പ്ലീസ്, ഇന്നെങ്കിലും ജയിക്കൂ; മുംബൈയില്‍ കൊമ്പന്മാര്‍ വമ്പു കാട്ടുമോ?

ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ വിജയം കണ്ട ശേഷം ഒരു കളിയില്‍ പോലും കേരള ടീമിന് വിജയിക്കാനായിട്ടില്ല.

പ്ലീസ്, ഇന്നെങ്കിലും ജയിക്കൂ; മുംബൈയില്‍ കൊമ്പന്മാര്‍ വമ്പു കാട്ടുമോ?

മുംബൈ: അലറി വിളിക്കുന്ന തങ്ങള്‍ക്കു വേണ്ടി ഒരു ജയം, അതു മാത്രമാണ് മുംബൈ സിറ്റി എഫ്.സിക്കെതിരെയുള്ള മത്സരത്തില്‍ ആരാധകര്‍ക്ക് പറയാനുള്ളത്. ജയത്തില്‍ കുറഞ്ഞതൊന്നും കോച്ച് എല്‍കോ ഷെട്ടോറിയും ആഗ്രഹിക്കുന്നു. കൊച്ചിയില്‍ ഗോവയ്‌ക്കെതിരെ ഇഞ്ച്വറി ടൈമില്‍ കൈവിട്ട ജയം ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനെ അനുഗ്രഹിക്കുമോ? കാത്തിരുന്നു കാണാം.

ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ വിജയം കണ്ട ശേഷം ഒരു കളിയില്‍ പോലും കേരള ടീമിന് വിജയിക്കാനായിട്ടില്ല. ആറു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഇന്നും വിജയിക്കാനായില്ലെങ്കില്‍ ആദ്യ നാലിലേക്കുള്ള പ്രവേശനം ദുഷ്‌കരമാകും.

>നല്ലൊരു മിഡ്ഫീല്‍ഡറെ വേണം

സ്‌ട്രൈക്കര്‍മാര്‍ക്ക് നിരന്തരം പന്ത് വിതരണം ചെയ്യുന്ന നല്ലൊരു മിഡ്ഫീല്‍ഡ് ജനറല്‍. ബ്ലാസ്റ്റേഴ്‌സിന് ഇപ്പോള്‍ വേണ്ടത് അതാണ്. ഈ പൊസിഷനിലേക്ക് കൊണ്ടുവന്ന മരിയോ ആര്‍ക്വസ് പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല. നല്ലൊരു പകരക്കാരന്‍ ഇല്ല താനും. ഇപ്പോള്‍ ഈ പൊസിഷനില്‍ കളിക്കുന്ന സിഡോഞ്ച കുറച്ചുകൂടി മുന്നില്‍ കളിക്കുന്ന താരമാണ്. പിന്നിലേക്കിറങ്ങി കളിക്കാന്‍ നിര്‍ബന്ധിതനാകുന്നതു കൊണ്ടു തന്നെ സിഡോയ്ക്ക് വേണ്ടത്ര ശോഭിക്കാനാകുന്നുമില്ല. എന്നാല്‍ ഗോവയ്‌ക്കെതിരെ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍വല ചലിപ്പിച്ച് സിഡോ പ്രതീക്ഷ നല്‍കുന്നു. പരിക്കേറ്റ മറ്റൊരു മിഡ്ഫീല്‍ഡര്‍ മുസ്തഫ നിങ് ഇന്നും ഇറങ്ങിയേക്കില്ല.

സ്‌ട്രൈക്കറായി കൊണ്ടുവന്ന നൈജീരിയന്‍ മിഡ്ഫീല്‍ഡര്‍ ബാര്‍ത്തലോമിയോ ഒഗ്ബച്ചയുടെ ബൂട്ടുകള്‍ നിശ്ശബ്ദമാണ്. ആദ്യ കളിയിലെ ഗോള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ താരത്തിന്റെ സംഭാവന പൂജ്യമാണ്. കഴിഞ്ഞ മത്സരത്തില്‍ ഗോളെന്നുറച്ച ഒരു ഹെഡര്‍ സ്‌ട്രൈക്കര്‍ നഷ്ടപ്പെടുത്തിയത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. എന്നാല്‍ സഹസ്‌ട്രൈക്കര്‍ മെസ്സി ബൗളിയുടെ കായിക ശേഷിയും വീര്യവും ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു.

>സഹലിന് പകരം സൈത്യാസെന്‍

പരമ്പരാഗതമായ 4-4-2 ശൈലിയിലാകും ഷെട്ടോറി ഇന്ന് ടീമിനെ വിന്യസിക്കുക. മദ്ധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദിന് ഇന്ന് ആദ്യ ഇലവനില്‍ അവസരം ലഭിച്ചേക്കില്ല. കെ.പി രാഹുലും ഉണ്ടാകില്ല. സഹലിന് പകരം മറ്റൊരു ഇന്ത്യന്‍ താരം സൈത്യാസെന്‍ വരും. കഴിഞ്ഞ കളിയില്‍ വലതുവിങില്‍ പകരക്കാരനായി കളത്തിലിറങ്ങിയ സൈത്യാസെന്നിന്റെ പ്രകടനം മികവുറ്റതായിരുന്നു. സഹലിന് വേണ്ടത്ര സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. ഇടതുവിങ്ങില്‍ പതിവു പോലെ പ്രശാന്ത് വരും. ഗോവയ്‌ക്കെതിരെ പ്രശാന്തിന്റെ ക്രോസില്‍ നിന്നാണ് മെസ്സി ബൗളി ഗോള്‍ നേടിയിരുന്നത്.

