകടനം ജയത്തിന് അടിത്തറ പാകുന്നു. യുവതാരം പീറ്റൻ ഹാൻഡ്‌സ്‌കോമ്പ് കന്നി സെഞ്ച്വറി നേടി ഫോമിലേക്കുയർന്നു. പരിചയസമ്പന്നനായ ഷോൺ മാർഷ് മികവ് കാട്ടിയാൽ തടുത്തിടാൻ ഇന്ത്യ പ്രയാസപ്പെടും. അലക്‌സ് ക്യാരി,ടർണർ എന്നിവരുടെ മദ്ധ്യനിരയിലെ പ്രകടനവും പ്രതീക്ഷ നൽകുന്നു. പാറ്റ് കുമ്മിൻസിന്റെ ഫാസ്റ്റ് ബൗളിങ്ങിനൊപ്പം ആദം സാംബയുടെ സ്പിൻകെണിയും ഇന്ത്യക്ക് ഭീഷണി ഉയർത്തുന്നു.

ഇന്ത്യയുടെ ഭാഗ്യമൈതാനം

ബാറ്റിങ്ങിനെ തുണയ്ക്കുന്ന ഫിറോസ്ഷാ കോട്‌ലാ മൈതാനത്ത് കണക്കുകളിൽ ഇന്ത്യയ്ക്കാണ് ആധിപത്യം. ഓസ്‌ട്രേലിയയുമായി ഇവിടെ നാലു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നു തവണയും ജയം ഇന്ത്യക്കായിരുന്നു. ഒരു തവണ പരാജയപ്പെട്ടു. അവസാനമായി 2019ൽ ഈ മൈതാനത്ത് കളിച്ചപ്പോൾ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചു.