കോഴിക്കോടിന്റെ ചുണക്കുട്ടികള്‍

കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ അഞ്ചു സെറ്റുകളിലും തോല്‍പിച്ച് കാലിക്കറ്റ് ഹീറോസിന് ഏകപക്ഷീയ വിജയം

കോഴിക്കോടിന്റെ ചുണക്കുട്ടികള്‍

കൊച്ചി: എതിരാളികളുടെ പേടി സ്വപ്‌നമായി പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ് കുതുപ്പ് തുടരുന്നു. പ്രോ വോളി പ്രഥമ ലീഗില്‍ കേരളത്തിലെ ഇരു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് കാലിക്കറ്റ് ഹീറോസിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. തുല്യ ശക്തികളുടെ പോരാട്ടമെന്ന് പ്രതീക്ഷിക്കപ്പെട്ട മത്സരം കലിക്കറ്റ് ഏകപക്ഷീയമായി സ്വന്തമാക്കി. അഞ്ച് സെറ്റും കലിക്കറ്റ് നേടിയത് ആധികാരികമായി (15-11, 15-9, 15-14, 15-13, 15-10). ഇതോടെ ലീഗില്‍ അഞ്ച് സെറ്റും ജയിക്കുന്ന ആദ്യ ടീമായി ചെമ്പട മാറി.

വമ്പന്‍ താരനിരയുള്ള കൊച്ചിക്ക് കലിക്കറ്റിന്റെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കൊച്ചിയുടെ ആദ്യ തോല്‍വിയാണിത്. എസ്. പ്രഭാകരനും ഡേവിഡ് ലീയും ഉള്‍പ്പെട്ട മുന്‍നിര താരങ്ങള്‍ നല്ല കളി പുറത്തടുത്തെങ്കിലും കാര്യമുണ്ടായില്ല.

ഓരോ മത്സരം കഴിയുമ്പോഴും പുതിയ പാഠങ്ങള്‍ ഉള്‍കൊണ്ട് കാലിക്കറ്റ് ഹീറോസ് ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ താങ്ങളായ ജെറോ വിനീതും അജിത്ത് ലാലുമാണ് കാലിക്കറ്റിന്റെ കരുത്ത്. ആദ്യ രണ്ടു കളികളില്‍ അജിത്ത് ലാല്‍ മികച്ചു നിന്നപ്പോള്‍ ഇന്നലെ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന താരമായി ജെറോം വിനീത് മാറി. ഇന്നലെ 16 പോയന്റുകളാണ് ജെറോ നേടിയത്. ലോട്ട്മാന്റെ കിടിലന്‍ സെര്‍വുകള്‍ക്കും ക്യാപ്റ്റന്‍ വിനീത് ജെറോമിന്റെ കൂറ്റന്‍ സ്മാഷുകള്‍ക്കും മുന്നില്‍ കൊച്ചിക്ക് മറുപടിയില്ലായിരുന്നു. അജിത്ത്‌ലാലിനെ തടയാന്‍ പദ്ധതിയിട്ട കൊച്ചിക്ക് ജെറോമിനെ തടയാനായില്ല. പവര്‍ഫുള്‍ സെര്‍വുകളായിരുന്നു കാലിക്കറ്റിന്റെ ആയുധം.

ഇന്ന് നടക്കുന്ന മത്സരത്തില്‍ കലിക്കറ്റ് ബ്ലാക്‌ഹോക്‌സ് ഹൈദരാബാദിനെ നേരിടും.

Read More >>