സച്ചിനോ കോലിയോ?

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡുകൾ നിലവിലെ സാഹചര്യത്തിൽ കോലി മറികടക്കുമെന്ന് ഉറപ്പാണ്. ഇരുവരും തമ്മിലുള്ള കളിക്കണക്കുകൾ

സച്ചിനോ കോലിയോ?

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ നാഗ്പൂരിൽ നേടിയ സെഞ്ച്വറിയോടെ ഏകദിനത്തിൽ 40 സെഞ്ച്വറിയെന്ന നാഴികക്കല്ല് കോലി പിന്നിട്ടു. ഇന്ത്യയെ വൻതകർച്ചയിൽ നിന്ന് ഒറ്റക്ക് കരകയറ്റിയ കോലി സച്ചിനേക്കാൾ കേമനെന്ന ചർച്ചകൾ ഇതോടെ വീണ്ടും ചൂടുപിടിച്ചു.

ഇരുവരും തമ്മിലുള്ള കളിക്കണക്കുകൾ നിരത്തി സാമൂഹ്യമാദ്ധ്യമങ്ങളിൽ ആരാധകർ ഏറ്റുമുട്ടുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡുകൾ നിലവിലെ സാഹചര്യത്തിൽ കോലി മറികടക്കുമെന്ന് ഉറപ്പാണ്. ഇരുവരും തമ്മിലുള്ള കളിക്കണക്കുകൾ ചുവടെ.

224 മത്സരശേഷം

224 ഏകദിന മത്സരങ്ങളുടെ കണക്കിൽ സച്ചിനേക്കാൾ ഏറെ മുന്നിലാണ് കോലി. 224 ഏകദിനത്തിൽ 217 ഇന്നിങ്‌സ് കളിച്ച സച്ചിൻ 42.60 ശരാശരിയിൽ 8350 റൺസടിച്ചപ്പോൾ 216 ഇന്നിങ്‌സിൽ നിന്ന് 59.74 ശരാശരിയിൽ 10,693 റൺസാണ് കോലിയുടെ നേട്ടം. 40 തവണ കോലി ശതകം പൂർത്തിയാക്കിയപ്പോൾ സച്ചിൻ 23 തവണയും 100 കടന്നു. അർദ്ധ സെഞ്ച്വറിയിലും കോലിയാണ് മുന്നിൽ. 49 തവണ അർദ്ധ ശതകം കോലി നേടിയപ്പോൾ 44 തവണയാണ് സച്ചിൻ 50ന് മുകളിൽ നേടിയത്. ഉയർന്ന സ്‌കോർ:കോലി- 183, സച്ചിൻ - 143.

ഐ.സി.സി മത്സരങ്ങളിൽ

ഐ.സി.സിയുടെ ടൂർണമെന്റുകളിൽ 61 മത്സരങ്ങൾ കളിച്ച സച്ചിൻ 52.28 ശരാശരിയിൽ 2719 റൺസ് നേടിയപ്പോൾ 30 മത്സരങ്ങളിൽ നിന്ന് 55.80 ശരാശരിയിൽ 1116 റൺസാണ് കോലി നേടിയത്. ഏഴ് സെഞ്ച്വറിയും 16 അർദ്ധ സെഞ്ച്വറിയും സച്ചിൻ നേടിയപ്പോൾ രണ്ട് സെഞ്ച്വറിയും ആറ് അർദ്ധ സെഞ്ച്വറിയുമാണ് കോലിയുടെ നേട്ടം. ഉയർന്ന സ്‌കോർ: സച്ചിൻ - സ്‌കോർ 152 കോലി- 107.

ഏകദിന ജയം

ഇന്ത്യ ജയിച്ച ഏകദിന മത്സരങ്ങളിലെ സംഭാവന വിലയിരുത്തിയാൽ കോലി സച്ചിനേക്കാൾ മുന്നിലാണ്. 234 ഏകദിനങ്ങളിൽ നിന്ന് 56.63 ശരാശരിയിൽ 11157 റൺസ് സച്ചിൻ നേടിയപ്പോൾ 137 മത്സരത്തിൽ നിന്ന് 77.27 ശരാശരിയിൽ 7727 റൺസാണ് കോലി നേടിയത്. ഇരുവരും 33 തവണ സെഞ്ച്വറി നേടി. സച്ചിൻ 59 അർദ്ധ സെഞ്ച്വറിയും കോലി 29 അർദ്ധ സെഞ്ച്വറിയും നേടി. ഉയർന്ന സ്‌കോർ: സച്ചിൻ - 200, കോലി- 183.

റൺചേസിലും കോലി കിങ്

റൺസ് പിന്തുടരുമ്പോൾ കോലിയുടെ മിടുക്ക് മറ്റാർക്കുമില്ലെന്നതാണ് വസ്തുത. 84 മത്സരങ്ങളിൽ പിന്തുടർന്ന് ബാറ്റ് ചെയ്ത കോലി 95.24 ശരാശരിയിൽ അടിച്ചെടുത്തത് 5048 റൺസ്. 127 മത്സരങ്ങളിൽ നിന്ന് 55.45 ശരാശരിയിൽ 5490 റൺസാണ് സച്ചിൻ നേടിയത്. 21 തവണ കോലി സെഞ്ച്വറി നേടിയപ്പോൾ സച്ചിൻ 14 തവണയും ശതകം കുറിച്ചു. കോലി 20 തവണയും സച്ചിൻ 31 തവണയും അർദ്ധ സെഞ്ച്വറി നേടി. ഉയർന്ന സ്‌കോർ: കോലി- 183, സച്ചിൻ- 134.

40 സെഞ്ച്വറികൾ പൂർത്തിയാവുമ്പോൾ

40 ഏകദിന സെഞ്ച്വറി പൂർത്തിയാവുമ്പോൾ ഇന്ത്യയ്ക്ക് കൂടുതൽ ജയം നേടിക്കൊടുത്തത് കോലിയാണ്. കോലി സെഞ്ച്വറി നേടിയ 33 മത്സരത്തിലും ഇന്ത്യ ജയിച്ചു. ആറ് മത്സരത്തിൽ ഇന്ത്യ തോറ്റപ്പോൾ ഒരു മത്സരം സമനിലയായി. സച്ചിൻ 40 സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ 28 മത്സരത്തിലാണ് ഇന്ത്യ ജയിച്ചത്. 11 മത്സരം തോറ്റു. ഒരു മത്സരം ഫലം കാണാതെ പോയി.

Read More >>