മെസ്സിയെ വിട്ടുകൊടുക്കില്ല; അവന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം- ബാഴ്‌സ പ്രസിഡണ്ട്

അടുത്ത വര്‍ഷത്തേക്ക്് ഇതുവരെ മെസ്സി കരാര്‍ ഒപ്പിടാത്തതാണ് ക്ലബ് വൃത്തങ്ങളില്‍ ആശങ്ക പരത്തിയത്.

മെസ്സിയെ വിട്ടുകൊടുക്കില്ല; അവന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം- ബാഴ്‌സ പ്രസിഡണ്ട്

ബാഴ്‌സലോണ: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ഇനിയും ഒരുപാട് കാലം തങ്ങള്‍ക്കു വേണമെന്ന് ബാഴ്‌സലോണ പ്രസിഡണ്ട് ജോസഫ് മരിയ ബര്‍തോമിയോ. മെസ്സിയുമായി രണ്ടു വര്‍ഷത്തെ കരാറാണ് ഔദ്യോഗികമായി ബാക്കിയുള്ളത് എങ്കിലും താരത്തെ ആര്‍ക്കും കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബര്‍തോമിയോ വ്യക്തമാക്കി.

'ബുദ്ധിമാനായ കളിക്കാരനാണ് ലിയോ, കാര്യങ്ങളെ കൃത്യമായി കണക്കുകൂട്ടാന്‍ അവനറിയാം. കരാര്‍ പുതുക്കാന്‍ അവന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ തയ്യാറാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ലിയോ' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 വരെയാണ് താരവുമായി ബാഴ്‌സലോണയ്ക്ക് കരാര്‍ ഉള്ളത്. എന്നാല്‍ ഈ സീസണോടെ മെസ്സി ക്ലബുമായി കരാര്‍ അവസാനിപ്പിച്ചേക്കുമെന്ന് ദ ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷത്തേക്ക്് ഇതുവരെ മെസ്സി കരാര്‍ ഒപ്പിടാത്തതാണ് ക്ലബ് വൃത്തങ്ങളില്‍ ആശങ്ക പരത്തിയത്.

സൂപ്പര്‍ താരവുമായുള്ള കരാര്‍ പ്രകാരം 32 വയസ്സ് കഴിഞ്ഞാല്‍ ക്ലബുമായുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ മെസ്സിക്ക് അധികാരമുണ്ടെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് മാദ്ധ്യമമായ എല്‍ പാരിസ് പറയുന്നു. കഴിഞ്ഞ ജൂണിലാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്ക്ക് 32 തികഞ്ഞത്. അഥവാ, 20 വര്‍ഷമായി ക്ലബുമായുള്ള ബന്ധം താരത്തിന് വേണമെങ്കില്‍ അവസാനിപ്പിക്കാം.

ഇനി ജൂണ്‍ 30ന് ഓരോ വര്‍ഷത്തെയും കരാര്‍ പുതുക്കുകയാണ് വേണ്ടത്. നേരത്തെ, ബാഴ്‌സ ഇതിഹാസം കാര്‍ലോസ് പുയോള്‍, ആന്‍ന്ദ്രെ ഇനിയേസ്റ്റ, ഷാവി എന്നിവര്‍ക്കും ഇതേ കരാര്‍ അനുവദിച്ചിരുന്നു.

അതിനിടെ, പരിക്കു മൂലം ഈ സീസണില്‍ ക്ലബിനു വേണ്ടിയും രാജ്യത്തിന് വേണ്ടിയും മെസ്സിക്ക് ഇതുവരെ കളത്തിലിറങ്ങാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കായി അമ്പത് മത്സരങ്ങളില്‍ നിന്ന് 51 ഗോളുകളാണ് താരം അടിച്ചു കൂട്ടിയിരുന്നത്.

Read More >>