സ്പാനിഷ് സൂപ്പര്‍ കപ്പ്; അത്‌ലറ്റികോയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാമ്പ്യന്മാര്‍

115-ാം മിനിറ്റില്‍ അത്‌ലറ്റികോ താരം ആല്‍വാരോ മൊറാട്ടോയെ പെനാല്‍റ്റി ബോക്‌സിനു തൊട്ടു മുമ്പില്‍ വെച്ച് കാലുവച്ചു വീഴ്ത്തിയ ഫെഡറികോ വല്‍വാര്‍ഡെയുടെ നീക്കമാണ് കളിയില്‍ നിര്‍ണായകമായത്.

സ്പാനിഷ് സൂപ്പര്‍ കപ്പ്; അത്‌ലറ്റികോയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാമ്പ്യന്മാര്‍

ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ അയല്‍ക്കാരായ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാമ്പ്യന്മാര്‍. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോള്‍ രഹിത സമനിലയില്‍ ആയ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിധി നിശ്ചിയക്കപ്പെട്ടത്. റയലിന്റെ 11-ാം കിരീട നേട്ടമാണിത്.

റയല്‍ ഗോളി തിബൗട്ട് കോര്‍ട്ടിയോസ്, തോമസ് പാര്‍ട്ടിയുടെ കിക്ക് സേവ് ചെയ്തതും മറ്റൊരു താരം സൗള്‍ നിഗ്വസിന്റെ പെനാല്‍റ്റി പോസ്റ്റിലിടിച്ചതുമാണ് റയലിന് വിജയമൊരുക്കിയത്. സര്‍ജിയോ റാമോസ് ആണ് റയലിന്റെ വിജയ പെനാല്‍റ്റി നേടിയത്. ഈ സീസണില്‍ റയലിന്റെ ആദ്യ കിരീടമാണിത്. ലാലീഗയും ചാമ്പ്യന്‍സ് ലീഗുമാണ് ഇനി റയലിന് മുമ്പിലുള്ളത്.

115-ാം മിനിറ്റില്‍ അത്‌ലറ്റികോ താരം ആല്‍വാരോ മൊറാട്ടോയെ പെനാല്‍റ്റി ബോക്‌സിനു തൊട്ടു മുമ്പില്‍ വെച്ച് കാലുവച്ചു വീഴ്ത്തിയ മിഡ്ഫീല്‍ഡര്‍ ഫെഡറികോ വല്‍വാര്‍ഡെയുടെ നീക്കമാണ് കളിയില്‍ നിര്‍ണായകമായത്. ഈ ഫൗളിന് വെല്‍വാര്‍ഡെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെയാണ് മൊറാട്ടോയെ വീഴ്ത്തിയത്.

കോച്ച് സിനദിന്‍ സിദാന്റെ കീഴില്‍ റയല്‍ നേടുന്ന പത്താമത്തെ കിരീടമാണിത്. കഴിഞ്ഞ പത്തു ഫൈനലുകളില്‍ പത്തിലും റയല്‍ വിജയിച്ചിട്ടുണ്ട്.

Read More >>