മദ്ധ്യനിരയില്‍ സിഡോഞ്ചയ്‌ക്കൊപ്പം യുവതാരം ജീക്‌സണ്‍ സിങ് തന്നെയായിരിക്കും ആദ്യ ഇലവനില്‍. കഴിഞ്ഞ കളിയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ജീക്‌സണ്‍. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ജീക്‌സണ്‍ പുറത്തെടുക്കുന്ന മികവ് ഷട്ടോറി കഴിഞ്ഞ ദിവസം എടുത്തു പറഞ്ഞിരുന്നു.

സെന്റര്‍ബാക്കായി രാജു ഗെയ്ക്ക് വാദും മാസിഡോണിയന്‍ താരം ദ്രൊബാറാവും വരും. റാകിപ്, ജസ്സല്‍ കാര്‍ണൈറോ എന്നിവരും പ്രതിരോധത്തിലുണ്ടാകും. കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായക പിഴവു വരുത്തിയെങ്കിലും ടി.പി രഹനേഷ് തന്നെയാകും വല കാക്കുക.

>തിരിച്ചുപിടിക്കണം മനസ്സാന്നിദ്ധ്യം

ചെറിയ പിഴവുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്ന ടീമാണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തില്‍ രഹനേഷും പ്രതിരോധവും വരുത്തിയ പിഴവുകളാണ് സമനില ഗോളില്‍ കലാശിച്ചത്. അവസാന നിമിഷങ്ങളില്‍ മനസ്സാന്നിദ്ധ്യത്തോടെ പന്ത് കൈവശം വച്ച് കളിക്കുകയും പ്രതിരോധത്തില്‍ പിഴവുകളില്ലാതെ പന്ത് ക്ലിയര്‍ ചെയ്യുകയുമാണ് വേണ്ടത്. ബംഗളൂരുവിനെതിരെ ഛേത്രിയെ മാര്‍ക്ക് ചെയ്യാന്‍ വിട്ട പ്രതിരോധത്തിലെ പിഴവാണ് ഗോളിലെത്തിയത്.

ബ്ലാസ്റ്റേഴ്‌സിന് മാത്രമല്ല, ലീഗില്‍ തന്നെ അവസാന നിമിഷങ്ങളില്‍ വഴങ്ങുന്ന ഗോളുകള്‍ വര്‍ദ്ധിക്കുകയാണ്. ഏഷ്യയില്‍ മാത്രമാണ് ഇത്തരത്തിലുള്ള ഒരു സാഹചര്യമുള്ളത് എന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇന്നലെ മുഖാമുഖത്തില്‍ പറഞ്ഞിരുന്നു.

>പരിക്കില്ലാതെ മുംബൈ

ബ്ലാസ്റ്റേഴ്‌സ് പരിക്കില്‍ വലയുമ്പോള്‍ മുംബൈക്ക് അത്തരം വലിയ ആധികള്‍ ഒന്നുമില്ല. മിഡ്ഫീല്‍ഡര്‍ ഡീഗോ കാര്‍ലോസിന് മാത്രമാണ് പരിക്കുള്ളത്. ടുണീഷ്യന്‍ സ്‌ട്രൈക്കര്‍ അമിനെ ചെര്‍മിതിയാണ് അവരുടെ തുറുപ്പ് ചീട്ട്. കഴിഞ്ഞ സീസണിലെ മിന്നും താരം മൊദോ സുഗോയും കൂട്ടിനുണ്ട്. പൗളോ മചോഡ, റൈനര്‍ ഫെര്‍ണാണ്ടസ്, റോളിന്‍ ബോര്‍ഗസ്, മുഹമ്മദ് ലര്‍ബി, ബിപിന്‍ സിങ് എന്നിവര്‍ അടങ്ങുന്ന മദ്ധ്യനിരയും ശക്തമാണ്.

പ്രതിരോധത്തില്‍ പാട്രിക് ചൗധരി, മാറ്റോ ഗ്രിക്, സൗവിക് ചക്രവര്‍ത്തി എന്നിവരുണ്ട്. ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങും മികച്ച ഫോമിലാണ്. ടൂര്‍ണമെന്റില്‍ ഇതുവരെയായി 17 ഗോള്‍ സേവുകളാണ് അമരീന്ദര്‍ നടത്തിയത്.

എന്നാല്‍ മികച്ച ടീമുണ്ടായിട്ടും ഒരു കളി മാത്രമാണ് മുംബൈയ്ക്ക് ജയിക്കാനായത്. ആറു കളികളില്‍ മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റാണ് ക്ലബിന്റെ സമ്പാദ്യം.

>കമന്റ്

ഈ കളി എനിക്ക് ഏറെ പ്രത്യേകതയുള്ളതാണ്. നല്ല കളി കാഴ്ച വയ്ക്കണം. അവസരങ്ങള്‍ ഗോളാക്കി മാറ്റേണ്ടതുണ്ട്. നമുക്ക് നല്ല സ്‌ട്രൈക്കറുണ്ട്. എന്നാല്‍ പന്തിന്റെ വിതരണം മോശമാണ്. എല്ലാവരും ഫിറ്റാണെങ്കില്‍ ആദ്യ ഇടത്തിനു വേണ്ടി തന്നെയാണ് മത്സരം

എല്‍കോ ഷട്ടോറി
ബ്ലാസ്‌റ്റേഴ്‌സ് കോച്ച്

Read More >>