ഭിന്നശേഷി ലോകകപ്പ് ക്രിക്കറ്റ്; കപ്പില്‍ മുത്തമിട്ട് ഇന്ത്യ

റൗണ്ട് റോബിൻ ലീഗിൽ ഗ്രൂപ്പിലെ പ്രഥമ സ്ഥാനം കൈവരിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്

ഭിന്നശേഷി ലോകകപ്പ് ക്രിക്കറ്റ്; കപ്പില്‍ മുത്തമിട്ട് ഇന്ത്യ

ലണ്ടൻ: അവർ നേടി. ഭിന്നശേഷിക്കാരുടെ ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റിൽ ആദ്യമായി പങ്കെടുക്കാനെത്തിയ ഇന്ത്യൻ ടീം തകർത്താടി കപ്പുമായി നൂറ്റിരുപത് കോടി ജനങ്ങളുടെ അഭിമാനം കാത്തു. ആതിഥേയരായ ഇംഗ്ലണ്ടിനെ 36 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പിൽ മുത്തമിട്ടത്. സ്‌കോർ: ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റിന് 180. ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റിന് 144.

ഫൈനലിൽ മാറ്റുരച്ച ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും പുറമേ പാ്കിസ്താൻ, ബംഗ്ലാദേശ്, സിംബാബ്‌വേ, ബംഗ്ലാദേശ് ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. റൗണ്ട് റോബിൻ ലീഗിൽ ഗ്രൂപ്പിലെ പ്രഥമ സ്ഥാനം കൈവരിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.

രവീന്ദ്ര സാന്റേയും സുഗനേഷ് മഹേന്ദ്രനും വീശിയടിച്ച കൊടുങ്കാറ്റായതാണ് ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. രവീന്ദ്ര സാന്റെ 34 പന്തിൽ 53 റൺസും സുഗനേഷ് മഹേന്ദ്ര 11 പന്തിൽ 33 റൺസുമാണ് സ്‌കോർ ചെയ്തത്. ഇവരെ കൂടാതെ ഓപ്പണർ കുനാൽ ഫനാസെ (36), ക്യാപ്റ്റൻ വിക്രാൻ കെനി (29) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യൻ ടീമിലെ ഏക മലയാളി താരം അനീഷ് പി രാജൻ ബാറ്റ് ചെയ്തില്ലെങ്കിലും ഒരു വിക്കറ്റെടുത്തു. രണ്ട് റൺ ഔട്ടുകൾക്കും കാരണമായി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണർമാരായ അലക്‌സ് ബ്രൗൺ (44), ജയിംസ് ഗുഡ്‌വിൽ (17) എന്നിവർ ചേർന്ന് മികച്ച തുടക്കം നല്കിയെങ്കിലും ഇന്ത്യ മത്സരം പിടിച്ചെടുക്കുകയായിരുന്നു.

Read More >>