വയനാട്ടില്‍ നിന്നൊരു 'മിന്നും മണി'

ഇംഗ്ലണ്ടിനെതിരെ പാഡണിയാന്‍ വയനാടന്‍ പെണ്‍കൊടി. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനില്‍ ഇടംനേടുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റര്‍

വയനാട്ടില്‍ നിന്നൊരു മിന്നും മണി

ബിന്‍ സൂഫി

കല്‍പ്പറ്റ: മാനന്തവാടി ഒണ്ടയങ്ങാടിയെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പടിവാല്‍ക്കലെത്തിയതിന്റെ ആവേശത്തിലാണ് മിന്നുമണി. ഈ മാസം പതിനെട്ടിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിനെ നേരിടുന്ന ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനില്‍ ഈ മിടുക്കിയുമുണ്ടാവും. ഉറങ്ങാന്‍ അനുവദിക്കാത്ത സ്വപ്‌നമെന്ന് മിന്നുമണി പറയുന്ന ദേശീയ ജഴ്‌സിയിലേക്ക് ഇനി ഏതാനും ഇന്നിങ്‌സുകളുടെ ദൂരം മാത്രം. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള പേ ടി.എം പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹമത്സരത്തിനുള്ള ടീമിലേക്കാണ് മിന്നുമണി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യം സ്മൃതി മന്ദാനയാണ് ബോര്‍ഡ് ഇലവന്റെ ക്യാപ്റ്റന്‍. വേദ കൃഷ്ണമൂര്‍ത്തി, ദേവിക വൈദ്യ, എസ്.മേഘ്‌ന, ഭാരതി ഫല്‍മാലി, കോമള്‍ സന്‍സദ്, ആര്‍. കല്‍പ്പന, പ്രിയ പുനിയ, ഹര്‍ലീന്‍ ഡിയോള്‍, റീമ ലക്ഷ്മി എക്ക, മനാലി ദക്ഷ്ണി, തനൂജ കന്‍വര്‍ എന്നിവരടങ്ങിയ ശക്തരായ സംഘത്തിലാണ് മിന്നുമണി ഇടം നേടിയത്.

ഒണ്ടയങ്ങാടി കൂലിപ്പണിക്കാരനായ മണിയുടെയും വസന്തയുടെയും മകളായ മിന്നുമണിക്ക് 2018ലെ ദേശീയ അണ്ടര്‍ 23 ടൂര്‍ണ്ണമെന്റിലെ മികച്ച പ്രകടനമാണ് തുണയായത്. അന്ന് ടൂര്‍ണ്ണമെന്റിലെ ടോപ്‌സ്‌കോററായ മിന്നുവിന്റെ പ്രകടനങ്ങള്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ നേടിയിരുന്നു. ഏറെ അകലെയല്ലാതെ ദേശീയ ടീമിലിടം നേടുമെന്ന് അന്നുതന്നെ ഉറപ്പായിരുന്നു.

ടോപ്ഓഡറിന്‍ ബാറ്റ് ചെയ്യുന്ന മിന്നുമണിയുടെ മികവില്‍ കേരളം നിരവധി മികച്ച വിജയങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട്. ഇടംകൈയിലെ മികവുമായി മൂന്നുവര്‍ഷമായി ദേശീയ അണ്ടര്‍ 23 ടീമില്‍ ഈ മിടുക്കിയുണ്ട്. ദേശീയ വനിതാ ക്രിക്കറ്റ് ജഴ്‌സിയില്‍ ഇതുവരെ ഒരു കേരള താരം കളിച്ചിട്ടില്ല. തിരുത്താന്‍ കഴിയാത്ത ആ നേട്ടം തന്റെ പേരില്‍ കുറിക്കാനൊരുങ്ങുകയാണ് സ്വപ്രയത്‌നം കൊണ്ട് വലിയ ഉയരങ്ങള്‍ കീഴടക്കിയ ഈ പ്രതിഭ. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം തങ്ങളുടെ നാടിന്റ പേരും എഴുതിച്ചേര്‍ക്കപ്പെടാനായി വാങ്കഡെയിലെ പുല്‍മൈതനാത്ത് പാഡ് കെട്ടുമ്പോള്‍ ഒരു നാടൊന്നാകെ പ്രാര്‍ത്ഥനയിലാണ് ഒണ്ടയങ്ങാടി.

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീം

സ്മൃതി മന്ദാന (ക്യാപ്റ്റന്‍), വേദകൃഷ്ണമൂര്‍ത്തി, ദേവിക വൈദ്യ, എസ്. മേഘന, ഭാരതി ഫുല്‍മലി, കോമള്‍ സന്‍സാദ്, ആര്‍. കല്‍പ്പന, പ്രിയ പുനിയ, ഹര്‍ലീന്‍ ഡിയോള്‍, റീമലക്ഷ്മി എക്കാ, മനലി ദാക്ഷിണി, മിന്നുമണി, തനുജ കന്‍വാര്‍.

Read More >>