കൈക്കുഴയിലെ ജാലക്കാരന്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ കരുത്തായി കുല്‍ദീപ് യാദവ്

കൈക്കുഴയിലെ ജാലക്കാരന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്പിന്‍ബൗളിങ്ങുകൊണ്ട് മായാജാലം കാട്ടുകയാണ് കുല്‍ദീപ് യാദവ്. ഇടം കൈക്കുഴയില്‍ വിസ്മയം ഒളിപ്പിച്ച് എതിരാളികളെ വട്ടംകറക്കുന്ന കുല്‍ദീപ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ കരുത്തായി ചുരുങ്ങിയകാലം കൊണ്ട് മാറിയിരിക്കുന്നു. വിദേശ പിച്ചുകളില്‍ ഇനി കുല്‍ദീപാകും ഇന്ത്യയുടെ ഒന്നാംനമ്പര്‍ സ്പിന്‍ ബൗളറെന്ന് പരിശീലകന്‍ രവി ശാസ്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രവിചന്ദ്ര അശ്വിനും യുസ്വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയുമെല്ലാം കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോഴും ഇന്ത്യന്‍ ടീമില്‍ വേറിട്ട വഴി വെട്ടിത്തെളിക്കാന്‍ കുല്‍ദീപിന് കഴിയുന്നു.


കുല്‍ദീപിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ ചൈനാമാന്‍ സ്പിന്നര്‍ ബ്രാഡ് ഹോഡ്ജിന്റെ അഭിപ്രായം. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സില്‍ ഒപ്പം കളിക്കുമ്പോള്‍ കുല്‍ദീപിനെ ശ്രദ്ധിച്ചിട്ടുണ്ട്. അന്നല്ലൊം കഠിനമായി പരിശീലിക്കുന്നത് കണ്ടിട്ടുണ്ട്. ഒരോ മത്സരത്തിന് കൃത്യമായ മുന്നൊരുക്കം നടത്തുന്നത് കണ്ടിട്ടുണ്ട്. ഇത്രയും കഷ്ടപ്പെടുന്ന ഒരു കളിക്കാരന് നേട്ടമുണ്ടാവുക തന്നെ ചെയ്യും. ഇനിയും ഏറെ ഉയരത്തിലെത്താന്‍ കുല്‍ദീപിന് സാധിക്കുമെന്നും ഹോഡ്ജ് പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവുകാട്ടുന്നു എന്നതാണ് കുല്‍ദീപിനെ വ്യത്യസ്തനാക്കുന്നത്. വിക്കറ്റ് നേടാനുള്ള കഴിവിനൊപ്പം റണ്‍സ് വിട്ടുകൊടുക്കുന്നതിലെ പിശുക്കും താരപ്രതിഭയ്ക്ക് ഉദാഹരണം. നിലവിലെ ഇന്ത്യന്‍ ടീമില്‍ രവിചന്ദ്ര അശ്വിനാണ് ഒന്നാം നമ്പര്‍ സ്പിന്നര്‍. അതിനാല്‍ത്തന്നെ കുല്‍ദീപിന് കൂടുതല്‍ അവസരം ലഭിച്ചില്ല. എന്നാല്‍ കിട്ടിയ അവസരങ്ങളെ ഫലപ്രദമായി താരം ഉപയോഗിക്കുകയും ചെയ്തു. ആറ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റാണ് കുല്‍ദീപ് പോക്കറ്റിലാക്കിയത്. 3.51 എക്കോണമിയില്‍ പന്തെറിയുന്ന താരം രണ്ടു തവണ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 57 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.


ഏകദിനത്തില്‍ മദ്ധ്യഓവറുകളിലെ ഇന്ത്യയുടെ വിശ്വസ്തനാണ് അദ്ദേഹം. 39 മത്സരത്തില്‍ നിന്ന് 77 വിക്കറ്റാണ് താരം പിഴുതത്. 4.77 എക്കണോമിയില്‍ പന്തെറിയുന്ന കുല്‍ദീപ് 25 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ട്വന്റി20യില്‍ 18 മത്സരത്തില്‍ നിന്ന് 35 വിക്കറ്റാണ് കുല്‍ദീപ് സ്വന്തമാക്കിയത്. 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ്. മൂന്ന് ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അപൂര്‍വ ബൗളര്‍മാരില്‍ ഒരാളാണ് കുല്‍ദീപ്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ കിരീട പ്രതീക്ഷകളില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമാവും കുല്‍ദീപ്.

ട്വന്റി20 റാങ്കിങ്: കുല്‍ദീപ് രണ്ടാം സ്ഥാനത്ത്

ഐ.സി.സിയുടെ പുതിയ ട്വന്റി20 റാങ്കിങ്ങിലെ ബൗളര്‍മാരുടെ പട്ടികയില്‍ കുല്‍ദീപ് യാദവ് രണ്ടാം സ്ഥാനത്ത്. കരിയറിലെ ഉയര്‍ന്ന നേട്ടമാണിത്. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20യില്‍ നാല് ഓവര്‍ എറിഞ്ഞ കുല്‍ദീപ് 26 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. പാകിസ്താന്റെ ഷദാബ് ഖാന്‍ മൂന്നാം സ്ഥാനത്തും. ബാറ്റ്സ്മാന്‍മാരില്‍ രോഹിത് ശര്‍മ മൂന്ന് സ്ഥാനം ഉയര്‍ന്ന് ഏഴാം സ്ഥാനത്തേക്കെത്തി. ശിഖര്‍ ധവാന്‍ 11ാം സ്ഥാനത്താണ്. പാകിസ്താന്റെ ബാബര്‍ അസം ആണ് തലപ്പത്ത്. ന്യൂസീലന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് രണ്ടാമത്.

Read More >>