ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ ബാനര്‍ജി അന്തരിച്ചു

84 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 65 ഗോള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ ബാനര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ പി.കെ ബാനര്‍ജി അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഒന്നര മാസമായി ആശുപത്രിയിലായിരുന്നു. ഫെബ്രുവരി ആറിനാണ് 83-കാരനായ ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മക്കള്‍: പൗല ബാനര്‍ജി, പൂര്‍ണ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി പ്രസൂണ്‍ ബാനര്‍ജി സഹോദരനാണ്.

84 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 65 ഗോള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. കളിക്കളത്തിലെ പന്ത്രണ്ട് വര്‍ഷത്തിനിടെ ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ അദ്ദേഹം ഗോള്‍ നേടി.

1960-ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ചത് പി.കെ ബാനര്‍ജിയായിരുന്നു. ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1962-ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17-ാം മിനിറ്റില്‍ ഗോള്‍ നേടി.

1956-ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ 4-2 ന് തോല്‍പ്പിച്ച കളിയില്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്.

ഫിഫ ഭരണസമിതി 2004-ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചിരുന്നു. 1961-ല്‍ അര്‍ജുന പുരസ്‌കാരവും 1990-ല്‍ പദ്മ ശ്രീ പുരസ്‌കാരവും ലഭിച്ചു.

1936 ജൂണ്‍ 23ന് പശ്ചിമബംഗാളിലെ ജല്‍പൈഗുരിയിലാണ് ജനനം. വിഭജനത്തിന് ശേഷം ജംഷഡ്പൂരിലെത്തി. 1952ല്‍ 16-ാം വയസ്സില്‍ സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലാണ് അരങ്ങേറ്റം.

Next Story
Read More >>