മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ വിലക്ക്; രണ്ടു സീസണില്‍ കളിക്കാനാവില്ല- ഞെട്ടിത്തരിച്ച് ഫുട്‌ബോള്‍ ലോകം

ലോകത്തെ ഏറ്റവും സമ്പന്നമായ അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബാണ് യു.എ.ഇ രാജകുടുംബാംഗം ഷൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മാഞ്ചസ്റ്റര്‍ സിറ്റി.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ വിലക്ക്; രണ്ടു സീസണില്‍ കളിക്കാനാവില്ല- ഞെട്ടിത്തരിച്ച് ഫുട്‌ബോള്‍ ലോകം

സൂറിച്ച്: ഫൈനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ (എഫ്.എഫ്.പി) ചട്ടങ്ങള്‍ തെറ്റിച്ചതിന് ചാമ്പ്യന്‍സ് ലീഗിലെ അടുത്ത രണ്ടു സീസണില്‍ പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക്. 30 ദശലക്ഷം യൂറോ പിഴയൊടുക്കാനും യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ യുവേഫ ഉത്തരവിട്ടു.

ഗുരുതരമായ ചട്ടലംഘനമാണ് സിറ്റി നടത്തിയത് എന്ന് യുവഫ പറയുന്നു. വിലക്കിനും പിഴയ്ക്കുമെതിരെ സ്‌പോര്‍ട് ആര്‍ബിട്രേഷന്‍ കോര്‍ട്ടിനെ സമീപിക്കാന്‍ ക്ലബ് തീരുമാനിച്ചു.

ട്രാന്‍സ്ഫറില്‍ തുക ചിലവഴിക്കുന്നതിന് യുവേഫയും ഫിഫയും നല്‍കിയ മാനദണ്ഡങ്ങള്‍ ലംഘിച്ച് ട്രാന്‍സ്ഫര്‍ നടത്തിയതിനാണ് നടപടി. അണ്ടര്‍ 18 താരങ്ങളെ ഫിഫ അറിയാതെ സൈന്‍ ചെയ്ത വിഷയത്തിലും സിറ്റിക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്.

2012, 2016 വര്‍ഷങ്ങളില്‍ യുവേഫക്ക് നല്‍കിയ ബ്രേക്ക് ഇവന്‍ റിപ്പോര്‍ട്ടില്‍, സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നുള്ള വരുമാനം ഉയര്‍ത്തിക്കാണിച്ചു എന്ന് യുവേഫ പറയുന്നു. സിറ്റി അന്വേഷണത്തോട് സഹകരിച്ചില്ലെന്നും യുവേഫ കുറ്റപ്പെടുത്തി.

> പുറത്തുവിട്ടത് ജര്‍മന്‍ മാദ്ധ്യമം

ജര്‍മന്‍ മാദ്ധ്യമമായ ഡെര്‍ സ്പീഗല്‍ ആണ് സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ സിറ്റി ഉയര്‍ന്ന തുക കാണിച്ച് യുവേഫയെ തെറ്റിദ്ധരിപ്പിച്ചു എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2014ല്‍ സമാനമായ സംഭവത്തില്‍ ക്ലബിന് യുവേഫ 49 മില്യണ്‍ യൂറോ പിഴയിട്ടിരുന്നു.

ലോകത്തെ ഏറ്റവും സമ്പന്നമായ അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബാണ് യു.എ.ഇ രാജകുടുംബാംഗം ഷൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മാഞ്ചസ്റ്റര്‍ സിറ്റി.

> ഗ്വാര്‍ഡിയോള ക്ലബ് വിട്ടേക്കും

യുവേഫ തീരുമാനം ആര്‍ബിട്രേഷന്‍ കോടതി ശരിവച്ചാല്‍ സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള സിറ്റി വിടുമെന്നാണ് സൂചന. 2021വരെയാണ് ഗ്വാര്‍ഡിയോളയുമായുള്ള ക്ലബിന്റെ കരാര്‍. കോച്ച് പോയാല്‍ സൂപ്പര്‍ താരങ്ങളും കൂടുമാറുമെന്ന് തീര്‍ച്ചയാണ്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാത്ത ടീമില്‍ ബൂട്ടുകെട്ടാന്‍ അവര്‍ക്കും താത്പര്യമില്ല എന്നാണ് സൂചന.

> എന്താണ് ഫെയര്‍ പ്ലേ ചട്ടം

കളിക്കാരെ വാങ്ങുന്നത്, വില്‍ക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചെലവഴിക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കുന്ന ചട്ടമാണ് എഫ്്.എഫ്.പി ചട്ടം എന്നറിയപ്പെടുന്ന ഫൈനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ. ചട്ട പ്രകാരം വരുമാനം, ട്രാന്‍സ്ഫര്‍, ശമ്പളം തുടങ്ങിയവയില്‍ എല്ലാം സന്തുലിതാവസ്ഥ നിലനിര്‍ത്തണം.

സ്റ്റേഡിയം നിര്‍മാണം, ട്രയിനിങ് സ്ൗകര്യങ്ങള്‍, യൂത്ത് ഡവലപ്‌മെന്റ്, കമ്യൂണിറ്റി പ്രോജക്ടുകള്‍ എന്നിവയ്ക്ക് ഈ ചട്ടം ബാധകമല്ല.

Next Story
Read More >>