യു.എ.ഇയെ തകര്‍ത്ത് ഖത്തര്‍ ഗള്‍ഫ് കപ്പ് സെമി ഫൈനലില്‍

രണ്ടു ഗോളുകളുമായി കളം നിറഞ്ഞ് കളിച്ച അക്രം അഫീഫാണ് ഖത്തറിന്റെ വിജയ ശില്‍പ്പി.

യു.എ.ഇയെ തകര്‍ത്ത് ഖത്തര്‍ ഗള്‍ഫ് കപ്പ് സെമി ഫൈനലില്‍

ദോഹ: ഗള്‍ഫ് കപ്പില്‍ വൈരികളായ യു.എ.ഇയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഖത്തര്‍ സെമിയില്‍. ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ ആരാധകര്‍ക്ക് മുമ്പില്‍ രണ്ടു ഗോളുകളുമായി കളം നിറഞ്ഞ് കളിച്ച അക്രം അഫീഫാണ് ഖത്തറിന്റെ വിജയ ശില്‍പ്പി.

20-ാം മിനിറ്റില്‍ ഗോള്‍ നേടി ഖത്തര്‍ കളിയില്‍ ആധിപത്യം സ്ഥാപിച്ചു. അഫീഫായിരുന്നു സ്‌കോറര്‍. 28-ാം മിനിറ്റില്‍ അഫീഫിലൂടെ തന്നെ ഖത്തര്‍ രണ്ടാം ഗോള്‍ നേടി. എന്നാല്‍ 33-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ യു.എ.ഇക്കു വേണ്ടി അല്‍ മഖ്ബൂത്ത് ഗോള്‍ തിരിച്ചടിച്ചു. സ്‌കോര്‍ 2-1. ആദ്യ പകുതിയില്‍ തന്നെ ക്യാപ്റ്റന്‍ ഹസ്സന്‍ അല്‍ ഹൈദോസിലൂടെ ഖത്തര്‍ മൂന്നാം ഗോള്‍ നേടി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 3-1 ആയിരുന്നു സ്‌കോര്‍.

77-ാം മിനിറ്റില്‍ യു.എ.ഇ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണയും വല ചലിപ്പിച്ചത് അല്‍ മഖ്ബൂത്തി ആയിരുന്നു. എന്നാല്‍ ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റില്‍ ബുലെം കൗകി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

എ.എഫ്.സി കപ്പ് സെമി ഫൈനലില്‍ നേരത്തെ ഖത്തര്‍ യു.എ.ഇയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

Read More >>