വിജയട്രാക്കില്‍ ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം

വിജയട്രാക്കില്‍ ഇന്ത്യ

ഓക്ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍, ഏഴു പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ആതിഥേയര്‍ക്കൊപ്പമെത്തി (1-1). പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മല്‍സരം ഞായറാഴ്ച ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്കില്‍ നടക്കും.

അര്‍ധസെഞ്ചുറിയുമായി മുന്നില്‍നിന്നു പടനയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 29 പന്തുകള്‍ നേരിട്ട രോഹിത് മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം 50 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം 77 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് രോഹിത് ശര്‍മ ഇന്ത്യന്‍ വിജയം അനായാസമാക്കിയിരുന്നു. ധവാന്‍ 31 പന്തില്‍ 30 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഋഷഭ് പന്ത് മഹേന്ദ്രസിങ് ധോണി സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പന്ത് 28 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 40 റണ്‍സോടെയും ധോണി 17 പന്തില്‍ ഒരു ബൗണ്ടറി സഹിതം 20 റണ്‍സോടെയും പുറത്താകാതെ നിന്നു. എട്ടു പന്തില്‍ ഒരോ സിക്‌സും ബൗണ്ടറിയും സഹിതം വിജയ് ശങ്കര്‍ 14 റണ്‍സ് എടുത്തു. ന്യൂസീലന്‍ഡിനായി ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഒന്നാം ട്വന്റി 20ല്‍ നിന്നും പഠിച്ചപാഠങ്ങള്‍ ഇന്ത്യന്‍ ബോളിങ്ങില്‍ പ്രകടമായി. ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദ് രണ്ടും, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി.

ട്വന്റി20യിലെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ച കോളിന്‍ ഗ്രാന്‍ഡ്‌ഹോമാണ് (28 പന്തില്‍ 50) കിവീസിന്റെ ടോപ് സ്‌കോറര്‍. (36 പന്തില്‍ 42), ടിം സീഫര്‍ട്ട് (12 പന്തില്‍ 12), കോളിന്‍ മണ്‍റോ (12 പന്തില്‍ 12), ഡാരില്‍ മിച്ചല്‍ (രണ്ടു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (17 പന്തില്‍ 20), മിച്ചല്‍ സാന്റ്‌നര്‍ (ഏഴ്), ടിം സൗത്തി (മൂന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. സ്‌കോട്ട് കുഗ്ഗെലെയ്ന്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

Read More >>